Connect with us

Editorial

ഗൂഢ നീക്കം തിരിച്ചറിയണം

Published

|

Last Updated

പുതിയ മദ്യ നയം സംസ്ഥാനത്ത് സൈ്വര ജീവിതം ആഗ്രഹിക്കുന്ന മുഴുവന്‍ പേരിലും പ്രതീക്ഷയുമര്‍ത്തുന്നതാണ്. സമ്പൂര്‍ണ മദ്യനിരോധത്തിലേക്കുള്ള ധീരമായ ചുവടുവെപ്പുകള്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. വിവിധ കോണില്‍ നിന്ന് ഈ നയം അട്ടിമറിക്കാനുള്ള ശ്രമങ്ങളും സമ്മര്‍ദങ്ങളും തുടരുന്നുണ്ട്. കോടതിയില്‍ നിയമ പോരാട്ടവും നടക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കൂറ്റന്‍ വരുമാനം വേണ്ടെന്ന് വെക്കുന്നത് ഒട്ടും പക്വമല്ലാത്ത സമീപനമാണെന്ന വിമര്‍ശമാണ് പ്രധാനമായും ഉയരുന്നത്. എന്നാല്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ ഒഴിച്ചുള്ള മുഴുവന്‍ മദ്യവില്‍പ്പനശാലകളും പൂട്ടുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഒന്നൊന്നായി പൂട്ടിക്കൊണ്ടിരിക്കുന്നു. ഇനി പുതുതായി ഒരു ഔട്ട്‌ലെറ്റും അനവദിക്കില്ലെന്ന് നിശ്ചയിച്ചിരിക്കുന്നു. പുതിയ നയം പ്രാബല്യത്തില്‍ വന്ന ശേഷം മദ്യ ഉപഭോഗം കുറഞ്ഞില്ലെന്ന് നേരത്തേ പറഞ്ഞ എക്‌സൈസ് മന്ത്രി ഈയിടെ അഭിപ്രായം മാറ്റിയത് ശ്രദ്ധേയമാണ്. ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.55 ലക്ഷം കെയ്‌സുകളുടെ കുറവുണ്ടായെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ലഭ്യത കുറഞ്ഞാല്‍ ഉപഭോഗം കുറയുമെന്ന് തന്നെയാണല്ലോ ഇത് സൂചിപ്പിക്കുന്നത്.
എന്നാല്‍ ഈ മദ്യനയത്തിന്റെ അന്തസ്സത്ത മുഴുവന്‍ കളഞ്ഞു കുളിക്കുന്ന നീക്കം അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. സര്‍ക്കാറിന്റെ ആത്മാര്‍ഥത തന്നെ ചോദ്യം ചെയ്യുന്നതാണ് ആ നീക്കം. സംസ്ഥാനത്തെ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരാന്‍ പോകുന്നുവെന്നതാണ് ആ വാര്‍ത്ത. എക്‌സൈസ് വകുപ്പാണ് ഇത്തരം നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുള്ളത്. മദ്യശാലകള്‍ തുടങ്ങുന്നുതിന് അനുമതി നല്‍കുമ്പോള്‍ തികച്ചും പ്രാദേശികമായ യാഥാര്‍ഥ്യങ്ങളും താത്പര്യങ്ങളും ആശങ്കകളും പരിഗണിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കോര്‍പറേഷനുകളുടെയും ഭരണ സമിതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. സംസ്ഥാനത്ത് ഇനി പഞ്ചനക്ഷത്ര മദ്യശാലകളേ അനുവദിക്കൂ എന്ന നയം നിലനില്‍ക്കെ ഈ പഴുതിലൂടെ കൂടുതല്‍ മദ്യം ഒഴുക്കാനുള്ള നീക്കത്തിന്റെ ഭാഗം മാത്രമാണ് ഈ ഭേദഗതി നിര്‍ദേശം. പുതിയ ഫൈവ് സ്റ്റാര്‍ ബാറുകള്‍ വരുമ്പോള്‍ ഉയരുന്ന ജനകീയ ചെറുത്തുനില്‍പ്പുകള്‍ ഒഴിവാക്കണം. തദ്ദേശ സ്ഥാപനങ്ങളെ നോക്കു കുത്തിയാക്കി ബാറുകള്‍ മുകളില്‍ നിന്ന് കെട്ടിയിറക്കാന്‍ സാധിക്കണം. അതുവഴി മദ്യനിരോധത്തിനായി ഇപ്പോള്‍ എടുത്തിട്ടുള്ള മുഴുവന്‍ നടപടികളും അട്ടിമറിക്കണം. എക്‌സൈസ് വകുപ്പിന്റെ ഒരു ശിപാര്‍ശ മാത്രമായി ഇതിനെ കാണാന്‍ സാധിക്കില്ല. വലിയ അട്ടിമറി ശ്രമങ്ങളുടെ ഭാഗം തന്നെയാണിത്.
ലൈസന്‍സ് നല്‍കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് എക്‌സൈസ് വകുപ്പിന്റെ വാദം. 2012ല്‍ ഈ അധികാരം നല്‍കിയപ്പോള്‍ തന്നെ പഞ്ച നക്ഷത്ര ഹോട്ടലുകളെ ഒഴിവാക്കണമെന്ന ധാരണയുണ്ടായിരുന്നുവെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ബാറുകളും മദ്യശാലകളും തുറക്കുന്നതിന് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ നേരത്തേ എല്‍ ഡി എഫ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അത് പുനഃസ്ഥാപിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് വ്ഗാദാനം നല്‍കിയ യു ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍ ആ വാഗ്ദാനം ബോധപൂര്‍വം മറന്നതായിരുന്നു. മദ്യനിരോധന പ്രവര്‍ത്തകരുടെയും ചില ഘടകകക്ഷികളുടെയും മതസംഘടനകളുടെയും കടുത്ത സമ്മര്‍ദത്തിനൊടുവിലാണ് ഈ വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ തയ്യാറായത്. ആദ്യം ഓര്‍ഡിനന്‍സായും പിന്നീട് നിയമമായും നിലവില്‍ വന്ന വ്യവസ്ഥ ഇപ്പോല്‍ ഭേദഗതി ചെയ്യാന്‍ ശ്രമിക്കുന്നത് ഏത് വിധേനയും ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ പൂട്ടിയതും പൂട്ടാനിരിക്കുന്നതുമായ നിരവധി ബാറുകള്‍ ഫൈവ് സ്റ്റാര്‍ സൗകര്യമൊരുക്കിയെന്ന് കാണിച്ച് തുറക്കാന്‍ അണിയറയില്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. ഈ ഗൂഢ തന്ത്രത്തിന് ഒരേയൊരു തടസ്സം തദ്ദേശ സ്ഥാപനങ്ങളാണ്. മദ്യനയം സംബന്ധിച്ച് നടന്ന തര്‍ക്ക വിതര്‍ക്കങ്ങളും നിയമനടപടികളും ജനങ്ങളില്‍ നല്ല അവബോധം സൃഷ്ടിച്ചിട്ടുണ്ട്. ഈ അവബോധത്തെ മറികടന്ന് ബാറുകള്‍ക്ക് അനുമതി നല്‍കാന്‍ ഒരു തദ്ദേശ സ്ഥാപനത്തിനും സാധിക്കില്ലെന്ന് മദ്യ ലോബിക്ക് നന്നായി അറിയാം. അത്‌കൊണ്ട് തന്നെയാണ് പ്രാദേശിക സര്‍ക്കാറുകളെ നിര്‍വീര്യമാക്കാനൊരുങ്ങുന്നത്. ഈ മന്ത്രിസഭക്ക് പ്രഖ്യാപിത നയത്തോട് വല്ല ആത്മാര്‍ഥതയുമുണ്ടെങ്കില്‍ എക്‌സൈസ് വകുപ്പിന്റെ ശിപാര്‍ശ ചര്‍ച്ചക്ക് പോലും എടുക്കരുത്. ജനവികാരത്തെ ബന്ദിയാക്കാനുള്ള ഈ ഗൂഢ നീക്കം തകര്‍ക്കാന്‍ മുഴുവന്‍ ജനാധിപത്യ മത സംഘടനകളും തയ്യാറാകണം. മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം.

Latest