Connect with us

Kerala

അടിസ്ഥാന സൗകര്യമില്ലാത്ത മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാകാന്‍ സാധ്യത

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യതയെന്ന് കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍. ഇടുക്കി, മഞ്ചേരി, പാലക്കാട് മെഡിക്കല്‍ കോളജുകള്‍ യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഇപ്പോള്‍ പരിശോധന നടത്തിയാല്‍ ഇവയുടെ അംഗീകാരം നഷ്ടപ്പെടുമെന്ന കാര്യത്തില്‍ നൂറുശതമാനവും ഉറപ്പാണ്. മെഡിക്കല്‍ കൗണ്‍സിലിന്റെ ഇപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് എപ്പോള്‍ വേണമെങ്കിലും മുന്നറിയിപ്പില്ലാതെ പരിശോധന നടത്താനാവും.
പുതിയ മെഡിക്കല്‍ കോളജുകളുടെ ഉദ്ഘാടനത്തിനുശേഷം പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉദാസീനതയാണ് കാണിക്കുന്നതെന്നും അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ മോഹനനും ജനറല്‍ സെക്രട്ടറി ഡോ.സി പി വിജയനും വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 88 തസ്തികകള്‍ ആവശ്യമുള്ള ഇടുക്കി മെഡിക്കല്‍ കോളജില്‍ 15 ഡോക്ടര്‍മാരെ മാത്രമാണ് നിയമിച്ചിരിക്കുന്നത്.
ലാബുകളോ അനുബന്ധസൗകര്യങ്ങളോ ഏര്‍പ്പെടുത്താതെ മെറിറ്റ് ലിസ്റ്റില്‍നിന്ന് പ്രവേശനം നേടിയ 150 വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മെഡിക്കല്‍ കൗണ്‍സിലിന്റെ താത്കാലിക അനുമതി മാത്രമാണ് കോളജിനുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 217 ജീവനക്കാര്‍ വേണ്ടിടത്ത് 106 പേര്‍ മാത്രമാണുള്ളത്. നിലവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജീവനക്കാരെ പുനര്‍വിന്യസിച്ച് 14 ജില്ലകളിലും മെഡിക്കല്‍ കോളജ് നടത്താമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ഇത്തരം ശ്രമങ്ങള്‍ ഇപ്പോള്‍ സുഗമമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജുകളെ ഗുരുതരമായി ബാധിക്കും. സര്‍ക്കാര്‍ ഏറ്റെടുത്ത കൊച്ചി സഹകരണ മെഡിക്കല്‍ കോളജില്‍ പിന്‍വാതിലിലൂടെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ നിയമിച്ച ഡോക്ടര്‍മാരെ മാനദണ്ഡം പാലിക്കാതെ രാഷ്ട്രീയ താത്പര്യത്തിന്റെ പേരില്‍ നിരന്തരം സ്ഥലം മാറ്റുകയാണ്. സര്‍ക്കാര്‍ നിലപാട് തിരുത്താത്തപക്ഷം പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോവാന്‍ സംഘടന നിര്‍ബന്ധിതരാവും. അടുത്തമാസം 16ന് ചേരുന്ന സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അസോസിയേഷന്‍ അറിയിച്ചു.