Connect with us

National

ജമ്മു കാശ്മീരിലും ജാര്‍ഖണ്ഡിലും തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ 25 ന് നടക്കും. രണ്ടാം ഘട്ടം ഡിസംബര്‍ രണ്ട്, മൂന്നാം ഘട്ടം ഡിസംബര്‍ ഒമ്പത്, നാലാം ഘട്ടം ഡിസംബര്‍ 14, അഞ്ചാം ഘട്ടം ഡിസംബര്‍ 20 എന്നീ തീയതികളിലും നടക്കും. ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 23നാണ്. ഡല്‍ഹിയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതൊടൊപ്പം നടക്കും.
ജമ്മു കാശ്മീരിലെ 87 മണ്ഡലങ്ങളിലും ഝാര്‍ഖണ്ഡിലെ 81 മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ്. ജമ്മുവില്‍ ജനുവരി 19നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്, ഝാര്‍ഖണ്ഡില്‍ ജനുവരി മൂന്നിനും. രണ്ടിടങ്ങളിലും ഇത്തവണ നിഷേധ വോട്ടിന് (നോട്ട) അവസരമുണ്ടായിരിക്കും. സത്യവാങ്മൂലത്തിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണമെന്ന് ഇത്തവണ നിര്‍ബന്ധമുണ്ട്. അല്ലാത്ത പക്ഷം സ്ഥാനാര്‍ഥിയെ അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ജമ്മു കാശ്മീരില്‍ ആറ് വര്‍ഷം മുമ്പ് 2008 ലാണ് അവസാനം തിരഞ്ഞെടുപ്പ് നടന്നത്. ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ നാഷനല്‍ കോണ്‍ഫറന്‍സ് സര്‍ക്കാറാണ് അധികാരത്തില്‍. കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഭരണം. എന്നാല്‍ ജമ്മുവില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം നാഷനല്‍ കോണ്‍ഫറന്‍സ് അടുത്തിടെ പിരിഞ്ഞിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തനിച്ചായിരിക്കും ജമ്മുവില്‍ മത്സരിക്കുക. ആകെ 72.25 ലക്ഷം വോട്ടര്‍മാരുണ്ട്. 87 മണ്ഡലങ്ങളില്‍ ഏഴ് എണ്ണം പട്ടിക ജാതിക്ക് സംവരണം ചെയ്തിട്ടുണ്ട്.
ഝാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്റെ നേതൃത്വത്തില്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ് അധികാരത്തിലിരിക്കുന്നത്. 2009 ലായിരുന്നു ഝാര്‍ഖണ്ഡിലെ അവസാന നിയമസഭാ തിരഞ്ഞെടുപ്പ്. ഇവിടെ 2.07 കോടി വോട്ടര്‍മാരുണ്ട്. മണ്ഡലങ്ങളില്‍ ഒമ്പത് എണ്ണം പട്ടിക ജാതിക്കും 28 എണ്ണം പട്ടിക വര്‍ഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 14 സീറ്റികളില്‍ 12ലും ബി ജെ പിക്കായിരുന്നു ജയം. ഝാര്‍ഖണ്ഡില്‍ 24,648ഉം ജമ്മു കാശ്മീരില്‍ 10,015 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച എം എല്‍ എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ കൃഷ്ണനഗര്‍, മെഹ്‌റോളി, തുഗ്ലക്കാബാദ് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഡിസംബര്‍ 23നാണ് തിരഞ്ഞെടുപ്പ്.
അതിര്‍ത്തി സംസ്ഥാനമായതിനാല്‍ കാശ്മീരിലും മാവോവാദി പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ ഝാര്‍ഖണ്ഡിലും തിരഞ്ഞെടുപ്പിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സേനയെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കും. വെള്ളപ്പൊക്കമുണ്ടായ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ചില കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സും ഈ ആവശ്യമുന്നയിച്ചു. എന്നാല്‍ വെള്ളപ്പൊക്കം തിരഞ്ഞെടുപ്പില്‍ യാതൊരുവിധ ചലനവും സൃഷ്ടിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. കാലാവസ്ഥ, ഉത്സവങ്ങള്‍, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് വോട്ടെടുപ്പ് സമയം ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.