Connect with us

National

മദ്യമുക്ത കര്‍ണാടക സാധ്യമാക്കണം: കാന്തപുരം

Published

|

Last Updated

ബീജാപൂര്‍ (കര്‍ണാടക): സമ്പൂര്‍ണ മദ്യനിരോധനം നിലവില്‍കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. “മാനവകുലത്തെ ആദരിക്കുക” എന്ന പ്രമേയത്തി ല്‍ കാന്തപുരം നടത്തുന്ന കര്‍ണാടക യാത്രക്ക് ബീജാപൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സമ്പൂര്‍ണ മദ്യനിരോധനം കര്‍ണാടകയില്‍ നടപ്പിലാക്കുന്നതിന് മുഴുവന്‍ ജനപ്രതിനിധികളും മത, സാംസ്‌കാരിക സംഘടനകളും കൈകോര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ബീജാപൂരിലെ രംഘമന്ദിരം ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ബീജാപൂര്‍ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തന്‍വീര്‍ ഹാശിം അധ്യക്ഷത വഹിച്ചു. ബീജാപൂര്‍ എം എല്‍ എ ഡോ. മഖ്ബൂല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
രാജാആലംകാര്‍ എം എല്‍ എ, ബീജാപൂര്‍ ചര്‍ച്ച് മേലാധികാരി ഫാദര്‍ ആംബ്രൂസ് ഡിസൂസ, സി എം ഇബ്രാഹീം, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞന്നാടി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, സയ്യിദ് ഫാസില്‍ റസ്ദി, ബീജാപൂര്‍ മേയര്‍ സജ്ജാദെ ബിയര്‍ മുസ്‌ലിഫ്, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, ഉമര്‍ സഖാഫി സംസാരിച്ചു.
ബീജാപൂരില്‍ മര്‍കസിന്റെ സഹായത്തോടെ പണികഴിപ്പിച്ച മസ്ജിദ് അല്‍ ഹാശിമി കാന്തപുരം ഉദ്ഘാടനം ചെയ്തു. ബീജാപൂര്‍ അല്‍ അമീന്‍ മെഡിക്കല്‍ കോളജ് കാന്തപുരത്തിന് വമ്പിച്ച സ്വീകരണം നല്‍കി. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. കര്‍ണാടക യാത്രയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുടക്കം കുറിക്കും.
വിവിധ ജനവിഭാഗങ്ങളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് കര്‍ണാടക യാത്രയുടെ ഓരോ സ്വീകരണ സമ്മേളനത്തിലും ലഭിച്ചുവരുന്നത്. പൊതുജന പങ്കാളിത്തത്തോടെ കര്‍ണാടകയുടെ സ്വന്തം യാത്രയായാണ് കാന്തപുരത്തിന്റെ യാത്രയെ ജനങ്ങള്‍ സ്വീകരിച്ചത്. ബാഗല്‍ക്കോട്ടയിലെ സ്വീകരണ സമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് ഖുറ പ്രാര്‍ഥന നടത്തി. ബാഗല്‍ക്കോട്ടയിലെ ഖാളി ഹസ്‌റത്ത് സയ്യിദ് മുഹ്‌യിദ്ദീന്‍ മിസ്‌രി അല്‍ ഖാദിരി അധ്യക്ഷത വഹിച്ചു.
ചടങ്ങ് ബാഗല്‍ക്കോട്ടയുടെ ചുമതലയുള്ള മന്ത്രി എസ് ആര്‍ പാട്ടീല ഉദ്ഘാടനം ചെയ്തു. പരമാനന്ദ സ്വാമി ബാഗല്‍ക്കോട്ട്, ശാഹ് അബ്ദുല്ല ഹസേനി, സിദ്ധരാമയ്യ, ശിവരാജ് എസ് തഗേടകി സംസാരിച്ചു.
വൈകീട്ട് എട്ടിന് ഹുഗ്ഗിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇന്ന് ഹാവേരി ജില്ലയിലെ റാണബന്നൂര്‍, വെള്ളാരി ജില്ലയിലെ ഹൂമിനാടഗള്ളി, ദാവണഗേര എന്നിവിടങ്ങളില്‍ സ്വീകരണ സമ്മേളനങ്ങള്‍ നടക്കും.