Connect with us

International

സീനായിലെ ആക്രമണം: പിന്നില്‍ വിദേശകരങ്ങളെന്ന് ഈജിപ്ത് പ്രസിഡന്റ്

Published

|

Last Updated

കൈറോ: കഴിഞ്ഞ ദിവസം സീനാ പ്രവിശ്യയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ വിദേശ കരങ്ങളുടെ പങ്കുണ്ടെന്ന് ഈജിപ്ത്. ഈജിപ്ത് അതിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി നേരിടുകയാണെന്നും വിദേശത്ത് നിന്ന് ഫണ്ട് ലഭിക്കുന്ന സംഘങ്ങളാണ് 31 സൈനികര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി പറഞ്ഞു. കൊല്ലപ്പെട്ട സൈനികരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സായുധ സംഘങ്ങളെ അടിയോടെ പറിച്ചെറിയുമെന്ന് താന്‍ പ്രതിജ്ഞ ചെയ്യുന്നു. രാജ്യം ഇപ്പോള്‍ സങ്കീര്‍ണമായ ഒരു യുദ്ധത്തിലാണ്. ഈ യുദ്ധം കുറേകാലം നീണ്ടുനില്‍ക്കും. ഈജിപ്തിനെതിരെ വലിയ ഗൂഢാലോചനയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കഴിഞ്ഞ ദിവസം സൈനിക ചെക്‌പോയിന്റിന് നേരെ നടന്ന വ്യത്യസ്ത ചാവേര്‍ ആക്രമണങ്ങളില്‍ സീനാ പ്രവിശ്യയില്‍ 30ലധികം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സീനായില്‍ സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അന്‍സാര്‍ ബൈത്തുല്‍ മഖ്ദിസ് എന്ന സായുധ സംഘമാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് സംശയിക്കപ്പെടുന്നു. 2013ല്‍ ജനകീയ വിപ്ലവത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് മുര്‍സി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഇതിന് ശേഷം രാജ്യത്തെ സൈനികരെ ലക്ഷ്യം വെച്ച് നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ബ്രദര്‍ഹുഡാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സായുധ സംഘമായ ബ്രദര്‍ഹുഡിനെ ഈജിപ്ത് മാസങ്ങള്‍ക്ക് മുമ്പ് ഭീകരസംഘടനായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ആക്രമണങ്ങളെ അപലപിച്ച ബ്രദര്‍ഹുഡ്, മരിച്ച കുടുംബാംഗങ്ങള്‍ക്ക് അനുശോചനമറിയിക്കുകയും ഇതിന് പിന്നില്‍ തങ്ങളാണെന്ന സര്‍ക്കാറിന്റെ വാദത്തെ തള്ളിക്കളയുകയും ചെയ്തു.

Latest