Connect with us

Kozhikode

കെട്ടിട നിര്‍മാണത്തിന് നിയമ സാധുത: ലോകായുക്ത അന്വേഷിക്കും

Published

|

Last Updated

കോഴിക്കോട: അനധികൃത കെട്ടിട നിര്‍മാണത്തിന് മന്ത്രി എം കെ മുനീര്‍ ഇടപെട്ട് നിയമസാധുത നല്‍കിയത് സംബന്ധിച്ച പരാതിയില്‍ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്.
കോഴിക്കോട് ഉള്ള്യേരിയിലെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട പരാതിയിലാണ് ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ എന്നിവര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഉള്ള്യേരിക്കടുത്ത് പൊയിലിങ്കല്‍ താഴെ, ഒള്ളൂര്‍ ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ നിര്‍മാണത്തെക്കുറിച്ച് രവി ഉള്ള്യേരി നല്‍കിയ പരാതിയിലാണ് ഉത്തരവ്. കണ്ണൂര്‍ ഡി ഐ ജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണ ചുമതല.
മന്ത്രി മുനീര്‍, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങി 12 പേരെ എതിര്‍കക്ഷികളാക്കിയാണ് പരാതി ലഭിച്ചത്. എല്‍ എസ് ജി ഡി ഐ ട്രിബൂണല്‍ അനധികൃതമെന്ന് കണ്ടെത്തിയ കെട്ടിടത്തിന് പഞ്ചായത്ത് രാജ് നിയമങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണത്തിന് മന്ത്രിയും ഓഫീസും വഴിവിട്ട് സഹായം നല്‍കിയതായും നിയമസാധുത നല്‍കാന്‍ മന്ത്രി നേരിട്ടിടപെട്ടുവെന്നുമാണ് പരാതി.
ഉള്ള്യേരി ഗ്രാമപഞ്ചായത്ത് നിര്‍മാണാനുമതി നിഷേധിച്ചകാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണറിപ്പോര്‍ട്ട് അടുത്തമാസം 27 ന്റെ സിറ്റിംഗിള്‍ ലോകായുക്ത പരിഗണിക്കും.