Connect with us

Sports

എല്‍ ക്ലാസിക്കോ: റയലിന് ജയം

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ എല്‍ക്ലാസികോ പോരില്‍ റയല്‍മാഡ്രിഡ് 3-1ന് ബാഴ്‌സലോണയെ തകര്‍ത്തു. നെയ്മറിന്റെ ഗോളില്‍ മൂന്നാം മിനുട്ടില്‍ ലീഡെടുത്ത ബാഴ്‌സയെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പെപെ, ബെന്‍സിമ എന്നിവരുടെ ഗോളുകളില്‍ റയല്‍ നിഷ്പ്രഭരാക്കി. ലാ ലിഗ സീസണില്‍ ബാഴ്‌സലോണയുടെ വലയില്‍ ആദ്യമായി പന്തെത്തിച്ച് റയല്‍ കിരീടപ്പോരില്‍ സജീവമായി.
ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ബാഴ്‌സക്കായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കിയത് നെയ്മറിന് ഗോളൊരുക്കിക്കൊണ്ട്. സുവാരസിന്റെ ലോംഗ് റേഞ്ച് പാസാണ് നെയ്മര്‍ വലക്കുള്ളിലെത്തിച്ചത്. എന്നാല്‍, നാല്‍പതാം മിനുട്ടില്‍ പീക്വെ പന്ത് കൈകൊണ്ട് തൊട്ടതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയില്‍ ക്രിസ്റ്റ്യാനോ സമനില നേടി. തുടരെ പതിനൊന്നാം മത്സരത്തിലും ഗോളടിച്ച് ക്രിസ്റ്റ്യാനോ മികവറിയിച്ചു. അമ്പത്തൊന്നാം മിനുട്ടില്‍ കോര്‍ണര്‍ കിക്ക് ബോള്‍ ഹെഡറിലൂടെ പെപെ ഗോളാക്കിയപ്പോള്‍ ബാഴ്‌സ ഞെട്ടി. ഷാവിക്ക് പകരം അറുപതാം മിനുട്ടില്‍ പകരമെത്തിയ റാകിറ്റിച്ചിന്റെ ആദ്യ ടച് കോര്‍ണര്‍ കിക്കായിരുന്നു. ആ പന്താകട്ടെ, ഇസ്‌കോയുടെ കാലിലേക്ക്. ഇനിയെസ്റ്റയെ കീഴടക്കി ഇസ്‌കോ കുതിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ ബോക്‌സിന് പുറത്ത് റെഡിയായി നിന്നു. ക്രിസ്റ്റ്യാനോ ബെന്‍സിമക്കും ബെന്‍സിമ റോഡ്രിഗസിനും നല്‍കിയ പാസ് ബെന്‍സിമയിലേക്ക് തന്നെ. ഫസ്റ്റ് ടൈം ഷോട്ടില്‍ ബാഴ്‌സ ഗോളി ബ്രാവോയെ കബളിപ്പിച്ച് പന്ത് വലയില്‍ (3-1). കൗണ്ടര്‍ അറ്റാക്കിംഗിന്റെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ച ഗോളായിരുന്നു ഇത്. അറുപത്തെട്ടാം മിനുട്ടില്‍ സുവാരസിന് പകരം പെഡ്രോയെ കളത്തിലിറക്കി കോച്ച് എന്റിക്വെ പരീക്ഷണത്തിന് മുതിര്‍ന്നു.

 

Latest