Connect with us

Articles

അമ്മാവന്‍ പോവാതെ വന്നേന്‍

Published

|

Last Updated

അകന്ന ബന്ധത്തിലുള്ള അമ്മാവന്‍ വീട്ടില്‍ വിരുന്ന് വന്നു. ഭാര്യയും ഭര്‍ത്താവും അയാളെ സന്തോഷത്തോടെ സ്വീകരിച്ചു. കുഴമ്പ് തേച്ച് ചൂടു വെള്ളത്തില്‍ കുളി, നല്ല ഒന്നാന്തരം നോണ്‍ വെജ് ഭക്ഷണം, ഇപ്പോഴത്തെ സീരിയല്‍ പോലെ അഞ്ഞൂറ് എപ്പിസോഡ് കഴിഞ്ഞാലും തീരാത്ത സംഭാഷണം അമ്മാവന്‍ ശരിക്കും ആഘോഷിച്ചു. രണ്ട് ദിവസം കഴിഞ്ഞിട്ടും അമ്മാവന്‍ പോയില്ല. വീട്ടുകാര്‍ക്ക് സഹികെട്ടു. മൂന്നാം ദിവസം അവര്‍ ഒരു വഴി കണ്ടെത്തി. വഴക്കുണ്ടാക്കുക. ഇത് കണ്ട് അമ്മാവന്‍ സ്ഥലം വിട്ടുകൊള്ളും. വാട്ടേന്‍ ഐഡിയ.
രാവിലെ ഭാര്യയും ഭര്‍ത്താവും വഴക്കു തുടങ്ങി. ഭര്‍ത്താവ് ഭാര്യയെ അടിച്ചു. ഭാര്യ കരഞ്ഞു. ഭയങ്കര ശണ്ഠ. ഇത് കേള്‍ക്കേണ്ട താമസം അമ്മാവന്‍ സാധനങ്ങളുമായി വീട് വിട്ടിറങ്ങി. ഭാര്യക്കും ഭര്‍ത്താവിനും സന്തോഷം സഹിക്ക വയ്യാതായി. ഭര്‍ത്താവ് പറഞ്ഞു: ഞാന്‍ കളിയായി അടിച്ചേന്‍. അപ്പോള്‍ ഭാര്യ: ഞാന്‍ നോവാതെ കരഞ്ഞേന്‍. അപ്പോഴതാ വാതില്‍ക്കല്‍ അമ്മാവന്റെ തല. അയാള്‍ പറഞ്ഞു: ഞാന്‍ പോവാതെ വന്നേന്‍!
ഇത് പോലെയാണ് കേന്ദ്ര സര്‍ക്കാറിന്റെയും സ്ഥിതി. മന്‍മോഹന്‍ സിംഗ് എങ്ങനെയെങ്കിലും പോയാല്‍ മതിയെന്നായിരുന്നു നാട്ടുകാരുടെ ഉള്ളിലിരുപ്പ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നു, പെട്രോള്‍ വില നിയന്ത്രണം നീക്കി, കോര്‍പറേറ്റുകളുടെ താത്പര്യത്തിനൊത്ത് ഭരിക്കുന്നു എന്നിങ്ങനെ. എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പൂത്ത അഴിമതി മാത്രം. കല്‍ക്കരി മുതല്‍ ടുജി വരെ…ശരിക്കും നാട് കുളമാക്കിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. കഥയിലെ പോലെ ഈ അമ്മാവന്‍ ഒന്ന് ഇറങ്ങിപ്പോയാല്‍ മതിയെന്നായി.
അപ്പോഴാണ് തിരഞ്ഞെടുപ്പ് ബഹളം തുടങ്ങിയത്. ഫലം വന്നപ്പോള്‍ അമ്മാവന്‍ പോയി. ഇനി നല്ല നാളുകള്‍ വരാന്‍ പോകുന്നുവെന്ന് പറഞ്ഞ് മോദി. നാട്ടുകാര്‍ക്ക് ആശ്വാസമായി. ആദ്യം തന്നെ പ്രതിരോധ വകുപ്പാണ് വിദേശികള്‍ക്ക് തുറന്നു കൊടുത്തത്. പിന്നെ പൊതുമേഖലകള്‍ വില്‍ക്കാനുള്ള പുറപ്പാടിലായി. കോര്‍പ്പറേറ്റുകളെയും കൂട്ടിയായി നടത്തം. ആധാര്‍ വരുന്നു, സബ്‌സിഡി ബേങ്ക് വഴിയാക്കുന്നു. അവസാനമിതാ ഡീസല്‍ വില നിര്‍ണയം എണ്ണക്കമ്പനികള്‍ക്ക് വിട്ടു കൊടുത്തു. ഇനി ഗ്യാസിന്റെ കാര്യവും ഇത് പോലെയാകും. കള്ളപ്പണത്തിന്റെ കാര്യമോ? വെളിപ്പെടുത്താന്‍ പറ്റില്ലെന്ന്! നോക്കണേ ഒരോരോ കളി. പുറത്ത് നിന്ന് എന്തും പറയാം. ഉള്ളില്‍ കയറിയാലാണ് തീക്കളി.
അമ്മാവന്‍ വീണ്ടും വന്നിരിക്കുന്നു എന്ന് പറഞ്ഞത് പോലെയായി. താടിയും കണ്ണടയും അതേ മാതിരി. തലപ്പാവില്ലെന്നേയുള്ളൂ. കൂട്ടയോട്ടം നടത്താന്‍ പോകുകയാണത്രേ.
ആധാറെന്ന് കേട്ടപ്പോള്‍ തന്നെ നാട്ടുകാര്‍ ഓടാനുള്ള തയ്യാറെടുപ്പിലാ. അക്ഷയ കേന്ദ്രത്തിലേക്ക്, പിന്നെ ഗ്യാസുകാരുടെ അടുത്തേക്ക്. സബ്‌സിഡി വന്നോ എന്നറിയാന്‍ വീണ്ടും ബേങ്കിലേക്ക്. ശരിക്കും കൂട്ടയോട്ടം തന്നെയാകുമത്. ഗൗരവാനന്ദന്‍ നെടുവീര്‍പ്പിട്ടു.

 

Latest