Connect with us

Wayanad

വിവരാവകാശനിയമം ഉറപ്പുവരുത്തുന്നത് ഭരണത്തിലെ ജനപങ്കാളിത്തവും വിശ്വാസ്യതയും: സെമിനാര്‍

Published

|

Last Updated

വൈത്തിരി: വിവരാവകാശനിയമം ഉറപ്പുവരുത്തുന്നത് ഭരണത്തിലുള്ള ജനപങ്കാളിത്തവും വിശ്വാസ്യതയുമാണെന്ന് സെമിനാര്‍. തലേശേരി നാഷണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബും, കോമണ്‍വെല്‍ത്ത് ഹ്യൂമന്റൈറ്റ്‌സ് ഇനിഷ്യേറ്റീവും സംയുക്തമായാണ് വിവരാവകാശനിയമത്തെ സംബന്ധിച്ച് സെമിനാര്‍ നടത്തിയത്. വിവരാവകാശനിയമത്തെ എങ്ങനെ പ്രതിരോധിക്കാമെന്ന ചിന്തയിലാണ് ഉദ്യോഗസ്ഥരെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത മുന്‍ കേന്ദ്ര ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള പറഞ്ഞു. അതേസമയം ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആക്ടിവിസ്റ്റുകള്‍ കൂടിയായതിനാല്‍ ഇതിനെ പൂര്‍ണമായി അനുകൂലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവരാവകാശനിയമം കുറഞ്ഞ മറുപടി നല്‍കി ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആഭ്യന്തര, വിജിലന്‍സ് അസി. ചീഫ് സെക്രട്ടറി ഡോ. നിവേദിതാ പി ഹരന്‍ പറഞ്ഞു. വിവരാവകാശനിയമത്തേക്കാള്‍ ശക്തിയുള്ള സേവനാവകാശനിയമം എട്ടാമത് നടപ്പിലാക്കിയ സംസ്ഥാനമായിരുന്നു കേരളം. 1060 സേവനങ്ങള്‍ 83 വകുപ്പുകള്‍ മുഖേന ലഭ്യമാക്കുന്ന ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. നിയമം നടപ്പിലാക്കിയിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് ഒരു കേസ് മാത്രമാണ്. ഈ നിയമത്തെ സംബന്ധിച്ച് 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്നതാണ് വാസ്തവമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലി അധ്യക്ഷനായിരുന്നു. എം പി വീരേന്ദ്രകുമാര്‍, കെ വേണു, പി ഷറഫൂദ്ദീന്‍, വെങ്കിടേഷ് നായിക്, ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍, ടോം ജോസ് പഠിഞ്ഞാറേക്കര, അഡ്വ. കെ മൊയ്തീന്‍, വി എ മജീദ്, എം എ ജോസഫ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. രാഷ്ട്രീയപാര്‍ട്ടികളും വിവരാവകാശനിയമവും, വിവരാവകാശ നിയമവും കോടതിവിധികളും, സഹകരണസ്ഥാപനങ്ങളും വിവരാവകാശനിയമവും തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു.

Latest