Connect with us

Gulf

ആ ചിത്രശലഭങ്ങളുടെ ഓര്‍മക്ക്

Published

|

Last Updated

Gulf kazhcha sleggവെവ്വേറെ സംഭവങ്ങളിലായി രണ്ടു പെണ്‍കുട്ടികളുടെ മരണം യു എ ഇയെ ഏതാനും ദിവസങ്ങളായി ഉത്കണ്ഠയിലും ദുഃഖത്തിലും ആഴ്ത്തിയിരിക്കുന്നു. ഷാര്‍ജയിലെ ഒരു കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ട പഞ്ചാബ് സ്വദേശി ഹര്‍ജബ് കൗര്‍ (12) അബുദാബിയില്‍ സ്‌കൂള്‍ മിനിബസില്‍ ശ്വാസം മുട്ടിമരിച്ച കണ്ണൂരില്‍ നിന്നുള്ള നിസാ ആലം (നാല്) എന്നിവരാണവര്‍.

ഹര്‍ജബ് കൗര്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനിയാണ്. അജ്മാനിലാണ് താമസം. പതിവായി സ്‌കൂള്‍ ബസില്‍ രാവിലെ സ്‌കൂളിലെത്തുകയും ഉച്ച കഴിഞ്ഞ് അജ്മാനിലേക്ക് മടങ്ങുകയും ചെയ്യാറുണ്ട്. സംഭവ ദിവസം ദുരൂഹമായ ചില കാര്യങ്ങള്‍ നടന്നു.
ഹര്‍ജബ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കയറുന്നതും അജ്മാനിലെ താമസസ്ഥലത്തിനടുത്ത് ഇറങ്ങുന്നതും ബസിന്റെ സി സി ടി വിയില്‍ വ്യക്തം. മകള്‍ വീട്ടിലെത്തിയിട്ടില്ലെന്ന് മാതാവ് സ്‌കൂളധികൃതരെ വിവരം അറിയിച്ചു. അവര്‍ പോലീസില്‍ പരാതിപ്പെട്ടു.
പോലീസ് തിരയുന്നതിനിടയിലാണ് ഷാര്‍ജയിലെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പുറത്ത് എയര്‍ കണ്ടീഷണറിന്റെയും ബാല്‍കണിയുടെയും ഇടയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കാണുന്നത്. ഒറ്റ നോട്ടത്തില്‍, ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വിശദമായ അന്വേഷണം തുടരുന്നു.
ഇതിനിടയില്‍ കണ്ടെത്തിയ വസ്തുതകള്‍ ഇത്രയുമാണ്: ഹര്‍ജബ് അജ്മാനില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോയില്ല. ടാക്‌സിയില്‍ ഷാര്‍ജയിലേക്ക് തിരിച്ചുവന്നു. ടാക്‌സിക്ക് പണം നല്‍കാനില്ലാത്തതിനാല്‍ കമ്മല്‍ ഊരി ഡ്രൈവര്‍ക്കു നല്‍കി. ഡ്രൈവര്‍ വാങ്ങിയില്ല. പെണ്‍കുട്ടി ഒരു മാളിലേക്ക് ഓടിപ്പോവുകയും ചെയ്തു. 1,500 ദിര്‍ഹം കടം വേണമെന്ന് ചിലരെ വിളിച്ച് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. എന്തിനാണ് ഈ പെണ്‍കുട്ടിക്ക് 1,500 ദിര്‍ഹം വേണ്ടിയിരുന്നത്.?
ഇടത്തരം കുടുംബത്തിലെ അംഗമാണ് ഹര്‍ജബ്. സാമ്പത്തിക ബുദ്ധിമുട്ടില്ല. പഠിക്കാന്‍ മോശമല്ല. കായിക രംഗങ്ങളില്‍ താത്പര്യമുണ്ട്. ഫേസ്ബുക്ക് പേജില്‍ കായിക താരങ്ങളുടെ ചിത്രങ്ങളുണ്ട്. അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനെ ഇഷ്ടമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
സ്‌കൂളില്‍ ഒരു ചിത്ര ശലഭത്തെപ്പോലെ പാറിനടന്നിരുന്ന ഒരു കുട്ടി ആത്മഹത്യ ചെയ്യണമെങ്കില്‍ എന്തെങ്കിലും കാരണം വേണ്ടേ? ആര്‍ക്കും ഒരു എത്തും പിടിയും കിട്ടുന്നില്ല. കൂട്ടുകാരില്‍ ചിലരും സ്‌കൂളിലെ ഒരു അധ്യാപികയും താമസിക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. മകള്‍ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് കുട്ടികള്‍ക്ക് വലിയൊരു ലോകം തുറന്നുകിട്ടിയിട്ടുണ്ട്. അവരുടെ ചിന്തകളും പ്രവര്‍ത്തികളും ഏതെല്ലാമോ വഴികളിലൂടെ കറങ്ങിത്തിരിയുന്നു. അതേ സമയം, എല്ലാം രഹസ്യാത്മകവുമാണ്. അത്തരമൊരു ചതിക്കുഴിയില്‍ പെണ്‍കുട്ടി അകപ്പെട്ടിരിക്കുമോ? മരണത്തിനു പിന്നിലെ നിഗൂഢത പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
നിസാ ആലത്തിന്റെ മരണം ഏവരെയും നടുക്കിയിട്ടുണ്ട്. അതിന്റെ ആഘാതത്തില്‍ നിന്ന് ആരും മോചിതരായിട്ടില്ല. യു എ ഇ ഭരണകൂടം ഗൗരവമായാണ് കേസിനെ കാണുന്നത്. കുറ്റമറ്റ അന്വേഷണം നടത്താന്‍ അറ്റോര്‍ണി ജനറല്‍ തന്നെ രംഗത്തുവന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ദൃഢ നിശ്ചയത്തോടെ, വിശദമായ അന്വേഷണമാണ് നടത്തിയത്.
ബസ് ഡ്രൈവര്‍, പരിചാരിക, സ്‌കൂള്‍ നടത്തിപ്പുകാര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ഉടമ എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
നിസാ ആലം സ്‌കൂളിലേക്ക് ബസ് കയറിയതാണ്. ബസില്‍ വെച്ച് ഉറങ്ങിപ്പോയി. ബസ്, സ്‌കൂള്‍ പാര്‍ക്കിംഗില്‍ എത്തിയപ്പോള്‍ മറ്റുകുട്ടികള്‍ ഇറങ്ങി. ബസില്‍ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാതെ ബസ് ഡ്രൈവറും പരിചാരികയും എയര്‍കണ്ടീഷണര്‍ ഓഫ് ചെയ്ത്, വാതില്‍ അടച്ച് സ്ഥലം വിട്ടു. കടുത്തചൂടില്‍ ബസില്‍ ശ്വാസം മുട്ടി കുഞ്ഞ് മരിച്ചു.
ഗള്‍ഫില്‍ ചിലയിടങ്ങളില്‍ മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അപ്പോഴൊക്കെ വ്യാപക ബോധവത്കരണമാണ് അധികൃതര്‍ നടത്തിയത്.
കൈയബദ്ധം സംഭവിക്കുന്നതും തികഞ്ഞകുറ്റമാണ്; വിശേഷിച്ച് സ്‌കൂള്‍ കുട്ടികളെ പരിചരിക്കുന്ന കാര്യത്തില്‍. നിസാ ആലത്തിന്റെ മരണ ശേഷം സ്‌കൂള്‍ ബസ് ഗതാഗതവുമായി ബന്ധപ്പെട്ട് നടുക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സ്‌കൂള്‍ ബസിന് വിദ്യാഭ്യാസാധികൃതരുടെ അനുമതി ഉണ്ടായിരുന്നില്ല. കമ്പനിയുടെ ജീവനക്കാരില്‍ പലരും മതിയായ രേഖകള്‍ ഇല്ലാത്തവരായിരുന്നു.
സ്‌കൂള്‍ ബസ് സര്‍വീസിന് ചില മാനദണ്ഡങ്ങളുണ്ട്. കുട്ടികളുടെ സുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കിയുള്ള നിയമങ്ങളാണത്. അവ ലംഘിക്കുന്ന നിരവധിസ്‌കൂള്‍ ബസ് കമ്പനികളുണ്ടെന്ന് ബോധ്യമായി.
കൊച്ചു കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണ്; സ്വന്തം മക്കള്‍ അല്ലെങ്കില്‍ കൂടി. കുട്ടികള്‍ എത്രമാത്രം സുരക്ഷിതരാണെന്ന് കൂടെക്കൂടെ ഏവരും വിലയിരുത്തേണ്ടത് അനിവാര്യം.
ഇതിനിടയില്‍ മറ്റൊരു ദുരന്തവാര്‍ത്തകൂടി കേട്ടു. അല്‍ ഐനില്‍ നാലുവയസുള്ള സ്വദേശി വിദ്യാര്‍ഥിനി ഫാത്വിമ സ്‌കൂള്‍ ബസിറങ്ങി റോഡു മുറിച്ചുകടക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടു. ഒരു കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഫാത്വിമയെ അല്‍ തവാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
റോഡ് മുറിച്ചുകടക്കുമ്പോള്‍ കുഞ്ഞുങ്ങളെ മുതിര്‍ന്നവര്‍ സഹായിക്കണമെന്നാണ് നിയമം. അത് ബസിലെ അറ്റന്‍ഡറുടെ ഉത്തരവാദിത്തമാണ്. ഇത്തരം അശ്രദ്ധയാണ് വലിയ ദുരന്തത്തിലേക്ക് വാതില്‍ തുറക്കുന്നത്.