Connect with us

International

കുറ്റക്കാരിയെന്ന് കണ്ടെത്തിയ വനിതയെ പ്രതിഷേധങ്ങള്‍ക്കിടെ ഇറാന്‍ തൂക്കിലേറ്റി

Published

|

Last Updated

ടെഹ്‌റാന്‍: അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് കൊലപാതക കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ 26കാരിയായ സ്ത്രീയെ ഇറാന്‍ തൂക്കിലേറ്റി. തന്നെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ ആളെയാണ് താന്‍ കൊലപ്പെടുത്തിയതെന്ന് ഈ സ്ത്രീ അവകാശപ്പെട്ടിരുന്നു.
2007ലാണ് റയ്ഹാന ജബ്ബാരി എന്ന സ്ത്രീ അറസ്റ്റിലാകുന്നത്. ഇറാന്‍ രഹസ്യാന്വേഷണ മന്ത്രാലയത്തിലെ ജോലിക്കാരനായ മുര്‍തസ അബ്ദുല്‍ അലി സര്‍ബന്ദിയെയാണ് സ്ത്രീ കൊലപ്പെടുത്തിയിരുന്നത്.
ഇവരെ തൂക്കിലേറ്റിയ വിവരം ടെഹ്‌റാനിലെ ശിക്ഷ നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് നേരത്തെ സോഷ്യല്‍ സൈറ്റുകളില്‍ വന്‍ പ്രചാരണം നടന്നിരുന്നെങ്കിലും സര്‍ക്കാര്‍ ശിക്ഷ നടപ്പാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം റയ്ഹാനയുടെ മാതാവിനെ ഇവരുമായി ഒരു മണിക്കൂര്‍ സംസാരിക്കാന്‍ അധികൃതര്‍ അനുവാദിച്ചിരുന്നു. ഇറാനില്‍ വധശിക്ഷ നടപ്പാക്കുന്നതിന്റെ മുന്നോടിയായി പ്രതിയുമായി സംസാരിക്കാന്‍ കുടുംബക്കാര്‍ക്ക് അനുമതി നല്‍കാറുണ്ട്.
2009ല്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് ഇറാനിലെ ക്രിമിനല്‍ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ തെറ്റായ അന്വേഷണമാണ് നടന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പറയുന്നു. സെപ്തംബര്‍ 30നാണ് ഇവരെ തൂക്കിലേറ്റേണ്ടിയിരുന്നതെങ്കിലും സാങ്കേതിക തടസ്സങ്ങളാല്‍ നീട്ടിവെക്കുകയായിരുന്നു.
തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് കൊല ചെയ്തതെന്നും അന്വേഷണം പൂര്‍ണമായും തെറ്റായിരുന്നുവെന്നും യു എന്‍ മനുഷ്യാവകാശ സംഘടനയിലെ അംഗവും വാദിക്കുന്നു. ഇവരെ തൂക്കിലേറ്റരുതെന്ന് നേരത്തെ ഇറാനിലെ സാമൂഹികപ്രവര്‍ത്തകരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും ആവശ്യപ്പെട്ടിരുന്നു.

Latest