Connect with us

Wayanad

കര്‍ണാടക നദീതടവാസികള്‍ ഓരിഅബ്ബ കൊണ്ടാടി

Published

|

Last Updated

പുല്‍പ്പള്ളി: പരമ്പരാഗത ഉല്‍സാഹതിമിര്‍പ്പോടെ കര്‍ണാടക നദീതട വാസികള്‍ ഓരിഅബ്ബ (മൂരിയബ്ബ) കൊണ്ടാടി.
ബേഡക അഥവാ വേഡ ഗൗഡ എന്നറിയപ്പെടുന്ന വനവാസി വിഭാഗക്കാരുടെ കാര്‍ഷികാനുഷ്ടാനമാണിത്. കബനിക്കരയില്‍ ബൈരക്കുപ്പ ബസവേശ്വര ക്ഷേത്രപരിസരത്ത് വ്രതാനുഷ്ടാനങ്ങളോടെ ആടയാഭരണങ്ങള്‍ അണിയിച്ചൊരുക്കിയ നിരവധി മൂരിക്കുട്ടന്‍മാര്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്തു. ആനമാളം, മച്ചൂര്‍, കടഗദ്ദ തുടങ്ങി വിവധകേന്ദ്രങ്ങളില്‍ നിന്ന് കര്‍ഷകര്‍ കാളയുമായി എത്തിയിരുന്നു.
പട്ടികവര്‍ഗക്കാരായ വേടഗൗഡരുടെ ദീപവലിയാണ് മൂരിയബ്ബ. ഈ ആഘോഷത്തോടെയാണ് കബനിയുടെ കര്‍ണ്ണാടക തീരത്ത് നെല്‍വയലുകളില്‍ കൊയ്യ്ത്തു തുടങ്ങുന്നത്. കന്നുകാലി വളര്‍ത്തലും ക്യഷിയും ജീവിതോപാധിയായി സ്വീകരിച്ച ഗോത്രകാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പാണ് ഈ ഉല്‍്‌സവം.ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിര്‍ബന്ധ മതപരിവര്‍ത്തനം ഭയന്ന് പ്രാണനുംകൊണ്ട് ചിത്രദുര്‍ഗ്ഗയില്‍ നിന്ന് പലായനം ചെയ്യ്ത വേടഗൗഡര്‍ കബനിക്കരയില്‍ എത്തിയതിന്റെ ഓര്‍മ്മ പുതുക്കലാണിതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.കാളകളെ കബനിപുഴയുടെ തീരത്ത് അണിയിച്ച് കബനിയെവണങ്ങി നദിക്കരയില്‍ നാളികേരം ഉടച്ചാണ് കര്‍ഷകര്‍ ഇവയെ ബസവേശ്വര ക്ഷേത്ര മുററത്ത് എത്തിക്കുന്നത്. കബനിയുടെ മറുകരയില്‍ വയനാട്ടില്‍ നെല്‍പ്പാടങ്ങളില്‍ കൊയ്ത്ത് തുടങ്ങുന്നതും മൂരിയബ്ബയോടടുത്ത തുലാം പത്തിനാണ്.
പൂതാടിക്കോട്ട ഭഗവതി ക്ഷേത്തില്‍ പുത്തരി ആഘോഷങ്ങള്‍ക്ക് ചുമതലപ്പെട്ടവര്‍ വയനാട്ടിലെ പട്ടിക വര്‍ഗ്ഗ വിഭഗക്കാരായ കുറുമ്മരാണെന്നതും ശ്രദ്ധേയമാണ്.പുത്തരി ആഘോഷത്തിന് തുലാം 10ന് പാടത്തുനിന്നും നെല്‍ക്കതിര്‍ കൊയ്ത് ക്ഷേത്രത്തിലെത്തിക്കുന്നതും കറുമ്മരാണ്.ഇങ്ങനെ കൊണ്ടു വരുന്ന നെല്‍ക്കതിര്‍ മാലരുപത്തില്‍ കര്‍ഷക ഭവനങ്ങളില്‍ അലങ്കരിയ്ക്കുന്നതിന് കതിരേറ്റ് എന്നുപറയും.കബനികരയിലെ മൂരിയബ്ബയും പുത്തരിയും ഗോത്ര മഹോല്‍സവങ്ങളുടെ കൊടിയേറ്റാമെന്ന് പറയാം.