Connect with us

National

എ സി എന്‍ നമ്പ്യാര്‍ സോവിയറ്റ് ചാരനായിരുന്നെന്ന് രേഖകള്‍

Published

|

Last Updated

ന്യൂഡല്‍ഹി/ ലണ്ടന്‍: നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ അടുത്ത സഹായിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ “പഴയ സുഹൃത്തു”മായിരുന്ന എ സി എന്‍ നമ്പ്യാര്‍ സോവിയറ്റ് ചാരന്‍ ആയിരുന്നെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയുടെ മുന്‍ അംബാസഡറായും എ സി എന്‍ നമ്പ്യാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലണ്ടന്‍ നാഷനല്‍ ആര്‍ക്കൈവ്‌സിലെ രേഖകള്‍ പ്രകാരമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
1924ല്‍ മാധ്യമപ്രവര്‍ത്തകനായി ബെര്‍ലിനിലെത്തിയ നമ്പ്യാര്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് ഗ്രൂപ്പുമായി പ്രവര്‍ത്തിക്കുകയായിരുന്നു. 1929ല്‍ സോവിയറ്റിന്റെ ഔദ്യോഗിക ക്ഷണമനുസരിച്ച് മോസ്‌കോ സന്ദര്‍ശിച്ചു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ നമ്പ്യാര്‍ ജര്‍മനിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. എന്നാല്‍ വൈകാതെ സുഭാഷ് ചന്ദ്രബോസിന്റെ വിശ്വസ്തനായി ബെര്‍ലിനിലേക്ക് തിരിച്ചുവരാന്‍ അനുമതി ലഭിച്ചു. ഫ്രീ ഇന്ത്യാ മൂവ്‌മെന്റിന്റെ യൂറോപ്പിലെ ജര്‍മനി സാമ്പത്തിക സഹായം ലഭിക്കുന്ന നേതാവായി നമ്പ്യാര്‍ നിലകൊണ്ടു. ജപ്പാനിലേക്ക് ബോസ് വന്ന കാലമായിരുന്നു ഇത്. നാസി സഹായിയെന്ന് കണക്കാക്കി 1945 ജൂണില്‍ ഓസ്ട്രിയയില്‍ വെച്ച് നമ്പ്യാര്‍ അറസ്റ്റിലായി. യുദ്ധത്തിന് ശേഷം ബെര്‍ണയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ കൗണ്‍സലറായി. തുടര്‍ന്ന് സ്‌കാന്‍ഡിനേവിയയിലും പശ്ചിമ ജര്‍മനിയിലും അംബാസഡറായി. അവസാനം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ യൂറോപ്പിലെ ലേഖകനായിരുന്നു. വ്യവസായിക രഹസ്യ രേഖകള്‍ ശേഖരിക്കുന്നതിനുള്ള മറയായാണ് ലേഖകനായതെന്ന് പിന്നീട് നമ്പ്യാര്‍ അവകാശപ്പെട്ടതായി രേഖകള്‍ പറയുന്നു.
1920 മുതല്‍ സോവിയറ്റ് ഗ്രുവിന്റെ ഏജന്റായിരുന്നു നമ്പ്യാരെന്ന് 1959ല്‍ മുന്‍ ചാരനായിരുന്ന ഒരാള്‍ വെളിപ്പെടുത്തിയിരുന്നു. ജര്‍മനിയിലും യൂറോപ്പിലെ മറ്റിടങ്ങളിലും നേതാജിയുടെ ആസിദ് ഹിന്ദ് ഫൗജ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടീഷ് രേഖകളില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ജര്‍മന്‍ അന്തര്‍വാഹിനി യു- 234ല്‍ നിന്ന് നേതാജിക്ക് നമ്പ്യാര്‍ അയച്ച കത്തുകളും പുരാവസ്തു ശേഖരത്തിലുണ്ട്. നെഹ്‌റുവുമായി നമ്പ്യാര്‍ക്കുള്ള അടുത്ത ബന്ധവും രേഖകളിലൂടെ മനസ്സാലുകുന്നു. നയതന്ത്ര പ്രതിനിധിയായി നമ്പ്യാര്‍ നിയമിതനായത് ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നിഗമനം. വെള്ളിയാഴ്ചയാണ് ഈ രേഖകള്‍ പ്രസിദ്ധീകരിച്ചത്.

Latest