Connect with us

Wayanad

നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയ ക്ലാസ് നല്‍കിയത് വിവാദമാകുന്നു

Published

|

Last Updated

പനമരം: പനമരം ഗവ. നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയക്ലാസ് നല്‍കിയത് വിവാദമാകുന്നു.
ഇടതുപക്ഷത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ സംഘടനാ ക്ലാസില്‍ പങ്കെടുക്കണമെന്ന നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ തീരുമാനമാണ് വിവാദമായത്. രാഷ്ട്രീയ ക്ലാസെടുത്തത് ഒരുവിഭാഗം വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനും കാരണമായി. ഈ സ്ഥാപനത്തില്‍ മൊത്തം 60 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. രാഷ്ട്രീയമായി പ്രത്യേക അഭിരുചികളില്ലാത്തവരാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും. ഇവിടുത്തെ പ്രിന്‍സിപ്പല്‍ ഇടതുപക്ഷ രാഷ്ട്രീയ സംഘടനയിലെ പ്രധാന പ്രവര്‍ത്തകയായതിനാല്‍ വിദ്യാര്‍ഥികളെ സംഘടനയില്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ക്ലാസുകള്‍ നടത്തുന്നതെന്നതാണ് ആരോപണം. ഇന്നലെ കെ ജി എസ് എന്‍ സംഘടനയിലെ സംസ്ഥാന ട്രഷറര്‍ ക്ലാസെടുക്കാന്‍ വന്നിരുന്നു. ഉച്ചക്ക് മൂന്ന് മണിക്കാണ് പനമരത്തെ നഴ്‌സിംഗ് സ്‌കൂളില്‍ വന്നത്. അഞ്ച് മണി വരെ സാധാരണക്ലാസുണ്ടായിരിക്കെ മൂന്ന് മണിക്ക് രാഷ്ട്രീയക്ലാസെടുക്കാനെത്തിയത് വിദ്യാര്‍ഥികളെയും അമ്പരപ്പിച്ചു.
പഠനസമയങ്ങളില്‍ ഇത്തരം ക്ലാസുകളെടുക്കാന്‍ പാടില്ലെന്നാണ് നിയമമെങ്കിലും പ്രിന്‍സിപ്പല്‍ നേരിട്ട് കത്ത് നല്‍കുകയും, ഫോണില്‍ ബന്ധപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ക്ലാസെടുക്കാനെത്തിയതെന്ന് പറയുന്നു. പഠനസമയത്തെ ഈ ക്ലാസിനെതിരെ സ്ഥാപനത്തിലെ ചില വിദ്യാര്‍ഥികള്‍ അപ്പോള്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രസ്തുത ക്ലാസില്‍ പങ്കെടുക്കാന്‍ പ്രധാനാധ്യാപിക നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പറയുന്നു. കൂടാതെ പൊതുഅവധിയുള്ള ദീപലവി ദിവസം ക്ലാസ് നടത്തിയതും വിവാദമായിരുന്നു. ക്ലാസില്‍ വരാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഭീഷണിയുമുണ്ട്.

 

Latest