Connect with us

National

മഹാരാഷ്ട്രയില്‍ ബി ജെ പി- ശിവസേന പുനര്‍സഖ്യത്തിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി/ മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പിയും ശിവസേനയും പുനര്‍സഖ്യം ഉണ്ടാകുമെന്ന് സൂചന. ഉപമുഖ്യമന്ത്രി സ്ഥാനം അടക്കമുള്ള അടുത്ത സര്‍ക്കാറിലെ പ്രാതിനിധ്യങ്ങളെ സംബന്ധിച്ച് അണിയറ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്‍ ഡി എ സഖ്യത്തിലെ എം പിമാര്‍ക്ക് നല്‍കുന്ന അത്താഴ വിരുന്നിലേക്കാണ് എല്ലാവരുടെയും കണ്ണ്. വിരുന്നിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും. വിരുന്നില്‍ എം പിമാര്‍ പങ്കെടുക്കുമെന്നും ഉദ്ധവ് താക്കറെ പോകില്ലെന്നും ശിവസേന അറിയിച്ചു.
മുംബൈയില്‍ റിലയന്‍സ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനെത്തുന്ന മോദിയുമായി ഇന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. മോദിയുടെ വിരുന്നില്‍ എം പി കൂടിയായ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പെങ്കടുക്കാന്‍ സാധ്യതയില്ല. സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച് 2:1 ഫോര്‍മുലയാണ് ഉണ്ടായതെന്ന് ശിവസേനയിലെ ചില വൃത്തങ്ങള്‍ സൂചന നല്‍കി. എന്നാല്‍ ബി ജെ പി ഇക്കാര്യം പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ചൊവ്വാഴ്ച രാത്രി ശിവസേനയുടെ ഭാഗത്ത് നിന്നാണ് സഖ്യ ചര്‍ച്ച ആരംഭിച്ചത്. സേനാ നേതാക്കളായ സുഭാഷ്, അനില്‍ ദേശായ് എന്നിവര്‍ ഡല്‍ഹിയിലെത്തി ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ബുധനാഴ്ച രാവിലെ ഇതുസംബന്ധിച്ച് ഉദ്ധവ് താക്കറെക്ക് റിപ്പോര്‍ട്ടും നല്‍കി.
25 വര്‍ഷത്തെ സഖ്യം വേര്‍പെടുത്തിയാണ് ബി ജെ പിയും ശിവസേനയും ഇത്തവണ മഹാരാഷ്ട്രയില്‍ മത്സരിച്ചത്. പ്രചാരണത്തിനിടെ ബി ജെ പിക്കും മോദിക്കുമെതിരെ ശിവസേന ആഞ്ഞടിച്ചിരുന്നു. ഇത് മുറിവില്‍ കൂടുതല്‍ എരിവ് പകര്‍ന്നു. ഫലം വന്നപ്പോള്‍ ബി ജെ പിക്ക് 122 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ശിവസേന 63ല്‍ ഒതുങ്ങി.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നാവിസിന് സാധ്യതയേറി. വിദര്‍ഭയിലെ എം എല്‍ എമാര്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗാഡ്കരിക്ക് വേണ്ടി സമ്മര്‍ദം ചെലുത്തിയെങ്കിലും, കഴിഞ്ഞ ദിവസത്തെ ഫട്‌നാവിസിന്റെ സന്ദര്‍ശനത്തിലൂടെ ഇത് പരിഹരിക്കാനായി. ഡല്‍ഹിയില്‍ താന്‍ സന്തുഷ്ടനാണെന്ന് കൂടിക്കാഴ്ചക്കൊടുവില്‍ ഗാഡ്കരി വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചത്തെ എം എല്‍ എമാരുടെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

Latest