Connect with us

Wayanad

കര്‍ണാടക-കേരള അതിര്‍ത്തിയില്‍ വിഷമദ്യ ദുരന്തത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Published

|

Last Updated

കല്‍പ്പറ്റ: കേരളാ-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ വിഷമദ്യ ദുരന്തത്തിന് സാധ്യതയെന്ന് കര്‍ണാടക ഇന്റര്‍ലിജന്‍സ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതായി സൂചന.
കേരളത്തില്‍ ഭൂരിഭാഗം ബാറുകളും നിര്‍ത്ത്‌ലാക്കിയതും ഞായറാഴ്ച സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കിയതും അതിര്‍ത്തി പ്രദേശങ്ങളിലെ മദ്യഷോപ്പുകളില്‍ കുടിയന്മാരുടെ എണ്ണം കൂടിയതും ദുരന്തത്തിന് ആക്കം കൂട്ടിയേക്കുമെന്നും അതിനാല്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. അതിര്‍ത്തി പ്രദേശമായ ബാവലി, മച്ചൂര്‍, ബൈരക്കുപ്പ, ഗുണ്ടല്‍പേട്ട എന്നിവിടങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യം വില്‍പന നടക്കുന്നതായും ഇവിടെ നിന്ന് മദ്യം പുഴ വഴിയും വാഹനത്തിലും കേരളത്തിലേക്ക് കടക്കുന്നതായുംനിലവാരം കുറഞ്ഞ സ്പിരിറ്റ് എത്തിച്ച് നിറം ചേര്‍ത്ത് മദ്യം ഉണ്ടാക്കുന്നതായും സൂചനയുണ്ട്.
കര്‍ണാടര എക്‌സൈസ് വകുപ്പ് അനുവദിച്ച ലൈസന്‍സില്‍ അനുവദിച്ചതിനേക്കാള്‍ മദ്യം കേരളത്തില്‍ അവധിയായ ദിവസങ്ങളിലും മറ്റും ഇവിടെ വില്‍പന നടത്തുന്നുണ്ട്. കൂടാതെ വിവിധ ഗുളികകള്‍ ഉപയോഗിച്ചും മദ്യം ഉണ്ടാക്കുന്നതായും വിലകുറഞ്ഞതും വീര്യം കൂടിയതുമായ മദ്യം ഇവിടങ്ങളില്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. ഇവിടെയുള്ള മദ്യഷാപ്പില്‍ മദ്യപിച്ച് നിയന്ത്രണം വിടുന്നവരുടെ പണവും മറ്റും കൊള്ളയടിക്കുന്നതും പതിവാണ്.
അമിത മദ്യപാനം മൂലം ഷാപ്പിന് മുമ്പില്‍ വീഴുന്നവരെ എടുത്ത് കേരളത്തിന്റെ അതിര്‍ത്തിയില്‍ എത്തിക്കുന്നതിനും ഷാപ്പുകാരന്റെ ആളുകള്‍ റെഡിയാണ്. മച്ചൂര്‍, ഗുണ്ടറ, വെളുത്തൂര്‍,വടക്കന മാളം എന്നീ ഗ്രാമങ്ങളിലെ അതിര്‍ത്തിയില്‍ വനമേഖലയില്‍ കഞ്ചാവ് കൃഷി ചെയ്യുന്നതായും സംശയമുണ്ട്. നിരവധി തവണ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതും ഇവിടെ നിന്നും പിടികൂടിയിരുന്നു. ഇവിടെയും ജാഗ്രത വേണമെന്നും കര്‍ണാടക ഇന്റര്‍ലിജന്‍സ് ശിപാര്‍ശ ചെയ്തിട്ടുണ്ട്.