Connect with us

Kozhikode

അന്യാധീനപ്പെട്ട ഭൂമികള്‍ വീണ്ടെടുക്കാന്‍ നടപടിയില്ല

Published

|

Last Updated

കൊടുവള്ളി: കൊടുവള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അന്യാധീനപ്പെട്ട പുറമ്പോക്ക് ഭൂമികള്‍ വീണ്ടെടുക്കാന്‍ റവന്യൂ – പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നു. പഞ്ചായത്ത്- അതിര്‍ത്തിയില്‍ ഏകദേശം രണ്ട് ഏക്കര്‍ 20 സെന്റിലധികം പുറമ്പോക്കുഭൂമിയുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ കണക്ക്. പൂനൂര്‍ പുഴയോരത്ത് വെണ്ണക്കാട് മുതല്‍ വാവാട് വരെയും ചെറുപുഴയില്‍ തലപ്പെരുമണ്ണ മുതല്‍ കളരാന്തിരി വരെയും പുഴയോരങ്ങളിലും ധാരാളം സെന്റ് പുറമ്പോക്ക് ഭൂമിയുണ്ട്. മാത്രമല്ല പഞ്ചായത്തിലൂടെ കടന്നുപോകുന്ന പാതയോരങ്ങളിലും മലകളിലും കൈതോടുകളുടെ വക്കിലുമായാണ് അധികഭൂമിയുള്ളത്. പുറമ്പോക്ക് ഭൂമികള്‍ പലരും കൈയേറി കൃഷി നടത്തിവരികയാണ്. സര്‍ക്കാറിന് ലഭിക്കേണ്ട പാട്ട നികുതി പോലും കൃത്യമായി ലഭിക്കുന്നുവെന്നുറപ്പാക്കാന്‍ റവന്യൂ വകുപ്പിനാകുന്നില്ല. കൊടുവള്ളി, വാവാട്, പുത്തൂര്‍ വില്ലേജുകളിലായാണധികഭൂമിയും സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ. പി ബി സലിം ജില്ലാ കലക്ടറായിരുന്നപ്പോള്‍ ഡെപ്യൂട്ടി കലക്ടര്‍ ഉപ്പിയുടെ നേതൃത്വത്തില്‍ പൂനൂര്‍ പുഴയോരങ്ങളിലെ ഭൂമികള്‍ സര്‍വെ നടത്തി പുറമ്പോക്ക് ഭൂമികള്‍ കണ്ടെത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികളില്ല. അതിനാല്‍ പഴയ അവസ്ഥയിലേക്ക് തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്.