Connect with us

Kerala

ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ്: പഞ്ചായത്തീരാജ് നിയമ ഭേദഗതിക്ക് നീക്കം

Published

|

Last Updated

barതിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമഭേദഗതിക്ക് എക്‌സൈസ് വകുപ്പ് നീക്കം തുടങ്ങി. നിലവില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കാനാണ് നീക്കം. ഇതിനായി കേരള പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് നടപടികള്‍ ആരംഭിക്കുന്നതിന് ധാരണയായി. നിയമഭേദഗതി ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ക്ക് ശേഷം മന്ത്രിസഭയുടെ അനുമതിയോടെയായിരിക്കും തീരുമാനം നടപ്പിലാക്കുക. സംസ്ഥാനത്ത് ബാറുകളും മദ്യശാലകളും തുറക്കുന്നതിന് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ നേരത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ പുനഃസ്ഥാപിക്കുമെന്ന് പ്രധാന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തിയ ശേഷം ആദ്യ മദ്യനയത്തില്‍ ഇതുസംബന്ധിച്ച് ഒരു തീരുമാനവും യു ഡി എഫ് സര്‍ക്കാര്‍ കൈകൊണ്ടിരുന്നില്ല. ഇത് വിവാദമായതോടെ ചില ഘടകകക്ഷികളുടെയും കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് 2012 നവംബറില്‍ 25നാണ് പ്രത്യേക ഓര്‍ഡിനന്‍സിലൂടെ പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ ഭേദഗതി വരുത്തി തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിച്ചത്. പിന്നീട് നിയമസഭ ഈ ഓര്‍ഡിനന്‍സ് നിയമമാക്കുകയായിരുന്നു. നിയമഭേദഗതിയിലൂടെ കൊണ്ടുവന്ന ഈ നിയമമാണ് അട്ടിമറിയിലൂടെ ഇപ്പോള്‍ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

യു ഡി എഫ് സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രകാരം പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമേ ഇനി ലൈസന്‍സ് ലഭിക്കുകയുള്ളൂ എന്നിരിക്കെ പുതിയ ഫൈവ്സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നതിന് ജനകീയ എതിര്‍പ്പ് മറികടക്കാനാണ് പുതിയ നീക്കം. നിലവിലെ സാഹചര്യത്തില്‍ പൂട്ടിയതും പൂട്ടാനിരിക്കുന്നതുമായ ഒട്ടേറെ ബാറുകള്‍ ഫൈവ് സ്റ്റാര്‍ സൗകര്യമൊരുക്കി ലൈസന്‍സ് നേടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ നീക്കത്തിനെതിരെ ജനകീയ എതിര്‍പ്പ് ഉയര്‍ന്നുവരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിയമഭേദഗതിയുള്‍പ്പെടെയുള്ള നീക്കങ്ങളുമായി സര്‍ക്കാറും എക്‌സൈസ് വകുപ്പും മുന്നോട്ട് പോകുന്നത്. പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമത്തിലെ വ്യവസ്ഥകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഇതിന് ന്യായീകരണമായി എക്‌സൈസ് വകുപ്പ് പറയുന്നത്.
പുതിയ സാഹചര്യത്തില്‍ ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്ന് വ്യക്തമായതോടെയാണ് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. വ്യവസ്ഥയില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള നിയമഭേദഗതി നിര്‍ദേശം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. തുടര്‍ന്ന് മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും തുടര്‍ നടപടിക്രമങ്ങളിലേക്ക് കടക്കുക.

Latest