Connect with us

Malappuram

പൊന്നാനി നഗരസഭാ സെക്രട്ടറിയെ മുറിയില്‍ പൂട്ടിയിട്ടു

Published

|

Last Updated

പൊന്നാനി: പൊന്നാനി നഗരസഭാ സെക്രട്ടറി വി ജെ കുര്യനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നഗരസഭാ കാര്യാലയത്തിലെ മുറിയില്‍ പൂട്ടിയിട്ടു.
തിരൂര്‍, പൊന്നാനി താലൂക്കുകളെ എളുപ്പമാര്‍ഗ്ഗം ബന്ധിപ്പിക്കുന്ന പളളിക്കടവ് തോണി സര്‍വ്വീസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. രണ്ട് മണിക്കൂര്‍ നീണ്ട ഉപരോധത്തിനൊടുവില്‍ തോണി സര്‍വ്വീസ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന സെക്രട്ടറിയുടെ രേഖാമൂലമുളള ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ ഡി വൈ എഫ് ഐ പൊന്നാനി നഗരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
നിരവധി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ ആശ്രയിക്കുന്ന പളളിക്കടവ് തോണി സര്‍വ്വീസ് ഒരാഴ്ച മുമ്പാണ് നിലച്ചത്. സര്‍വ്വീസ് നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാണിച്ച് നടത്തിപ്പുകാര്‍ പിന്‍വലിയുകയായിരുന്നു. അഴിമുഖത്തെ ജങ്കാര്‍ സര്‍വ്വീസ് മാസങ്ങളായി നടക്കുന്നില്ല. ഇതുമൂലം മറുകര കടക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിക്കേണ്ട സ്ഥിതിയാണ്. പള്ളിക്കടവിലും പടിഞ്ഞാറക്കരയിലും ജലഗതാഗതം നിലച്ച സാഹചര്യത്തില്‍ പരിഹാര നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരവുമായി നഗരസഭാ സെക്രട്ടറിയെ തടഞ്ഞത്.
പ്രതിഷേധ സമരത്തിന് ടി കെ മശ്ഹൂദ്, എം നവാസ്, കെ അസൈനാര്‍, പി സിനിഷാദ്, എ വി ശഫീഖ്, സി മാജിദ് നേതൃത്വം നല്‍കി. എല്‍ ഡി എഫ് കൗണ്‍സിലര്‍മാരായ പി വി ലത്തീഫ്, സിദ്ദിമോന്‍, ബിന്ദു സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നഗരസഭാ സെക്രട്ടറിയുമായും സമരക്കാരുമായും നടത്തിയ മധ്യസ്ഥ ചര്‍ച്ചക്കൊടുവിലാണ് പ്രതിഷേധം അവസാനിച്ചത്.

 

---- facebook comment plugin here -----

Latest