Connect with us

Kerala

എം എ യൂസുഫലി ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരന്‍

Published

|

Last Updated

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക ദുബൈയിലെ അറേബ്യന്‍ ബസിനസ് മാസിക പുറത്തിറക്കി. തുടര്‍ച്ചയായ അഞ്ചാം തവണയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം എ യൂസുഫലി പട്ടികയില്‍ ഒന്നാമതെത്തി. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായും രാജകുടുംബാംഗങ്ങളുമായുമുള്ള വ്യക്തിപരമായ അടുപ്പവും റീട്ടയില്‍ വ്യാപാര മേഖലയിലെ ശക്തമായ സാന്നിധ്യവുമാണ് തുടര്‍ച്ചയായ അഞ്ചാം തവണയും യൂസഫലിക്ക് ഒന്നാം സ്ഥാനം ലഭിക്കാന്‍ കാരണമായത്.
കഴിഞ്ഞ ജൂണില്‍ നടന്ന അബുദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പിലും ഹാട്രിക്കോടെ യൂസഫലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് റീട്ടെയില്‍ സ്ഥാപനങ്ങളിലൊന്നാണ് ലുലു ഗ്രൂപ്പ്. 520 കോടി ഡോളര്‍ വിറ്റുവരവുള്ള ഗ്രൂപ്പ് ബ്രസീലിലും തുര്‍ക്കിയിലും അടുത്ത് തന്നെ റീജ്യനല്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുകയാണ്.
ക ഫോര്‍ബ്‌സ് മാഗസിന്‍ ഈയിടെ പുറത്തിറക്കിയ ആഗോള സമ്പന്നരുടെ പട്ടികയിലും യൂസഫലി ഇടം പിടിച്ചിരുന്നു. ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇഫ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ ഫിറോസ് അല്ലാന മൂന്നാമതും ദുബായിലെ പ്രമുഖ നിയമകാര്യ വിദഗ്ധന്‍ ആശിഷ് മെഹ്ത നാലാം സ്ഥാനത്തും എന്‍ എം സി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി ആര്‍ ഷെട്ടി പട്ടികയില്‍ അഞ്ചാം സ്ഥാനത്തുമെത്തി. സുലേഖ ഹോസ്പിറ്റല്‍ ഗ്രൂപ്പ് സ്ഥാപകനായ ഡോ. സുലേഖ ദൗദാണ് പട്ടികയില്‍ ഇടം പിടിച്ച ഏക വനിത. 29-ാം സ്ഥാനമാണ് ഇവര്‍ക്കുള്ളത്.

 

Latest