Connect with us

Kozhikode

67 ടണ്‍ മണല്‍ പിടികൂടി

Published

|

Last Updated

താമരശ്ശേരി: പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം പ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്ന പുഴയില്‍ നിന്ന് വാരിക്കൂട്ടിയ 67 ടണ്‍ മണല്‍ പിടികൂടി. ആര്‍ ഡി ഒക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് മണല്‍ ശേഖരം പിടിച്ചെടുത്തത്. ഈങ്ങാപ്പുഴ വില്ലേജില്‍പ്പെട്ട മേലേ കക്കാട് ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ വിവിധയിടങ്ങളിലായാണ് മണല്‍ വാരിക്കൂട്ടിയത്.
താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ശ്രീധരന്‍, അബ്ദുര്‍റഹിമാന്‍, പ്രേമനാഥന്‍, വിനോദ് എന്നിവര്‍ സ്ഥലത്തെത്തി മണല്‍ 48,450 രൂപക്ക് ലേലം ചെയ്ത് വിറ്റു. ഇക്കോടൂറിസം പ്രദേശത്തെ പുഴയില്‍നിന്നുള്ള മണല്‍ വാരലിനെതിരെ വനം വകുപ്പ് നടപടി കര്‍ശനമാക്കിയതോടെയാണ് സംഘം പിന്‍മാറിയത്. വനപ്രദേശത്ത് അതിക്രമിച്ച് കടക്കുകയും മണല്‍ മോഷ്ടിക്കുകയും ചെയ്തതിന് അടുത്തിടെ നാല് പേര്‍ക്കെതിരെ കേസെടുക്കുകയും റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലമ്പൂര്‍കാട് റോഡിലെ ഒന്നാം പാലം മുതലുള്ള പ്രദേശത്താണ് ഇപ്പോള്‍ പ്രധാനമായും മണല്‍കൊള്ള നടക്കുന്നത്. മണലൂറ്റ് കാരണം പുഴയോരം വ്യാപകമായി ഇടിഞ്ഞത് വീടുകള്‍ക്കും പാലത്തിനും ഭീഷണിയായിട്ടുണ്ട്. വനാതിര്‍ത്തിയായതിനാല്‍ പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും നിരീക്ഷണം എത്തിപ്പെടില്ലെന്നതാണ് മണല്‍കൊള്ളക്കാര്‍ക്ക് തുണയാകുന്നത്. മണല്‍കൊള്ള തടയുന്നതിനായി പ്രദേശത്ത് നിരീക്ഷണം നടത്തുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ കെ സുബ്രഹ്മണ്യന്‍ പറഞ്ഞു.

Latest