Connect with us

Kozhikode

ബൈപാസില്‍ ബസ് സര്‍വീസ് വേണമെന്ന് ജില്ലാ വികസന സമിതിയില്‍ ആവശ്യം

Published

|

Last Updated

കോഴിക്കോട്: രാമനാട്ടുകര പൂളാടിക്കുന്ന് ബൈപ്പാസില്‍ ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. ഇരുവശവും സൈബര്‍ പാര്‍ക്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ രാമനാട്ടുകര മുതല്‍ പൂളാടിക്കുന്ന് വരെ ബസ് സര്‍വീസ് ആരംഭിക്കണമെന്നാണ് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നത്. 

ഈ റൂട്ടില്‍ ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ രാമനാട്ടുകരയില്‍ നിന്ന് സിവില്‍ സ്റ്റേഷനിലും മറ്റുമെത്താന്‍ ഒരു മണിക്കൂര്‍ അധികയാത്ര ചെയ്യേണ്ടതുണ്ടെന്ന് പ്രമേയം അവതിരിപ്പിച്ചുകൊണ്ട് പി ടി എ റഹീം എം എല്‍ എ പറഞ്ഞു.
ദേശീയ പാതയില്‍ കോരപ്പുഴക്കും മൂരാടിനുമിടയില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അമിതവേഗത നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് കെ ദാസന്‍ എം എല്‍ എ ആവശ്യപ്പെട്ടു. സീബ്രാലൈനില്‍ ഹോം ഗാര്‍ഡിനെ നിയോഗിക്കുക, ചെങ്ങോട്ട്കാവില്‍ താത്കാലിക ഡിവൈഡര്‍ സ്ഥാപിക്കുകയും ഓട്ടോ പാര്‍ക്കിംഗ് ക്രമീകരിക്കുകയും ചെയ്യുക, റോഡരികില്‍ മണ്ണിട്ട് ഇരുചക്രവാഹനങ്ങള്‍ക്ക് സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു.
കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ ലിങ്കേജ് ബേങ്ക് സമ്പ്രദായത്തില്‍ എടുക്കുന്ന വായ്പക്ക് നാല് ശതമാനം പലിശ ഈടാക്കണമെന്ന് മറ്റൊരു പ്രമേയത്തില്‍ കെ ദാസന്‍ എം എല്‍ എ ആവശ്യപ്പെട്ടു. നിലവില്‍ 12 ശതമാനം ഈടാക്കുന്നത് കുടുംബശ്രീക്ക് താങ്ങാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ വന്യജീവികള്‍ നടത്തുന്ന കൃഷി നശീകരണത്തിനെതിരെ അടിയന്തര നടപടി വേണമെന്ന് എം ഐ ഷാനവാസ് എം പിയുടെ പ്രതിനിധി മോയന്‍ കൊളക്കാടന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട കുടുംബങ്ങളെ ബി പി എല്‍ ലിസ്റ്റില്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് എം കെ രാഘവന്‍ എം പിയുടെ പ്രതിനിധി എ അരവിന്ദന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കുന്ദമംഗലത്ത് കെട്ടിടംപണി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം കോടതി അവിടേക്ക് മാറ്റുക, റേഷന്‍ കാര്‍ഡുടമകള്‍ക്ക് നനഞ്ഞ പഞ്ചസാര വിതരണം ചെയ്തതിനെകുറിച്ച് അന്വേഷണം നടത്തുക, എല്ലാ ആശുപത്രികളിലും 24 മണിക്കൂറും പേ ബാധക്കെതിരെയുള്ള കുത്തിവെപ്പിന് സൗകര്യം ഏര്‍പ്പെടുത്തുക, കെട്ടിടം പണി പൂര്‍ത്തിയായി ഏഴ്‌വര്‍ഷം കഴിഞ്ഞിട്ടും വെള്ളയിലെ ഫിഷറീസ് വകുപ്പിന്റെ കെട്ടിടത്തിന് കോര്‍പറേഷന്‍ നമ്പര്‍ നല്‍കാത്ത പ്രശ്‌നം അടിയന്തരമായി പരിഹരിക്കുക, താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് 2009 ല്‍ അനുവദിച്ച വാഹനം എത്രയും വേഗം ആശുപത്രിക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. നിയമസഭ മണ്ഡലതലത്തിലുള്ള കുടുംബശ്രീ വിലയിരുത്തല്‍ സമിതി നവംബര്‍ 22 നകം വിളിച്ചുചേര്‍ക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ജില്ലാ കലക്ടര്‍ സി എ ലത അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ പുരുഷന്‍ കടലുണ്ടി, സി കെ നാണു, കെ കുഞ്ഞമ്മത് മാസ്റ്റര്‍, സി മോയിന്‍കുട്ടി, മന്ത്രി ഡോ. എം കെ മുനീറിന്റെ പ്രതിനിധി കെ മൊയ്തീന്‍ കോയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം എ രമേശ് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ജെസ്സി ഹെലന്‍ ഹമീദ് പങ്കെടുത്തു.