Connect with us

Wayanad

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇ- ടെന്‍ഡര്‍ പരിധി ഉയര്‍ത്തണമെന്ന് ജില്ലാ വികസന സമിതി

Published

|

Last Updated

കല്‍പ്പറ്റ: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 5 ലക്ഷത്തിന് മുകളിലുള്ള പദ്ധതികള്‍ക്ക് ഇ- ടെണ്ടര്‍ വേണമെന്ന പരിധി ഇരുപത്തഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പല പദ്ധതികളും പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിലുള്ളവ ഇ- ടെണ്ടര്‍ ചെയ്യുവാന്‍ കരാറുകാരെ കിട്ടാത്ത സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നത്. പഞ്ചായത്തുകളുടെ സ്പില്‍ ഓവര്‍ പദ്ധതികള്‍ ഒക്‌ടോബര്‍ 31നകം തീര്‍ക്കണമെന്നത് ഡിസംബര്‍ 31 വരെ നീട്ടണമെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അസ്മത്ത് ഇതു സംബന്ധിച്ച് അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. ജില്ലയിലെ പ്രധാന പട്ടണങ്ങളിലെ ജംഗ്ഷനുകളില്‍ നിരന്തരമുണ്ടാകുന്ന റോഡ് നാശം ഒഴിവാക്കാന്‍ റോഡ് നിര്‍മ്മാണത്തിന് ടാറിന് പകരം ഇന്റര്‍ലോക്ക് കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിക്കാന്‍ അടുത്ത ബജറ്റില്‍ പദ്ധതി സമര്‍പ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതരെ യോഗം ചുമതലപ്പെടുത്തി. പ്രധാന പട്ടണങ്ങളിലെ ഫുട്പാത്തുകള്‍ ടൈല്‍ വിരിച്ച് ഭംഗിയാക്കണമെന്നും സംസ്ഥാന പാതകളില്‍ ആവശ്യമുള്ളിടത്തെല്ലാം ഡ്രെയിനേജ് നിര്‍മിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത മന്ത്രി പി.കെ ജയലക്ഷ്മി ആവശ്യപ്പെട്ടു.
ഹൗസിംഗ് ബോര്‍ഡ് കുടിശ്ശികക്കാര്‍ക്ക് ജപ്തി നോട്ടീസ് അയക്കുന്ന നടപടി സര്‍ക്കാരിന്റെ പുതിയൊരു തീരുമാനം വരുന്നതുവരെ മാറ്റി വെക്കണമെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയ്ക്കുള്ള കാര്‍ഷിക സമാശ്വാസ പാക്കേജിന്റെ ഭാഗമായി ജപ്തി നടപടികളും മറ്റും നിര്‍ത്തി വെച്ച സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. ജില്ലയില്‍ നിന്നും പച്ചക്കറി സംഭരിച്ച് വിപണനം ചെയ്യുന്നതിന് അനുവദിച്ച അഞ്ചു കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വയനാട്ടിലെ കര്‍ഷകര്‍ക്ക് തന്നെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും നിലവില്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് കോഴിക്കോട് ജില്ലയില്‍ വിപണനം ചെയ്യുന്നത് പോലെ വയനാട്ടിലും വിപണന സംവിധാനമൊരുക്കണമെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു. ആശിക്കും ഭൂമി ആദിവാസികള്‍ക്ക് എന്ന പദ്ധതിക്ക് കീഴില്‍ ഇതുവരെ ഭൂമി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കുള്ള കുടിശ്ശിക അടിയന്തിരമായി നല്‍കാന്‍ യോഗം അധികൃതരെ ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുക്കുന്നതിനായി നടപ്പ് സാമ്പത്തിക വര്‍ഷം ബജറ്റില്‍ വകയിരുത്തിയതിലും കൂടുതല്‍ തുക ജില്ലയ്ക്ക് ലഭിച്ചതായും ഈ ആവശ്യത്തിന് അടുത്ത ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാനും ജല അതോറിറ്റി അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. എം.എല്‍.എമാരുടെ വികസന നിധിയില്‍ നിന്നുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കുള്ള ഭരണാനുമതി ഒക്‌ടോബര്‍ 30നകം ലഭ്യമാക്കാനും യോഗത്തില്‍ ധാരണയായി. കല്‍പറ്റ നഗരസഭയില്‍ ദേശീയപാതയ്ക്കരികിലെ നടപ്പാതകള്‍ നന്നാക്കാന്‍ ദേശീയ പാത വിഭാഗത്തിന് ഫണ്ടില്ലെങ്കില്‍ നഗരസഭ തന്നെ പ്രവൃത്തികള്‍ ഏറ്റെടുക്കാമെന്നും ഇതിന് അധികൃതര്‍ അനുമതി നല്‍കണമെന്നും നഗരസഭ ചെയര്‍മാന്‍ പി.പി.ആലി ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദും മറ്റ് ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

Latest