Connect with us

Wayanad

വനമേഖലകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു

Published

|

Last Updated

തിരുനെല്ലി: വയനാട് വന്യജീവി സങ്കേതത്തിലും നോര്‍ത്ത് വയനാട് വനംഡിവിഷനിലും ഉള്‍പ്പെട്ട വനമേഖലകളില്‍ മാലിന്യനിക്ഷേപം വ്യാപകം.
പാതയോരങ്ങള്‍ നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പേര്യ, ചന്ദനത്തോട്, വരയാല്‍, പാല്‍ച്ചുരം, കാട്ടിക്കുളം മേലെ 54, ഇരുമ്പുപാലം, ബേഗൂര്‍-തോല്‍പ്പെട്ടി റോഡ്, തിരുനെല്ലി റോഡ് എന്നിവിടങ്ങളിലൊക്കെ മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. വിവാഹവീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പോലും ഉപേക്ഷിക്കുന്നതു വനമേഖലയിലാണ്.
ഹോട്ടലുകള്‍, കോഴിക്കടകള്‍, റിസോര്‍ട്ടുകള്‍, അറവുശാലകള്‍, ബാര്‍ബര്‍ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ഇവിടെ തള്ളുന്നു. ചാക്കില്‍ കെട്ടി ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തിക്കുന്ന മാലിന്യങ്ങള്‍ പോലും വനമേഖലയില്‍ തള്ളുകയാണ്.
രാത്രികാലങ്ങളിലാണ് അനധികൃത മാലിന്യനിക്ഷേപം. കഴിഞ്ഞ ദിവസം നായ്ക്കട്ടി പാലത്തിന് സമീപം വിവാഹവീട്ടില്‍ നിന്നുള്ള മാലിന്യങ്ങള്‍ തള്ളി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും കോഴിയിറച്ചിയും പോത്തിറച്ചിയും അടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങളും സസ്യാഹാരികളായ വന്യമൃഗങ്ങള്‍ പോലും തിന്നാന്‍ നിര്‍ബന്ധിതമാവുകയാണ്. പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഉള്ളില്‍ച്ചെന്ന് വന്യമൃഗങ്ങള്‍ മാരകരോഗങ്ങള്‍ക്ക് അടിമപ്പെടുന്നുമുണ്ട്. വനമേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നതു കുറ്റകരമാണെങ്കിലും പലപ്പോഴും ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം ബാര്‍ബര്‍ഷോപ്പുകളില്‍ നിന്നുള്ള തലമുടിയും ബ്ലേഡുമെല്ലാം ഉള്ളില്‍ച്ചെന്ന് ആനയടക്കമുള്ള വന്യമൃഗങ്ങളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. വനത്തില്‍ തള്ളിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ വനംവകുപ്പും നടപടി സ്വീകരിക്കുന്നില്ല. രാപ്പകല്‍ പട്രോളിങ് ശക്തമാക്കി കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിച്ചാല്‍ വനമേഖലയിലെ മാലിന്യനിക്ഷേപത്തിന് അറുതിവരുത്താന്‍ കഴിയുമെന്നു പരിസ്ഥിതി സ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു.
ഗസ്റ്റ് അധ്യാപക നിയമനം
കല്‍പ്പറ്റ: കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ 7034070214.

Latest