Connect with us

National

കാന്തപുരത്തിന്റെ കര്‍ണാടക യാത്ര: കര്‍ണാടകയില്‍ 25 വിജ്ഞാന ഗ്രാമങ്ങള്‍ സ്ഥാപിക്കും

Published

|

Last Updated

beekapur neewബീജാപൂര്‍(കര്‍ണാടക): “മാനവകുലത്തെ ആദരിക്കുക” എന്ന പ്രമേയത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കര്‍ണാടക യാത്രയുടെ ആദ്യദിവസം 25 വിജ്ഞാന ഗ്രാമങ്ങള്‍ നിര്‍മിക്കാനുള്ള ബൃഹദ് പദ്ധതി ഉദ്ഘാടനം ചെയ്തു. പത്ത് കോടി ചെലവില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായാണ് വിജ്ഞാന ഗ്രാമങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്.

ബീജാപൂര്‍ അല്‍ അമീന്‍ മെഡിക്കല്‍ കോളജിനടുത്ത് നിര്‍മിക്കുന്ന ജാമിഅ ബദ്‌രിയ്യയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ആദ്യ ഗ്രാമത്തിന്റെ പണി പൂര്‍ത്തിയാകുക. കര്‍ണാടക എസ് എസ് എഫ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചാണ് 25 കേന്ദ്രങ്ങളിലായി ഗ്രാമങ്ങള്‍ പണിയുന്നത്. സ്‌കൂള്‍, മദ്‌റസ, മസ്ജിദ്, മെഡിക്കല്‍ ക്ലിനിക്ക്, ലൈബ്രറി എന്നിവ അടങ്ങുന്നതാണ് ഒരു ഗ്രാമം. വടക്കന്‍ കര്‍ണാടകയിലെ പിന്നാക്കം നില്‍ക്കുന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വേകുന്നതാണ് പദ്ധതി. ഇത്തരം ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും പ്രാഥമിക വിദ്യാലയങ്ങളും തീര്‍ത്തും പരിമിതമാണ്. ഒറ്റപ്പെട്ടു കിടക്കുന്ന നിരവധി സ്ഥലങ്ങളിലെ സാധാരണക്കാര്‍ക്ക് വിജ്ഞാന ഗ്രാമങ്ങള്‍ ഏറെ ഗുണം ചെയ്യും. 25 ഗ്രാമങ്ങള്‍ ഉയരുന്നതോടെ ആയിരക്കണക്കിന് ജനങ്ങള്‍ക്കാണ് കര്‍ണാടക യാത്ര തണലേകുന്നത്.
കര്‍ണാടക യാത്രയുടെ വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ കൂടുതല്‍ ജനകീയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ അനുസരിച്ചുള്ള ബഹുമുഖ പദ്ധതികളാണ് യാത്രയുടെ ഭാഗമായി നടപ്പാക്കുന്നത്. കര്‍ണാടക സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ചും വ്യത്യസ്ത സാമൂഹിക പദ്ധതികള്‍ യാത്രയുടെ ഭാഗമായി നിലവില്‍ വരും.

Latest