Connect with us

Gulf

വരൂ, ജുമൈറ കോര്‍ണീഷിന്റെ പുതിയ സൗന്ദര്യം അനുഭവിക്കൂ

Published

|

Last Updated

1ദുബൈ: ദുബൈയുടെ നവവധുവായി മാറിയ ജുമൈറ കോര്‍ണീഷ് ഇന്ന് തുറക്കുന്നു. 14 കിലോമീറ്ററില്‍ കടല്‍ക്കാറ്റേറ്റ് ഉല്ലസിക്കാനും വ്യായാമത്തിനുമായി നിരവധി സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുബൈ മറീനാ ബീച്ച് റിസോര്‍ട്ട് മുതല്‍ ബുര്‍ജുല്‍ അറബ് ഹോട്ടല്‍വരെ പ്രകൃതിരമണീയവും അത്യാധുനികവുമായ സ്ഥലമാണ് ഒരുക്കിയിരിക്കുന്നത്. ആറു താമസകേന്ദ്രങ്ങളിലെ ജനങ്ങള്‍ക്ക് ഇത് ഗുണകരമാകുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.

അഞ്ചു മീറ്റര്‍ വീതിയില്‍ നടപ്പാത, നാലുമീറ്റര്‍ വീതിയില്‍ വ്യായാമത്തിന് ഇടം, റസ്റ്റോറന്റുകള്‍, പെട്ടിക്കടകള്‍, കടലിന് അഭിമുഖമായി ഇരിപ്പിടങ്ങള്‍ എന്നിവ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്രയും മനോഹരമായ കടലോര ദൃശ്യം മറ്റൊരിടത്തും ലഭ്യമായിരിക്കില്ല. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് ബീച്ചിന്റെ മുഖം മിനുക്കിയത്. ജനങ്ങള്‍ക്ക് ഉല്ലസിക്കാന്‍ വ്യത്യസ്ത സ്ഥലം വേണമെന്ന് ശൈഖ് മുഹമ്മദ് ഉത്തരവിടുകയായിരുന്നു.
വ്യായാമത്തിനായി നടത്തവും ഓട്ടവും ശീലമാക്കാന്‍ ആളുകള്‍ക്ക് കോര്‍ണീഷ് ഉപയോഗപ്പെടുത്താം. വെള്ളമണല്‍ തരികളില്‍ വിശ്രമിക്കാം. ദുബൈ നിവാസികള്‍ക്കും സഞ്ചാരികള്‍ക്കും ഒരേ പോലെ ആകര്‍ഷകമായിരിക്കും കോര്‍ണീഷ്. നീന്തല്‍, തുഴയല്‍ എന്നിവക്കും സൗകര്യങ്ങള്‍ ഉണ്ടാകും.
കോര്‍ണീഷിനെ “ദി വാക്കു”മായും വാട്ടര്‍ കനാലിന്റെ നടപ്പാതകളുമായും ബന്ധിപ്പിക്കുമെന്നും മത്തര്‍ അല്‍ തായര്‍ അറിയിച്ചു. ബിസിനസ് ബേയെയും അറേബ്യന്‍ കടലിനെയും ബന്ധിപ്പിക്കുന്ന ആറു കിലോമീറ്റര്‍ കനാലാണ് പണിയുന്നത്. ഇതിന്റെ ഇരുകരകളിലും വ്യായാമ നടപ്പാതകള്‍ ഉണ്ടാകുമെന്നും മതര്‍ അല്‍ തായര്‍ പറഞ്ഞു.

 

Latest