Connect with us

National

കാന്തപുരത്തിന്റെ കര്‍ണാടക യാത്രക്ക് പ്രൗഢോജ്ജ്വല തുടക്കം

Published

|

Last Updated

karnataka yathra kanthapuram

ഗുല്‍ബര്‍ഗ(കര്‍ണാടക): അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ കര്‍ണാടക യാത്രക്ക് പ്രൗഢോജ്ജ്വല തുടക്കം. “മാനവകുലത്തെ ആദരിക്കുക” എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന യാത്ര രാത്രി ഒമ്പത് മണിയോടെ കോണ്‍ഗ്രസ് ലോക്‌സഭാ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്ഘാടനം ചെയ്തു. ഗുല്‍ബര്‍ഗയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിശ്വാസികള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
വൈകീട്ട് നാലിന് ഗുല്‍ബര്‍ഗ ഖാജാ ബന്തേവാസ് മഖാം സിയാറത്തോടെയാണ് യാത്രക്ക് തുടക്കമായത്. ഉള്ളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ കുറാ സിയാറത്തിന് നേതൃത്വം നല്‍കി. കര്‍ണാടക യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ബന്ദേനവാസ് സജ്ജാദെ നശീല്‍ സയ്യിദ് ഖുസ്‌റോ അല്‍ ഹുസൈനി അധ്യക്ഷത വഹിച്ചു. മന്ത്രി ഖമറുല്‍ ഇസ്‌ലാം “കാന്തപുരം കാലത്തിന്റെ കാവലാള്‍” ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിച്ചു.
മൗലാനാ മുഫ്തി സ്വാദിഖലി ചിശ്തി മലേഗാവ്, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, കുടക് ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് മുസ്‌ലിയാര്‍ എടപ്പലംസ, ഇഖ്ബാല്‍ അഹമദ് സര്‍ദഗി തുടങ്ങിയ പ്രമുഖ പണ്ഡിതര്‍ സംസാരിച്ചു.
ഈ മാസം 26ന് ബീജാപൂര്‍, ബഗള്‍കോട്ട്, ഹുബ്ലി. 27ന് ഗദാഗ്, ബെല്ലാരി, ധാവനഗരെ. 28ന് ഹാവേരി, ഷിമോഗ, 29ന് ഭട്കല്‍, ഉഡുപ്പി. 30ന് ചിക്കമംഗളൂരു, ഹാസല്‍, തുംകൂര്‍, 31ന് ബാംഗളൂരു. നവംബര്‍ ഒന്നിന് രാംനഗര്‍, മാണ്ഡ്യ, മൈസൂര്‍, മടിക്കേരി എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം യാത്ര നവംബര്‍ രണ്ടിന് മംഗലാപുരത്ത് സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പ, ആഭ്യന്തര മന്ത്രി കെ കെ ജോര്‍ജ്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി, എച്ച് വിശ്വനാഥ്, ഗതാഗത മന്ത്രി രാംലിംഗ റെഡ്ഢി, നിയമ മന്ത്രി ഡി പി ജയചന്ദ്ര തുടങ്ങിയ പ്രമുഖര്‍ പ്രസംഗിക്കും.
നവംബര്‍ രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് മംഗലാപുരം നെഹ്‌റു മൈതാനിയില്‍ സമാപന മഹാ സമ്മേളനം നടക്കും. സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. യേനപ്പോയ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തും. കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ മുഖ്യാതിഥി ആയിരിക്കും. സയ്യിദ് അലി ബാഫഖി, കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഖലീലുല്‍ ബുഖാരി, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, മാണി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍, പേജാര്‍ മഠാധിപതി വിശ്വേശ്വര തീര്‍ഥ ശ്രീ പാഥലു, മംഗലാപുരം ബിഷപ്പ്, മന്ത്രി യു ടി ഖാദര്‍, മന്ത്രി ബിരാമനാഥ റൈ, നളിന്‍ കുമാര്‍ കട്ടീല്‍ എം പി, മൊയ്തീന്‍ ബാവ എം എല്‍ എ, ഉള്ളാള്‍ ദര്‍ഗ പ്രസിഡന്റ് യു എസ് ഹംസ ഹാജി സംബന്ധിക്കും. ഇന്ന് രാവിലെ പതിനൊന്നിന് യാത്രക്ക് ബീജാപൂരില്‍ സ്വീകരണം നല്‍കും. വൈകീട്ട് നാലിന് ബഗല്‍കോട്ട്, രാത്രി ഒമ്പതിന് ഹുബ്ലി എന്നിവിടങ്ങളിലും സ്വീകരണ സമ്മേളനങ്ങള്‍ നടക്കും.

---- facebook comment plugin here -----

Latest