Connect with us

Malappuram

അധ്യാപക നിയമനങ്ങളില്‍ അപാകതകളെന്ന് ആക്ഷേപം

Published

|

Last Updated

കോട്ടക്കല്‍: അധ്യാപക ബേങ്കില്‍ നിന്നും സര്‍ക്കാര്‍ നടത്തിയ നിയമനത്തില്‍ അപാകതകളെന്ന് ആക്ഷേപം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ തസ്തിക നഷ്ടമായ അധ്യാപകരെയാണ് അടിയന്തര ഉത്തരവിലൂടെ പുനര്‍വിന്യസിച്ചത്. ഇതിന് സ്വീകരിച്ച മാനദണ്ഡങ്ങളാണ് ആക്ഷേപങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. കുട്ടികളുടെ എണ്ണമോ അധ്യാപകരുടെ കുറവോ നോക്കാതെയാണ് ഇത് നടത്തിയത്. നിലവില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപകരുള്ള സ്‌കൂളിലേക്ക് തന്നെ വീണ്ടും ഒന്നിലേറെ അധ്യാപകരെ നിയമിച്ചിട്ടുണ്ട്.
500 കുട്ടികളെങ്കിലും നിലവിലുളള എല്‍ പി സ്‌കൂളിലാണ് സ്‌പെഷ്യലിസ്റ്റ് അധ്യാപക തസ്തിക നിലവിലുളളത്. എന്നാല്‍ അഞ്ഞൂറില്‍ താഴെ കുട്ടികളുള്ള സ്‌കൂളില്‍ വരെ രണ്ട് അധ്യാപരെ നിയമിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ സ്‌കൂളുകളിലാണ് ഏറെയും നിയമനമെന്നതും ആക്ഷേപത്തിന് ആക്കം കൂട്ടുന്നു. അതെ സമയം ഒരു സ്‌പെഷ്യലിസ്റ്റ് അധ്യാപകന്റെ സേവനം പോലും ലഭിക്കാത്ത സര്‍ക്കാര്‍ യു പി സ്‌കൂളുകള്‍ ജില്ലയില്‍ നിരവധിയുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമയാണ് നിയമനം എന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിലെ കുട്ടികളെ അവഗണിച്ചാണ് നഗരപ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുള്ളത്. ജില്ലയിലെ പല ഗ്രാമീണ സ്‌കൂളുകളിലും കലാ, കായിക, പ്രവൃത്തി, പരിചയമേഖലകളില്‍ പേരിന് പോലും അധ്യാപകരില്ല.
സര്‍ക്കാര്‍ സ്‌കൂളുകളാവട്ടെ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ കുട്ടികളുണ്ടായിട്ടും അവിടേക്കും അധ്യാപകരെ നിയമിക്കാന്‍ വകുപ്പ് ശ്രദ്ധിക്കാതെയാണ് പുതിയ നിയമനം നടത്തിയത്. പലയിടത്തും അധ്യാപകരെ പി ടി എ കമ്മിറ്റിയും, സര്‍ക്കാറും ദിവസവേതന—നാടിസ്ഥാനത്തില്‍ നിയമിച്ചിരിക്കെയാണ് ഈ അവസ്ഥ.

 

Latest