Connect with us

Malappuram

വൈകല്യം വഴിമാറും ഇവരുടെ കരവിരുതിന് മുന്നില്‍

Published

|

Last Updated

മലപ്പുറം: ബുദ്ധി വൈകല്യങ്ങള്‍ക്കിടയിലും കരകൗശല വസ്തുക്കളുടെ നിര്‍മാണത്തില്‍ സ്വയംപര്യാപ്തരാവുകയാണ് ഈ വിദ്യാര്‍ഥികള്‍. വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് വൈകല്യങ്ങളുടെ അവശതകള്‍ മാറ്റിവെച്ച് ഇവര്‍ നിര്‍മിച്ചെടുക്കുന്നത്. ജില്ലാ പഞ്ചായത്ത് “പ്രതീക്ഷാ”പദ്ധതിയുടെയും സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ് (എസ് ഐ എം സി) ന്റെയും ആഭിമുഖ്യത്തില്‍ മലപ്പുറം ടൗണ്‍ഹാളില്‍ നടത്തുന്ന “ഇന്‍സ്പയര്‍ പരിപാടിയുടെ ഭാഗമായി നടന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശന സ്റ്റാളിലാണ് ആകര്‍ഷകവും മനോഹരവുമായ ഉത്പന്നങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്.
മെഴുകുതിരികള്‍, പ്ലാസ്റ്റിക്കിലും കടലാസിലും തീര്‍ത്ത പൂക്കള്‍, ഗ്രീറ്റിംഗ് കാര്‍ഡുകള്‍, ചിരട്ടയും അടക്കയും കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, മുള ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍, ഫൈബര്‍ ക്രാഫ്റ്റുകള്‍, പെയിന്റിംഗുകള്‍, ചവിട്ടി, സോപ്പ്, പെനോയില്‍, ചെടിതൈകള്‍ തുടങ്ങി നൂറുകൂട്ടം വസ്തുക്കള്‍ നിര്‍മിച്ചാണ് ഇവര്‍ വൈകല്യത്തെ തോല്‍പിച്ചിരിക്കുന്നത്. എസ് ഐ എം സി തിരുവനന്തപുരം, പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ മുക്കം, മഅ്ദിന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ മേല്‍മുറി, പ്രശാന്തി സ്‌കൂള്‍ കോഴിക്കോട്, ശാന്തി സ്‌പെഷ്യല്‍ സ്‌കൂള്‍ തിരൂര്‍, ആശ്രയ സ്‌പെഷ്യല്‍ സ്‌കൂള്‍ വണ്ടൂര്‍, സൈറണ്‍ സ്‌കൂള്‍ വെള്ളിക്കുളങ്ങര, തുടങ്ങിയ സ്ഥാപനങ്ങളിലെ കുട്ടികളാണ് തങ്ങളുടെ കരവിരുതില്‍ നിര്‍മിച്ചെടുത്ത ഉത്പന്നങ്ങളുമായി പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. പ്രദര്‍ശനത്തോടൊപ്പം വില്‍പനയും നടക്കുന്നുണ്ട്. നിരവധി പേരാണ് ആദ്യ ദിവസം തന്നെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തിയത്. പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം ഇന്നും തുടരും.

 

Latest