Connect with us

Wayanad

ലൈസന്‍സില്ലാത്ത കടകള്‍ അടച്ചുപൂട്ടാന്‍ പഞ്ചായത്തിന്റെ ശ്രമം; പ്രതിഷേധവുമായി വ്യാപാരികള്‍

Published

|

Last Updated

മേപ്പാടി: പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മല്‍സ്യ-മാംസ വില്‍പ്പന ശാലകള്‍ അടച്ചുപൂട്ടാനുള്ള പഞ്ചായത്തിന്റെ ശ്രമം വ്യാപാരികള്‍ തടഞ്ഞു. മൂപ്പനാട് പ്രവര്‍ത്തിക്കുന്ന കോഴിക്കടയാണ് ഉദ്യോഗസ്ഥര്‍ ആദ്യം അടപ്പിച്ചത്. തുടര്‍ന്ന് കെ.ബി റോഡിലെ മല്‍സ്യ വില്‍പ്പനക്കാരനും നോട്ടീസ് നല്‍കി. മേപ്പാടി പോളി ടെക്‌നിക്ക് കോളജിന് സമീപം പ്രവര്‍ത്തിക്കുന്ന ന്യൂ ചിക്കന്‍ സ്റ്റാള്‍ അടപ്പിക്കാനുള്ള ശ്രമമാണ് വ്യാപാരികള്‍ സംഘടിച്ചെത്തി തടഞ്ഞത്. ഈ കടക്ക് അടുത്ത മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാന്‍ നിലവില്‍ പഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ട്. എന്നിട്ടും നടപടിയുമായി എത്തിയതാണ് വ്യാപാരികളെ ചൊടിപ്പിച്ചത്. വ്യാപാരികളുടെ പ്രതിരോധം കാരണം ഉദ്യോഗസ്ഥര്‍ക്ക് കടയിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ മടങ്ങി പോവേണ്ടി വന്നു. പഞ്ചായത്തിന്റെ പുതിയ മാര്‍ക്കറ്റിലേക്ക് മുഴുവന്‍ വ്യാപാരവും മാറ്റുന്നതിന്റെ ഭാഗമായിരുന്നു പഞ്ചായത്തിന്റെ നടപടി.