Connect with us

Sports

മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് വീണ്ടും മൈതാനത്തേക്ക്

Published

|

Last Updated

കൊല്‍ക്കത്ത: സാമ്പത്തിക ബാധ്യത മൂലം അടച്ചുപൂട്ടാനൊരുങ്ങിയ കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് തീരുമാനം പിന്‍വലിച്ചു. 28ന് ആരംഭിക്കുന്ന ഡ്യൂറന്‍ഡ് കപ്പില്‍ പങ്കെടുക്കുമെന്നും പരിശീലനം ആരംഭിച്ചെന്നും മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് പ്രസിഡന്റ് സുല്‍ത്താന്‍ അഹമ്മദ് അറിയിച്ചു. 123 വര്‍ഷം പഴക്കമുള്ള മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് അടച്ച് പൂട്ടാന്‍ തീരുമാനിച്ച വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഗുണം ചെയ്തു.
ക്ലബ്ബിന്റെ ചരിത്രത്തെയും സാധ്യതകളെയും കുറിച്ച് മാനേജ്‌മെന്റിനും സ്‌പോണ്‍സര്‍മാര്‍ക്കും ശരിക്കും ബോധ്യപ്പെട്ടത് മാധ്യമങ്ങളുടെ ഇടപെടലിലായിരുന്നു. വാര്‍ത്തകളിലൂടെ ക്ലബ്ബിനെ അടുത്തറിഞ്ഞ പലരും സഹായഹസ്തവുമായി രംഗത്തെത്തി. പുതിയ സ്‌പോണ്‍സര്‍ഷിപ് കരാര്‍ സംബന്ധിച്ച് ക്ലബ്ബ് ചര്‍ച്ച നടത്തുകയാണ്. ഒരു കാരണവശാലം പൂട്ടരുതെന്ന സ്‌നേഹനിര്‍ഭരമായ നിര്‍ദേശമാണ് ഫുട്‌ബോള്‍ ലോകം മുഹമ്മദന്‍സ് മാനേജ്‌മെന്റിന് നല്‍കിയത്.
അവസ്ഥ വളരെ മോശമായതോടെയാണ് കടുത്ത നിലപാടിലേക്ക് മാറിയത്. എന്നാലിപ്പോള്‍ സ്ഥിതി മാറി. ധാരാളം സ്‌പോണ്‍സര്‍മാര്‍ മുന്നോട്ടുവന്നിരിക്കുന്നു. ഗോവയില്‍ ഡ്യുറന്‍ഡ് കപ്പ് നിലനിര്‍ത്താന്‍ ഞങ്ങളുണ്ടാകും.
ഐ ലീഗ് രണ്ടാം ഡിവിഷനിലും കലിംഗ കപ്പിലും ഐ എഫ് എ ഷീല്‍ഡിലും മുഹമ്മദന്‍സ് മത്സരിക്കും- – അഹമ്മദ് പറഞ്ഞു. ഫെബ്രുവരിയോടെ സ്വന്തം ഗ്രൗണ്ടിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ക്ലബ്ബ് ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കുമെന്നും അഹമ്മദ് അറിയിച്ചു.

Latest