Connect with us

Health

കണ്ണൂര്‍ ജില്ലയിലെ സ്ത്രീകളില്‍ സ്തനാര്‍ബുദം കൂടുന്നു

Published

|

Last Updated

തലശ്ശേരി: കണ്ണൂര്‍ ജില്ലയിലെ സ്ത്രീകളില്‍ ഭീതിജനകമാംവിധം സ്തനാര്‍ബുദം കൂടിവരുന്നു. രോഗം കണ്ടെത്താന്‍ വൈകുന്നതിനാല്‍ മിക്കപ്പോഴും മാറിടത്തിലെ മാംസഭാഗങ്ങള്‍ മുറിച്ചുനീക്കിയാണ് രോഗികളുടെ ജീവന്‍ രക്ഷിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഹോസ്പിറ്റല്‍ ബേസ്ഡ് കാന്‍സര്‍ രജിസ്ട്രി റിപ്പോര്‍ട്ട് പ്രകാരവും ജനസംഖ്യാധിഷ്ഠിത അര്‍ബുദ രജിസ്ട്രിയുടെ കഴിഞ്ഞ ആറ് മാസത്തെ കണക്കെടുപ്പിലും സ്ത്രീകളില്‍ കാണപ്പെടുന്ന അര്‍ബുദത്തില്‍ സ്തനാര്‍ബുദമാണ് മുന്നില്‍ നില്‍ക്കുന്നത്. 2014 മുതല്‍ ആരംഭിച്ച മലബാര്‍ പോപ്പുലേഷന്‍ ബേസ്ഡ് കാന്‍സര്‍ രജിസ്ട്രി (എം പി ബി സി ആര്‍) കണക്കനുസരിച്ച് തൊട്ടടുത്ത കാസര്‍ക്കോട് ജില്ലയേക്കാള്‍ മൂന്നര മടങ്ങ് കൂടുതലാണ് കണ്ണൂര്‍ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം. കാസര്‍ക്കോട് ഇത് 40ല്‍ ഒതുങ്ങിനില്‍ക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ 148 കവിഞ്ഞു. ഇനിയും കൂടാനാണ് സാധ്യത. കേരളത്തിന് പുറത്തുപോയി രോഗ നിര്‍ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യുന്ന രോഗികളുടെ എണ്ണം ഉത്തരകേരളത്തില്‍ കൂടുതലാണ്. അതിനാല്‍ കാന്‍സര്‍ ബാധിതരുടെ കൃത്യമായ കണക്കുകള്‍ നാട്ടില്‍ ഒരിടത്തുമില്ല. നിലവില്‍ ഉത്തരമലബാറിലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, ലബോറട്ടറികള്‍, പാലിയേറ്റീവ് സെന്ററുകള്‍ എന്നിവിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്ന കാന്‍സര്‍ രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് രജിസ്ട്രിയുടെ പ്രവര്‍ത്തനം. പഞ്ചായത്ത് ഓഫീസുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും മരണ വിവരങ്ങളും ശേഖരിക്കും. മറ്റ് പല രോഗങ്ങളും പോലെ അര്‍ബുദ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലാത്തതിനാല്‍ കാന്‍സര്‍ രോഗികളുടെ വ്യക്തമായ വിവരം അന്യമാണ്.
റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, സംസ്ഥാനത്തുള്ള മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് കൂടുതല്‍ കൃത്യമായ റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.
എം സി സിയിലെ രോഗികളുടെയും രോഗവിമുക്തരുടെയും കൂട്ടായ്മകളായ തേജസ്, അമൃതം, സ്പന്ദനം, സഞ്ജീവനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഇന്ന് സ്തനാര്‍ബുദ ദിനവും അതിജീവിച്ചരുടെ സംഗമവും ആചരിക്കുന്നത്.
രാവിലെ പത്തിനാണ് പരിപാടികള്‍. എം സി സിയിലെ ഡോക്ടര്‍മാരും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തിയ സ്തനാര്‍ബുദം” എന്ന പുസ്തക പ്രകാശനവും നടക്കും. സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയില്‍ ചലച്ചിത്ര പിന്നണി ഗായിക സയനോര ഫിലിപ്പ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ അര്‍ബുദ ചാര്‍ട്ട് ഇങ്ങനെ.

Latest