Connect with us

Articles

ഈ പ്രക്ഷോഭകര്‍ എന്തിനാണ് കുടചൂടുന്നത്?

Published

|

Last Updated

ഹോംഗ്‌കോംഗ് ഇന്ന് അതിസമ്പന്നമായ ഒരു നഗരം മാത്രമല്ല. വലിയ വാര്‍ത്തകളുടെ കേന്ദ്രമാണ് അത്. ഒരു നഗരത്തിലെ ഒരു പറ്റം മനുഷ്യര്‍ തെരുവില്‍ നടത്തുന്ന, അത്രയൊന്നും ആസൂത്രിതമല്ലാത്ത ഒരു പ്രക്ഷോഭം എന്ത്‌കൊണ്ടാണ് ഇത്ര മാധ്യമ ഇടം കരസ്ഥമാക്കുന്നത്? പാശ്ചാത്യ മാധ്യമങ്ങളില്‍ ഹോംഗ്‌കോംഗില്‍ നിന്നുള്ള മുഴുനീള ചിത്രങ്ങള്‍ നിറഞ്ഞ് കവിയുകയാണ്. ആ പ്രക്ഷോഭത്തിന്റെ പ്രതീകങ്ങള്‍ കൊണ്ടാടപ്പെടുന്നു. ചെറു ചലനങ്ങള്‍ പോലും വാര്‍ത്തയാകുന്നു. വിശകലനങ്ങളില്‍ ഹോംഗ്‌കോംഗിന് വലിയ തലക്കെട്ടുകള്‍ ലഭിക്കുന്നു. ജനാധിപത്യ അഭിവാഞ്ജകളോടുള്ള മാധ്യമങ്ങളുടെ കരുതലല്ല ഈ ആഘോഷത്തിന് പിന്നില്‍. അപ്പുറത്ത് ചൈനയാണ് എന്നത് തന്നെയാണ് മാധ്യമങ്ങളെ ഇത്ര ജാകരൂകരാക്കുന്നത്. അമേരിക്ക നേതൃത്വം നല്‍കുന്ന ശാക്തിക ചേരിയെ എല്ലാ അര്‍ഥത്തിലും വെല്ലുവിളിക്കുന്ന രാജ്യമാണ് ഇന്ന് ചൈന. അത്‌കൊണ്ട് ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യവിരുദ്ധ സമീപനങ്ങളും വലിയ മുഴക്കം കൈവരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം ഉപേക്ഷിച്ച് പോയ ഹോംഗ്‌കോംഗില്‍ അവര്‍ വിതച്ച അസ്വസ്ഥതയാണല്ലോ ഇന്ന് പ്രക്ഷോഭമായി രൂപാന്തരം പ്രാപിക്കുന്നത്. ഇത്തരം വൈരുധ്യങ്ങള്‍ എന്നും പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് വിരുന്നായിരുന്നു. കാശ്മീരിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ആഗോള മാധ്യമ ഭീമന്‍മാര്‍ നല്‍കുന്ന പ്രധാന്യം നോക്കിയാല്‍ ഇത് മനസ്സിലാകും. പക്ഷേ ഹോംഗ്‌കോംഗുകാര്‍ ചോദിക്കുന്നത് സ്വയം നിര്‍ണയാവകാശമായതിനാല്‍ പാശ്ചാത്യരുടെ രാഷ്ട്രീയം തിരിച്ചറിയുമ്പോള്‍ തന്നെ ഈ മനുഷ്യരെ പിന്തുണക്കേണ്ടി വരും. ടിയാനന്‍മെന്‍ സ്‌ക്വയര്‍ ചൈനയിലായതിനാല്‍ പ്രത്യേകിച്ചും.
ഒരു കോടിയില്‍ താഴെ മാത്രമുള്ള, ബഹുസ്വര, ബഹുമത ഹോംഗ്‌കോംഗില്‍ ജനത രണ്ടായി പിളര്‍ന്നിരിക്കുന്നു. ചൈനീസ് സ്വാധീനത്തില്‍ നിന്ന് കുതറി മാറാന്‍ ഏതറ്റം വരെയും പോകണമെന്ന് നിശ്ചയിച്ചവരും അവരെ പിന്തുണക്കുന്നവരുമാണ് ഒരു വിഭാഗം. എന്നാല്‍ ചൈനയുടെ നിയന്ത്രണത്തില്‍ കഴിയുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നവരാണ് മറുപക്ഷം. നഗരത്തിലെ മോംഗ്‌കോക് പോലുള്ള മേഖലയില്‍ റോഡ് ഗതാഗതം താറുമാറായിട്ട് അഞ്ചാഴ്ച പിന്നിട്ടു. വിദ്യാര്‍ഥികളും ഗവേഷകരും കലാകാരന്‍മാരുമൊക്കെ ഉള്‍പ്പെട്ട സംഘം തെരുവ് “ഒക്കുപ്പൈ” ചെയ്യുകയാണ്. ഇടക്കിടക്ക് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കും. ഉടന്‍ പുനഃസംഘടിച്ച് മറ്റൊരു സംഘം തിരിച്ചെത്തും. വലിയ അലോസരമായിട്ടുണ്ട് ഭരണകൂടത്തിന് ഇവര്‍. ജനങ്ങള്‍ ഒരു തീരുമാനമെടുത്താല്‍ അത് ആത്യന്തികമായി മറികടക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് സാധ്യമല്ലെന്ന സന്ദേശം മറ്റേതൊരു പ്രക്ഷോഭത്തെയും പോലെ ഈ സംഘവും തെളിയിക്കുന്നുണ്ട്. “നഗരം കീഴടക്കല്‍” സമരത്തിന്റെ മാതൃക വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ സമരമാണ്. മുല്ലപ്പൂ വിപ്ലവമെന്ന് വിളിക്കപ്പെടുകയും പിന്നീട് പ്രതിവിപ്ലവങ്ങളാല്‍ പാഴാകുകയും ചെയ്ത അറബ് രാഷ്ട്രങ്ങളിലെ ഭരണമാറ്റ പരമ്പരയും അവരെ സ്വാധീനിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമാകാന്‍ വേണ്ടി സ്‌കോട്ട്‌ലാന്‍ഡ് നടത്തിയ ശ്രമങ്ങളും തുടര്‍ന്ന് നടന്ന ഹിതപരിശോധനയും (പരാജയപ്പെട്ടെങ്കിലും) ഹോംഗ്‌കോംഗിലെ പിടിച്ചടക്കല്‍കാര്‍ക്ക് പ്രചോദനമായിട്ടുണ്ട്.
കുടയാണ് അവരുടെ പ്രതീകം. പ്രതിരോധത്തിന്റെയും സംരക്ഷിത ബോധത്തിന്റെയും ഏറ്റവും ലളിതമായ പ്രതീകം എന്ന നിലക്കാണ് ഈ പ്രക്ഷോഭകര്‍ കുട ചൂടുന്നത്. മഹാത്മാഗാന്ധിയുടെ ഉപ്പ് പോലെ , “ഞങ്ങള്‍ 99 ശതമാനം” എന്ന മുദ്രാവാക്യം പോലെ ലളിതവും ധ്വനി സമ്പന്നവുമാണ് ഈ കുട. പോലീസ് കുരുമുളക് പ്രയോഗിക്കുമ്പോള്‍ അവര്‍ കുട കൊണ്ട് പ്രതിരോധിക്കുന്നു. പോലീസ് ജലപീരങ്കി പ്രയോഗിക്കുമ്പോഴും അവര്‍ കുട പിടിക്കുന്നു. കണ്ണീര്‍ വാതക ഷെല്ലുകള്‍ കുടയില്‍ തട്ടി ചിതറുന്നു. ഫ്രീഡം നൗ എന്നതാണ് മുദ്രാവാക്യം. കാത്തിരിക്കാന്‍ വയ്യെന്ന് തന്നെ. ഇത്തവണയില്ലെങ്കില്‍ ഒരിക്കലുമില്ലെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. മഞ്ഞ റിബ്ബണ്‍ കെട്ടിയാണ് പ്രക്ഷോഭകര്‍ തെരുവിലിറങ്ങുന്നത്. ഈയടുത്ത് നടന്ന എല്ലാ ജനകീയ സമരങ്ങളെയും പോലെ ഇവര്‍ക്കും ആശയപ്രചാരണ പ്ലാറ്റ്‌ഫോം ഇന്റര്‍നെറ്റിലെ കൂട്ടായ്മയാണ്.
1984ല്‍ ബ്രിട്ടനും ചൈനയും തമ്മില്‍ ഒപ്പു വെച്ച കരാര്‍ പ്രകാരമാണ് ഹോംഗ്‌കോംഗ് നഗരത്തിന്റെ നിയന്ത്രണം ചൈനക്ക് കൈവന്നത്. ബ്രീട്ടീഷ് കോളനിയായിരുന്ന ഈ പ്രദേശം അങ്ങനെ 1997 മുതല്‍ ചൈനയുടെ റിമോട്ട് ഭരണത്തിലായി. “ഒരു രാജ്യം, രണ്ട് സംവിധാനം ” എന്നതായിരുന്നു തത്വം. അത്പ്രകാരം ഹോംഗ്‌കോംഗിന് വലിയ തോതില്‍ സ്വയംഭരണ അവകാശം നല്‍കി. വിദേശ നയവും പ്രതിരോധവും ഒഴിച്ച് മറ്റെല്ലാ മേഖലയിലും ഹോംഗ്‌കോംഗിന് സ്വയം നിര്‍ണയാവകാശമുണ്ട്. സ്വന്തമായി നിയമ സംഹിതയും അവകാശ രേഖയും ഇവിടെയുണ്ട്. ചൈനീസ് മെയിന്‍ ലാന്‍ഡിനേക്കാള്‍ അഭിപ്രായ സ്വാതന്ത്ര്യവും സംഘം ചേരല്‍ സ്വാതന്ത്ര്യവും തങ്ങള്‍ക്കുണ്ടെന്ന് ഹോംഗ്‌കോംഗുകാര്‍ പറയുന്നു. എന്നാല്‍ ചരട് ചൈനയുടെ കൈയില്‍ തന്നെയാണ്. ഭരണത്തലവനെയും അദ്ദേഹത്തിന്റെ സഹായികളെയും തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം തങ്ങളുടെ വരുതിയിലാക്കിയാണ് ചൈന ഇത് സാധിച്ചെടുത്തത്. ഇപ്പോഴത്തെ ഭരണത്തലവനായ സി വൈ ലിയൂംഗിനെ തിരഞ്ഞെടുത്തത് 1200 അംഗ കൗണ്‍സില്‍ ആണ്. ജനസാമാന്യത്തിന് ഈ ഏര്‍പ്പാടില്‍ ഒരു പങ്കുമില്ലെന്ന് അര്‍ഥം. കൗണ്‍സില്‍ രൂപവത്കരിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിക്കും. കൗണ്‍സില്‍ തീരുമാനിച്ച് നല്‍കിയ പട്ടികയില്‍ തിരുത്തല്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരവുണ്ട്.
ഇനി 2017ലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അത് മുമ്പത്തെപ്പോലെ ആയിരിക്കരുതെന്ന് ആവശ്യപ്പെട്ട് ചെറിയ തോതില്‍ തുടങ്ങിയ പ്രചാരണമാണ് ഇന്ന് വലിയ പ്രക്ഷോഭമായി വളര്‍ന്നിരിക്കുന്നത്. 2017ലെ തിരഞ്ഞെടുപ്പിന്റെ രൂപം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് ഏതാനും മാസം മുമ്പ് പ്രമുഖ നിയമജ്ഞനായ ബെന്നി തായിയുടെയും സാമൂഹിക ശാസ്ത്രജ്ഞന്‍ ചാന്‍ കിന്‍ മാനിന്റെയും നേതൃത്വത്തില്‍ ഒരു അനൗപചാരിക ഹിതപരിശോധന നടത്തി. ഓണ്‍ലൈന്‍ വോട്ടിംഗിന് സൗകര്യമൊരുക്കുകയാണ് ചെയ്തത്. ആയിരങ്ങള്‍ പങ്കെടുത്ത ഹിതപരിശോധന നിയമവിരുദ്ധവും ബാഹ്യ പ്രേരിതവുമെന്ന് വിശേഷിപ്പിച്ച് ചൈനീസ് അധികാരികള്‍ തള്ളിക്കളഞ്ഞു. എന്നാല്‍ വിവിധ കോണില്‍ നിന്ന് ഉയര്‍ന്നു വന്ന മുറവിളികള്‍ പരിഗണിച്ച് പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യമെന്ന് അധികാരികള്‍ പ്രഖ്യാപിക്കേണ്ടി വന്നു. പക്ഷേ ഒരൊറ്റ നിബന്ധന. ചൈനീസ് സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥാനാര്‍ഥികള്‍ തമ്മിലായിരിക്കും മത്സരം.
ചതി വ്യക്തമാണ്. പഴയ കൗണ്‍സില്‍ സമ്പ്രദായം പുതിയ കുപ്പിയില്‍. നിങ്ങള്‍ക്ക് വോട്ട് ചെയ്യാം. പക്ഷേ ആര്‍ക്കെന്ന് ഞങ്ങള്‍ തീരുമാനിക്കും. നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്താലും ഞങ്ങളുടെ ഇഷ്ടക്കാര്‍ തന്നെ ഭരിക്കും. ഈ ചതി തിരിച്ചറിഞ്ഞവരാണ് ഇപ്പോള്‍ തെരുവില്‍ തമ്പടിച്ചിരിക്കുന്നത്. സമ്പൂര്‍ണ ജനാധിപത്യമില്ലാതെ പിന്നോട്ടില്ലെന്ന ദൃഢ നിശ്ചത്തിലാണ് അവര്‍. തുടക്കത്തില്‍ അവഗണിച്ച ഭരണകൂടം ഒടുവിലിപ്പോള്‍ ചര്‍ച്ചക്ക് വിളിച്ചിരിക്കുകയാണ്. കുടയെടുത്തും പ്രതിഷേധക്കാര്‍ ഈ ചര്‍ച്ചാ ക്ഷണത്തെ വന്‍ വിജയമായാണ് കാണുന്നത്. അന്തിമ വിജയം സാധ്യമാണെന്ന് പ്രതീക്ഷ പകരുന്നുവത്രേ ഈ ക്ഷണം. ചര്‍ച്ചയില്‍ കാര്യമായൊന്നും നടന്നില്ല. പ്രക്ഷോഭത്തിന്റെ നിജസ്ഥിതി കാണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന വിവരം കൈമാറുക മാത്രമാണ് സി വൈ ലിയൂംഗ് ചെയ്തത്. ചര്‍ച്ചയില്‍ നിന്ന് പ്രക്ഷോഭക നേതൃത്വം ഇറങ്ങിപ്പോന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ ബുധനാഴ്ച മുതല്‍ തികച്ചും അപ്രതീക്ഷിതമായ ഒരു ധ്രുവീകരണത്തിന് പ്രക്ഷോഭക വേദികള്‍ സാക്ഷ്യം വഹിക്കുകയാണ്. നഗരത്തിലെ വ്യവസായികളും വ്യാപാരികളും സാധാരണ യാത്രക്കാരും അടങ്ങിയ ഒരു സംഘം, പ്രക്ഷോഭകരെ എതിരിടാന്‍ ഇറങ്ങിയിരിക്കുന്നു. അവരില്‍ പലരും ചൈനീസ് പതാകയുമായാണ് വരുന്നത്. ഇവരും പ്രക്ഷോഭകരുമായി അക്ഷരാര്‍ഥത്തില്‍ ഏറ്റുമുട്ടുകയാണ്. വലിയ ക്രമസമാധാന പ്രശ്‌നമായി ഇത് വളരുമെന്നുറപ്പാണ്. എതിര്‍ പ്രക്ഷോഭകരെ ഇളക്കിവിട്ടത് ചൈനീസ് സര്‍ക്കാറാണെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ അത് പൂര്‍ണമായി ശരിയല്ല. കൂറ്റന്‍ വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും ഭൂമികയാണ് ചൈനാ കടലിനടത്തുള്ള ഈ നഗരം. ഇവിടെ കച്ചവടം കഴിഞ്ഞിട്ടേ എന്തുമുള്ളൂ. ഇപ്പോഴത്തെ പ്രതിഷേധവും റോഡ് തടയലും ആശയക്കുഴപ്പങ്ങളും ഈ സാമ്പത്തിക താത്പര്യങ്ങളുടെ കളഴുത്തറുക്കുന്നുവെന്ന വാദം ശക്തമായി വരികയാണ്. സൈലന്റ് മെജോറിറ്റി ഫോര്‍ ഹോംഗ്‌കോംഗ് തുടങ്ങിയ ഗ്രൂപ്പുകള്‍ ഈ വാദവുമായി രംഗത്ത് വന്നിട്ടുണ്ട്. ബിസിനസ് പ്രമുഖരുടെ പിന്തുണ അവര്‍ക്കുണ്ട്. നഗരത്തിന്റെ പേരും പെരുമയും കളഞ്ഞ് കുളിക്കുന്ന ഏര്‍പ്പാടാണ് പ്രക്ഷോഭമെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. തീര്‍ച്ചയായും ഈ പ്രചാരണത്തോടൊപ്പം ബീജിംഗിന്റെ മനസ്സുണ്ട്. ഈ അനൈക്യം പൊലിപ്പിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കുന്നുമുണ്ട്.
ഇതൊക്കെയാണെങ്കിലും സമരം വിജയം കാണുമെന്ന് പ്രതീക്ഷയിലാണ് കുടയേന്തിയവര്‍. രണ്ട് ഉദാഹരണങ്ങളാണ് അവര്‍ ഇതിന് ഉയര്‍ത്തിക്കാണിക്കുന്നത്. 2002ല്‍ ചൈന ആര്‍ട്ടിക്കിള്‍ 23 എന്ന പേരില്‍ ദേശീയ സുരക്ഷാ നിയമം കൊണ്ടു വന്നു. ഹോംഗ്‌കോംഗിന്റെ അധികാരങ്ങള്‍ പലതും കവരുന്നതായിരുന്നു അത്. നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് അന്ന് അരങ്ങേറിയത്. മര്‍ദനവുമായി ഭരണകൂടം അതിന്റെ സ്വഭാവം കാണിച്ചെങ്കിലും ഒടുവില്‍ നിയമം റദ്ദാക്കാന്‍ ചൈന നിര്‍ബന്ധിതമായി. പിന്നെ ഒരു ദേശസ്‌നേഹ പരിശീലന പരിപാടി കൊണ്ടു വന്നിരുന്നു. ഹോംഗ്‌കോംഗുകാരെ കൂടുതല്‍ “ചൈനക്കാരാ”ക്കാന്‍ വേണ്ടിയായിരുന്നു അത്. പ്രതിഷേധ മഴയില്‍ അതും കടലെടുത്തു. അത്‌കൊണ്ട് ഇത്തവണയും ചൈനീസ് സര്‍ക്കാര്‍ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രക്ഷോഭകര്‍. ഭാവിയില്‍ സമരം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് തീരുമാനിക്കാന്‍ സര്‍വേക്ക് മുതിരുകയാണ് അവര്‍.
എന്നാല്‍ അങ്ങനെയങ്ങ് വിട്ടു കൊടുക്കാന്‍ ചൈനക്ക് സാധിക്കില്ല. ഇവിടെ തോറ്റാല്‍ ടിബറ്റിലും സിന്‍ജിയാംഗിലുമൊക്കെ തോല്‍ക്കേണ്ടി വരും. രാജ്യത്താകെ നിരവധി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരും. അടിച്ചമര്‍ത്തിയാലോ അന്താരാഷ്ട്ര പ്രതിച്ഛായ കൂടുതല്‍ വഷളാകുകയും ചെയ്യും. ഒരു കാര്യം ഉറപ്പാണ്. ഇന്നല്ലെങ്കില്‍ നാളെ ഹോംഗ്‌കോംഗുകാര്‍ ചോദിച്ചത് കൊടുക്കാന്‍ ചൈന നിര്‍ബന്ധിതമാകും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest