Connect with us

National

ഝാര്‍ഖണ്ഡില്‍ ബി ജെ പി ഒറ്റക്ക് മല്‍സരിക്കും

Published

|

Last Updated

bjp logoറാഞ്ചി: അടുത്ത മാസം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഝാര്‍ഖണ്ഡില്‍ ബി ജെ പി ഒറ്റക്ക് മത്സരിക്കാന്‍ സാധ്യത. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 14 സീറ്റുകളില്‍ 12 എണ്ണത്തിലും ബി ജെ പി ജയിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം ശക്തിയില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ രഘുബാര്‍ ദാസ് ഐ എ എന്‍ എസിനോട് പറഞ്ഞു. ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യം ചേരുമോ എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല. സംസ്ഥാനത്തെ ജനങ്ങള്‍ ബി ജെ പിക്ക് ഒപ്പമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിന്റെ തെളിവാണ്. രഘുബാര്‍ ദാസ് അവകാശപ്പെട്ടു.
2009ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദളുമായി ചേര്‍ന്ന് മത്സരിച്ച് 18 സീറ്റുകളാണ് നേടിയത്. 2000ല്‍ 33 സീറ്റുകള്‍ ലഭിച്ച സ്ഥാനത്താണിത്. 2005ല്‍ 30 സീറ്റുകളേ ലഭിച്ചുള്ളൂ. ഝാര്‍ഖണ്ഡിലെ ബി ജെ പിയില്‍ രണ്ട് ഗ്രൂപ്പുണ്ട്. ഒരു ഗ്രൂപ്പ് ആള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂനിയനു (എ ജെ എസ് യു)മായി സഖ്യത്തിന് ആഗ്രഹിക്കുമ്പോള്‍ മറ്റേത് ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനിച്ചത്.
മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ സംസ്ഥാന അധ്യക്ഷനുമായ രഘുബാര്‍ ദാസ്, സഖ്യം വേണ്ടെന്ന പക്ഷക്കാരനാണ്. മുതിര്‍ന്ന നേതാവായ യശ്വന്ത് സിന്‍ഹയും സഖ്യത്തെ എതിര്‍ക്കുന്നു. ജനങ്ങള്‍ നമുക്ക് ഒപ്പമുള്ളപ്പോള്‍ സഖ്യത്തിന് പോകുന്നതെന്തിന്? യശ്വന്ത് സിന്‍ഹ ഈയടുത്ത് ചോദിച്ചിരുന്നു. മോദി ഫാക്ടര്‍ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 81 സീറ്റുകളില്‍ 55 എണ്ണം നേടണമെന്ന ലക്ഷ്യമാണ് ബി ജെ പി മുന്നോട്ട് വെക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 58 നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി ലീഡ് നിലനിര്‍ത്തിയിരുന്നു. അടുത്ത മാസം 29 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുക.