Connect with us

International

ഹോംഗ്‌കോംഗ് പ്രക്ഷോഭം അഞ്ചാഴ്ച പിന്നിട്ടു; പ്രക്ഷോഭകര്‍ ഹിതപരിശോധനക്ക്

Published

|

Last Updated

ഹോംഗ്‌കോംഗ്: ചൈനീസ് നിയന്ത്രണത്തിലുള്ള ഹോംഗ്‌കോംഗ് നഗരത്തില്‍ കൂടുതല്‍ ജനാധിപത്യ അവകാശങ്ങള്‍ ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം അഞ്ചാഴ്ച പിന്നിടുന്നതിനിടെ സര്‍ക്കാര്‍ മുന്നോട്ട് വെച്ച സമവായ നിര്‍ദേശങ്ങളില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ പ്രക്ഷോഭകര്‍ തീരുമാനിച്ചു.
നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ ഗതാഗത ഉപരോധം നടത്തുന്ന പ്രക്ഷോഭകരെ അനുനയിപ്പിക്കാനായി കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളിലാണ് അനൗപചാരിക ഹിതപരിശോധന നടത്തുക. ചൈനീസ് സര്‍ക്കാറും നഗര ഭരണകൂടവും വെച്ച നിര്‍ദേശങ്ങള്‍ പ്രക്ഷോഭക നേതൃത്വം തള്ളിയിരുന്നു. ഇതിനിടെ, റോഡ് ഉപരോധത്തിനെതിരെ നഗരവാസികള്‍ ശക്തമായി പ്രതികരിച്ചതോടെ പ്രക്ഷോഭകര്‍ക്ക് നഗരത്തിന്റെ യഥാര്‍ഥ പ്രാതിനിധ്യം അവകാശപ്പെടാനാകില്ലെന്ന വാദവുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ ജനപിന്തുണ തെളിയിക്കാന്‍ വേണ്ടി കൂടുയാണ് പ്രക്ഷോഭകര്‍ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേക്ക് മുതിരുന്നത്. നാളെയാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടക്കുക. തിങ്കളാഴ്ച ഫലം ക്രോഡീകരിച്ച് സര്‍ക്കാറിന് കൈമാറും.
നഗരം കീഴടക്കല്‍ പ്രക്ഷോഭത്തെ കുറിച്ച് ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ടോ എന്ന കാര്യവും സര്‍വേയില്‍ ആരായും. ഇത്തരമൊരു റിപ്പോര്‍ട്ട് വാങ്ങുന്നത് പ്രശ്‌നം പരിഹരിക്കാനാണെന്ന് കരുതുന്നുണ്ടോ എന്നാണ് പ്രധാനമായും സര്‍വേയില്‍ ചോദിക്കുക. 2017ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഹോംഗ്‌കോംഗിന്റെ പുതിയ ഭരണത്തലവനെ തിരഞ്ഞെടുക്കാന്‍ നേരിട്ട് വോട്ട് ചെയ്യാമെന്ന് ചൈന നേരത്തേ സമ്മതിച്ചിരുന്നു. എന്നാല്‍ ചൈനീസ് അധികാരികള്‍ അംഗീകരിക്കുന്ന ഒരു പാനലില്‍ നിന്നുള്ളവരേ സ്ഥാനാര്‍ഥികളാകാവൂ എന്ന് നിബന്ധന വെച്ചു. ഇത് അംഗീകരിക്കാനാകില്ലെന്നും സമ്പൂര്‍ണ ജനാധിപത്യം വേണമെന്നുമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.
പ്രക്ഷോഭകര്‍ക്ക് ആവേശം പകരുന്ന തരത്തിലാണ് യു എന്നും മറ്റ് അന്താരാഷ്ട്ര സംഘടനകളും പ്രതികരിച്ചിരിക്കുന്നത്. പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും തിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ മനുഷ്യാവകാശം സംരക്ഷിക്കാനുള്ള ബാധ്യത ചൈനക്കുണ്ടെന്നും യു എന്‍ പ്രതികരിച്ചിരുന്നു. സ്വതന്ത്ര നോമിനേഷന്‍ അംഗീകരിക്കാനാകില്ലെന്നും ഹോംഗ്‌കോംഗ് 1997 മുതല്‍ ബ്രിട്ടീഷ് കോളനിയല്ലെന്നും ഇപ്പോഴത്തെ ഭരണത്തലവന്‍ ലിയൂംഗ് ചുന്‍ യിംഗ് പറയുന്നു. ചൈനയുടെ നിയന്ത്രണത്തിലുള്ള ഭരണം ഹോംഗ്‌കോംഗിന് ഗുണമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം വാദിക്കുന്നു.
അതേസമയം സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത് വന്‍ മുന്നേറ്റമാണെന്ന് പ്രക്ഷോഭകര്‍ വിലയിരുത്തുന്നു. എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് വ്യാമോഹമൊന്നുമില്ല. എന്നാല്‍ പ്രക്ഷോഭത്തെ കണ്ടില്ലെന്ന് നടിക്കാന്‍ അധികാരികള്‍ക്ക് സാധിക്കില്ല. ഞങ്ങള്‍ ഹോംഗ്‌കോംഗിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് നാളത്തെ വോട്ട് തെളിയിക്കും- പ്രക്ഷോഭകരിലൊരാള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

 

Latest