Connect with us

Editorial

നേതാക്കളുടെ സ്വത്ത് കുതിച്ചുയരുമ്പോള്‍

Published

|

Last Updated

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജാമ്യം ലഭിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത പരപ്പന അഗ്രഹാര ജയിലില്‍നിന്നു പുറത്തു വന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജകീയ വരവേല്‍പ്പാണ് നല്‍കിയത്.”ചെന്നൈയില്‍ വിമാനത്താവളം മുതല്‍ ജയയുടെ വസതിയായ പോയ്‌സ് ഗാര്‍ഡന്‍ വരെയുള്ള വഴിയിലുടനീളം അവരെ സ്വീകരിക്കാനായി പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് കനത്ത മഴ വെക്കാതെ തടിച്ചുകൂടിയത്. ജയയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ച അണികള്‍ പ്രിയനേതാവിന് പിന്തുണ അറിയിക്കുന്ന മുദ്രാവാക്യവും മുഴക്കുകയുണ്ടായി. ബംഗളൂരു കോടതി ജയലളിതക്ക് തടവുശിക്ഷയും പിഴയും വിധിച്ചത് അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കുള്ള കനത്ത താക്കീതായാണ് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. നേതാക്കള്‍ എത്ര ഉന്നതരായാലും നിയമത്തിനതീതരല്ലെന്നതിന്റെ ചൂണ്ടുപലകയായും അതിനെ വ്യാഖ്യാനിക്കപ്പെട്ടു. അണികള്‍ക്ക് പക്ഷേ ഈ തത്വശാസ്ത്രം മനസ്സിലാകാതിരുന്നാല്‍ എന്തു ചെയ്യാന്‍? രാജ്യം കുട്ടിച്ചോറാക്കിയാലും പൊതുഖജനാവ് കൊള്ളയടിച്ചാലും തങ്ങളുടെ നേതാവിനെ കൈവിടാന്‍ അവര്‍ സന്നദ്ധമല്ല.
രാജ്യം ഇന്ന് നേരിടുന്ന എറ്റവും ഗുരുതരമായ വിപത്ത് അഴിമതിയാണ്. തട്ടിപ്പിന്റെയും അഴിമതിയുടേയും പ്രശ്‌നങ്ങളുടേയും നാടായിട്ടാണ് ഇന്ത്യ ഇന്നറിയപ്പെടുന്നത്. രാജ്യത്ത് അധികാര രാഷ്ട്രീയം ഒന്നടങ്കം അഴിമതിയുടെ പിടിയിലാണ്. രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥ സംവിധാനങ്ങളും അഴിമതിയുടെ കുഴലൂത്തുകാരായിത്തീര്‍ന്നതാണ് രാജ്യത്തിന്റെ ഈ ദുര്യോഗത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടാറ്. അധികാര രാഷ്ട്രീയത്തിലെ അഴിമതിയുടെ വിപത്തിനെക്കുറിച്ച ജനങ്ങളുടെ ബോധക്കുറവിനും ഇതില്‍ കാര്യമായ പങ്കുണ്ടെന്നാണ് അഴിമതിക്കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ട ശേഷവും അണികള്‍ അവര്‍ക്ക് നല്‍കുന്ന പിന്തുണയും ആരാധനാ മനോഭാവവും കാണിക്കുന്നത്. അത്തരമൊരു അന്ധമായ രാഷ്ട്രീയ വിധേയത്വ മനോഭാവമാണ് നേതൃത്വം അവരില്‍ വളര്‍ത്തിയെടുത്തത്. ഒരു സാധാരണക്കാരന്‍ ഗത്യന്തരമില്ലാതെ കളവ് നടത്തിയാല്‍ അവനെ കല്ലെറിയാന്‍ മുന്നിലുണ്ടാകുന്നവര്‍ തന്നെയാണ് കോടികളുടെ ക്രമക്കേടുകളും അഴിമതികളും നടത്തുന്ന നേതാക്കളെ പൂമാലയിട്ട് സ്വീകരിക്കാന്‍ ആവേശം കാണിക്കുന്നതെന്നതാണ് വിരോധാഭാസം.
രാഷ്ട്രീയമെന്നാല്‍ രാഷ്ട്രസേവനമെന്നാണ് ഗാന്ധിജിയെയും അബുല്‍ കലാം ആസാദിനെയും നെഹ്‌റുവിനെയും പോലുള്ള മുന്‍കാല നേതാക്കള്‍ പഠിപ്പിച്ചത്. സേവനത്തിനുള്ള ഉപാധിയും രാഷ്ട്ര ത്തിനു വേണ്ടിയുള്ള സമര്‍പ്പണവുമായിരുന്നു അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര. ജീവിതവും സമ്പത്തും നാടിനും ജനങ്ങള്‍ക്കുമായി അവര്‍ മാറ്റിവെച്ചു. ഇന്നത്തെ നേതാക്കളാകട്ടെ കാര്യമായ മുതല്‍മുടക്കില്ലാതെ ലാഭം കൊയ്യാവുന്ന കച്ചവടമായാണ് രാഷ്ട്രീത്തെ കാണുന്നത്. അല്‍പ്പനാളത്തെ അധികാരം മതി ഇന്നത്തെ ജനപ്രതിനിധികള്‍ക്ക് കോടികള്‍ സമ്പാദിക്കാന്‍. നരേന്ദ്രമോദി മന്ത്രിസഭയിലെ ചില അംഗങ്ങളുടെ സ്വത്തുവഹകളില്‍ അഞ്ചു മാസംകൊണ്ട് കോടികളുടെ വര്‍ധനവുണ്ടായതായി സന്നദ്ധ സംഘടനകളായ നാഷനല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും കണ്ടെത്തിയ കാര്യം ഇവിടെ ശ്രദ്ധയമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും പി എം ഒക്കും സമര്‍പ്പിച്ച അവരുടെ സ്വത്തു സംബന്ധിച്ച കണക്കുകളിലുള്ള അന്തരത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. അഴിതിയില്‍ നിന്ന് ഒരു പാര്‍ട്ടിയും നേതൃത്വവും മുക്തമല്ല. അതുകൊണ്ട് തന്നെ ഭരണപക്ഷത്തിന്റെ അഴിമതിക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും പ്രക്ഷോഭങ്ങളും ആത്മാര്‍ഥതയില്ലാത്ത ചില കാട്ടിക്കൂട്ടലുകളില്‍ ഒതുങ്ങുന്നു. അണികള്‍ നേതാക്കളെ അന്ധമായി വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന കാലത്തോളം ഈ പ്രവണത തുടരുക തന്നെ ചെയ്യും. പാര്‍ട്ടി പക്ഷപാതിത്വത്തിന് അതീതമായി അഴിമതിക്കാരായ നേതാക്കളെ കല്ലെറിയാനുള്ള വിവേകവും ആര്‍ജവവും ജനങ്ങളില്‍ വളര്‍ന്നു വന്നെങ്കില്‍ മാത്രമേ അഴിമതിയെന്ന മഹാവിപത്തില്‍ നിന്ന് രാജ്യം മുക്തമാകൂ. ഈ ലക്ഷ്യത്തിലുള്ള ബോധവത്കരണ യജ്ഞവും കൂട്ടായ മുന്നേറ്റവുമാണ് രാജ്യത്തിനിന്നാവശ്യം.

Latest