Connect with us

International

മ്യാന്‍മറില്‍ മാധ്യമപ്രവര്‍ത്തകന്‍ കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് മരിച്ചു

Published

|

Last Updated

യാംഗൂണ്‍: മ്യാന്‍മറില്‍ മാധ്യമപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. മ്യാന്‍മറിലെ സംഘര്‍ഷബാധിത പ്രദേശത്ത് നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത കേസിലാണ് ആംഗ് നയിംഗ് എന്ന മാധ്യമപ്രവര്‍ത്തകനെ മ്യാന്‍മര്‍ പോലീസ് തടവില്‍ വെച്ചിരുന്നത്. ഇയാള്‍ കൊല്ലപ്പെട്ട കാര്യം സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. തടവറയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് സൈന്യത്തിന്റെ അവകാശവാദം.
കഴിഞ്ഞ ഒക്‌ടോബര്‍ നാലിനാണ് ഇയാള്‍ സൈന്യത്തെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നതെന്നും ഇയാളെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നും ഒരു പ്രസ്താവനയില്‍ സൈന്യം അവകാശപ്പെട്ടു. പ്രദേശികമായ ഒരു സായുധ സംഘത്തില്‍ ഇയാള്‍ അംഗമായിരുന്നുവെന്നും സൈന്യം പറയുന്നു. സൈനിക നേതൃത്വം അപൂര്‍വമായേ ഇത്തരം പ്രസ്താവനകള്‍ നടത്താറുള്ളൂ.
എന്നാല്‍ സൈന്യത്തിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞ സാമൂഹിക പ്രവര്‍ത്തകരും മാധ്യമങ്ങളും, ഇദ്ദേഹം ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായിരുന്നുവെന്നും സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് നിന്ന് വാര്‍ത്തകള്‍ കണ്ടെത്തുക മാത്രമേ ഇദ്ദേഹം ചെയ്തിട്ടുള്ളുവെന്നും ചൂണ്ടിക്കാട്ടി.
ഇയാള്‍ കൊല്ലപ്പെട്ട ഷ്യൂ വാ ചുംഗ് ഗ്രാമത്തില്‍ തന്നെ ഇദ്ദേഹത്തിന്റെ മൃതദേഹവും മറവ് ചെയ്തതായി സൈന്യം വ്യക്തമാക്കി.
സംഭവത്തില്‍ സൈന്യം പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമല്ലെന്ന് മ്യാന്‍മറിലെ പത്രമാധ്യമ രംഗത്തെ പ്രമുഖര്‍ പറയുന്നു. സൈന്യത്തിന് ഇതുവരെ മൃതദേഹം കാണിച്ചുതരാന്‍ കഴിഞ്ഞിട്ടില്ലെന്നും കൊല്ലപ്പെട്ട് മൂന്നാഴ്ചക്ക് ശേഷമാണ് ഈ വിവരം സൈന്യം പുറത്തുവിടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.