Connect with us

Articles

മൂപ്പിളമത്തര്‍ക്കത്തില്‍ കൊമ്പുകോര്‍ക്കാന്‍ പറ്റിയ നേരം

Published

|

Last Updated

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ എന്നത് കേട്ടുമരവിച്ച ചൊല്ലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കത്തും കുത്തും കാണുമ്പോള്‍ അറിയാതെയാണെങ്കിലും ഈ ചൊല്ലാണ് ആദ്യം ഓര്‍മയില്‍ വരിക. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭിന്നിച്ച ഘട്ടം മുതലുള്ളതാണ് അവര്‍ തമ്മിലെ മൂപ്പിളമ തര്‍ക്കവും. അണികളുടെ അംഗ ബലവും പ്രത്യയശാസ്ത്ര പിന്‍ബലവും തങ്ങള്‍ക്കാണെന്ന് വാദിച്ച് ജയിക്കാന്‍ എല്ലാ കാലത്തും ഇരു പാര്‍ട്ടികളും ശ്രമിച്ചിട്ടുണ്ട്. പാര്‍ട്ടി സമ്മേളന കാലത്ത് പരസ്പരം പോരടിക്കുകയെന്നതാണ് ന്യൂജനറേഷന്‍ കമ്മ്യൂണിസ്റ്റ് ശൈലി. കഴിഞ്ഞ തവണ സമ്മേളന നടത്തിപ്പിലെ “ഈവന്‍മാനേജ്‌മെന്റ്” ആണ് വലിയ കോലാഹലം സൃഷ്ടിച്ചതെങ്കില്‍ ഇത്തവണ പാര്‍ട്ടി രൂപവത്കരണത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ പേരിലാണ് പോര്. പാര്‍ട്ടി രൂപവത്കരണത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാനുള്ള സി പി എം തീരുമാനത്തെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍ സി പി ഐ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെഴുതിയ കത്താണ് പുതിയ പോര്‍മുഖം തുറന്നത്. വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനിയിലൂടെ ഇതിന് മറുപടിയും നല്‍കി. പിണറായി വിജയന്‍ ഏറ്റെടുക്കുകയും പന്ന്യന്‍ രവീന്ദ്രന്‍ മറുപടിക്ക് മറുപടി നല്‍കുകയും ചെയ്തതോടെ കമ്മ്യൂണിസ്റ്റുകള്‍ തമ്മിലെ യുദ്ധത്തിന്റെ പിരിമുറുക്കം കൂടുകയാണ്.
പോരടിക്കുകയല്ല, ഒരുമിച്ചു പോകുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ ആവശ്യമെന്ന് നേതാക്കളെല്ലാം ഒരുപോലെ പറയും. കമ്മ്യൂണിസ്റ്റ് പുനരേകീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങി വെക്കും. അല്‍പ്പം മാറി നിന്ന് പരസ്പരം വെല്ലുവിളിക്കും. പുതിയ കാലത്തെ കമ്മ്യൂണിസ്റ്റ് രീതിയായി ഇത് രൂപപ്പെടുകയാണ്. വിമര്‍ശവും സ്വയംവിമര്‍ശവും ഉള്‍പാര്‍ട്ടി ചര്‍ച്ചയുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മുമ്പുണ്ടായിരുന്നതെങ്കിലും വാക്കിലും വരിയിലും പരസ്യമായി ഏറ്റുമുട്ടുന്നതാണ് പുതിയ ശൈലി. തിരഞ്ഞെടുപ്പായാലും സമ്മേളനമായാലും ഒന്നിച്ച് നിന്ന് ശക്തി തെളിയിക്കാനല്ല നോക്കുക. മറിച്ച് പോര്‍വിളി മുഴക്കുന്നതിലെ കേമത്വമാണ് ഇരുപാര്‍ട്ടികള്‍ക്കും താത്പര്യമെന്ന് തോന്നിപ്പോകും. ചന്ദ്രപ്പനും പിണറായി വിജയനും ഒരേസമയം പാര്‍ട്ടി തലപ്പത്ത് ഇരുന്ന ഘട്ടത്തിലാണ് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്. ചന്ദ്രപ്പനോളം വാക്കിന് മൂര്‍ച്ചയില്ലെന്ന തോന്നലാകണം പന്ന്യന്‍ രവീന്ദ്രനെ വരികളിലൂടെ വെല്ലുവിളിക്കാന്‍ പ്രേരിപ്പിച്ചത്.
പിളര്‍പ്പ് കഴിഞ്ഞ് അമ്പതാണ്ട് പിന്നിട്ട ശേഷമാണ് അതിലെ ശരിതെറ്റുകളെ കുറിച്ച് ഇരുപാര്‍ട്ടികളും ആലോചിച്ച് തുടങ്ങിയതെന്ന് തോന്നും ഇപ്പോഴത്തെ ചര്‍ച്ചകള്‍ കാണുമ്പോള്‍. പിളര്‍പ്പെന്നാല്‍ സി പി എമ്മിനെ സംബന്ധിച്ച് പാര്‍ട്ടി രൂപവത്കരണത്തിന് അരങ്ങൊരുക്കിയ ചരിത്ര സംഭവമാണ്. സി പി ഐക്കാകട്ടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ത്ത ദുരന്ത സംഭവവും. 101 അംഗ നാഷനല്‍ കൗണ്‍സിലില്‍ നിന്ന് 32 പേര്‍ ഇറങ്ങി വന്ന് പുതിയ പാര്‍ട്ടി ഉണ്ടാക്കിയില്ലായിരുന്നെങ്കില്‍ ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിക്കാനുള്ള പരിപാടികള്‍ തന്നെ രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് സി പി എമ്മുകാര്‍. മാര്‍കിസിസം ലെനിനിസത്തിന്റെ നേര്‍ അവകാശികള്‍ തന്നെ രാജ്യത്ത് ഇല്ലാതെ പോകുമായിരുന്നു. വര്‍ഗസമര സിദ്ധാന്തം മുറുകെ പിടിക്കുന്ന തൊഴിലാളിവര്‍ഗ വിപ്ലവ പാര്‍ട്ടി ഇല്ലാതെ പോയാലുണ്ടാകുന്ന ഭവിഷ്യത്ത് മനസ്സിലാക്കിയാണ് 32 പേര്‍ അന്ന് ഇറങ്ങിപ്പോന്നതെന്ന് സാരം. സി പി ഐക്കാകട്ടെ ഈ 32 പേര്‍ ദുരന്തത്തിന്റെ വക്താക്കളാണ്. പിളര്‍പ്പിന്റെ അടിസ്ഥാന കാരണക്കാരാണിവര്‍. എന്നാല്‍, അന്ന് പാര്‍ട്ടിയെ നയിച്ച എസ് എ ഡാങ്കെയെയാണ് സി പി എം പ്രതികൂട്ടില്‍ നിര്‍ത്തുന്നത്. പാര്‍ട്ടി പിളര്‍ന്നില്ലായിരുന്നെങ്കില്‍ വലതുപക്ഷ അവസരവാദിയായ എസ് എ ഡാങ്കെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് ഭരണം നടത്തി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അപ്പാടെ തകരുമായിരുന്നുവെന്നും സി പി എം വാദിക്കുന്നു. ഡാങ്കെയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനാക്കിയതും അദ്ദേഹത്തിന്റെ സ്വേഛാധിപത്യ നടപടികളുമാണ് യഥാര്‍ഥ ദുരന്തമായി സി പി എം വിശേഷിപ്പിക്കുന്നത്.
ഇന്ത്യയില്‍ വന്‍ ശക്തിയായി വളരേണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തളര്‍ത്തിയതിന്റെ ഉത്തരവാദിത്വം പാര്‍ട്ടി പിളര്‍ത്തിയവര്‍ക്കെന്നാണ് സി പി ഐയുടെ പക്ഷം. അതിനാല്‍, പാര്‍ട്ടി രൂപവത്കരണത്തിന്റെ അന്‍പതാം വാര്‍ഷികമല്ല, പിളര്‍പ്പ് എന്ന ദുരന്തത്തിന്റെ അന്‍പത് വര്‍ഷമാണ് ഇപ്പോള്‍ സംഘടിപ്പിക്കേണ്ടത്. പാര്‍ട്ടി രൂപവത്കരിച്ച് 75 വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ 75-ാം വാര്‍ഷികം ആഘോഷിക്കാനും സി പി ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.
പിളര്‍പ്പിന് ശേഷം പാര്‍ട്ടിയുടെ ശക്തി ക്ഷയിച്ചെങ്കിലും സി പി ഐയുടെ ജനകീയടിത്തറ തകര്‍ന്നില്ലെന്ന് നവയുഗത്തിലെഴുതിയ കത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ വിശദീകരിക്കുന്നുണ്ട്. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാത്ത 32 പേരാണ് നാഷനല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയത്. അങ്ങനെയുണ്ടാക്കിയ സി പി എം തന്നെ പിളര്‍ന്ന് 32 പാര്‍ട്ടികളായി മാറിയെന്ന് പന്ന്യന്‍ പരിഹസിക്കുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് നേരിട്ട വന്‍ തിരിച്ചടിയായിരുന്നു പിളര്‍പ്പ്. അന്ന് പിളര്‍ന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ വന്‍ശക്തിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരുമായിരുന്നു. ഈ വര്‍ഷം പിളര്‍പ്പ് എന്ന ദുരന്തത്തിന് അന്‍പത് വയസ്സായി. അന്നത്തെ പിളര്‍പ്പാണ് തുടര്‍ന്നുണ്ടായ പിളര്‍പ്പുകള്‍ക്കെല്ലാം മാതൃകയെന്നാണ് നവയുഗത്തിലൂടെ പന്ന്യന്‍ വിശദീകരിക്കുന്നത്.
അച്യുത മേനോന്‍ സര്‍ക്കാറിന്റെ നേട്ടവും കോട്ടവും പറഞ്ഞും ഇരുപാര്‍ട്ടികളും ഏറ്റുമുട്ടുന്നുണ്ട്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പാടേ തകര്‍ന്നിട്ടും കേരളത്തില്‍ ജയിച്ചത് അച്യുത മേനോന്‍ സര്‍ക്കാറിന്റെ ഭരണനേട്ടമായാണ് പന്ന്യന്‍ അവതരിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണ കാലത്ത് ഉന്നയിച്ച “കൃഷി ഭൂമി കൃഷിക്കാരന്” എന്ന മുദ്രവാക്യം നടപ്പിലാക്കിയത് അച്യുത മേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണെന്നും 1969 മുതല്‍ 77 വരെ വിപ്ലവകരമായ ഒട്ടേറെ ജനപ്രിയ നടപടികള്‍ നടപ്പാക്കിയെന്നും അടിയന്തരാവസ്ഥയില്‍ രാജ്യത്താകെ അമിതാധികാര ശക്തികള്‍ അരങ്ങുവാണപ്പോള്‍ കേരളം മാത്രം മാറിനിന്നുവെന്നും പന്ന്യന്‍ സമര്‍ഥിക്കുന്നുണ്ട്.
അച്യുത മേനോന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മുഖ്യമന്ത്രിയായത് നാടകമായിരുന്നെന്നാണ് ഇതിന് സി പി എം നല്‍കുന്ന മറുപടി. അടിയന്തരാവസ്ഥയും രാജന്‍ കേസും കക്കയം ക്യാമ്പും ഓര്‍മിച്ച് ഭരണനേട്ട വാദങ്ങളെ സി പി എം പ്രതിരോധിക്കുന്നുമുണ്ട്. എന്തായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം അറിയേണ്ടത് പുതുതലമുറയുടെ അവകാശമാണ്. രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് അത് ഗവേഷണ വിഷയവുമാക്കാം. അതിന് ആവശ്യം പോലെ പുസ്തകങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണാലയങ്ങള്‍ തന്നെ പുറത്തിറക്കിയിട്ടുമുണ്ട്. ഈ അസമയത്ത് എന്തിന് ഇങ്ങനെയൊരു തര്‍ക്കമെന്നതാണ് മതേതരവാദികളെ അലട്ടുന്നത്.
ആഗോള വത്കരണ, നവലിബറല്‍ ഭീഷണിയാണ് ഇന്നലെ വരെ രാജ്യം നേരിട്ടതെങ്കില്‍ ഇന്ന് കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. ഈ ഭീഷണിയെല്ലാം അത് പോലെ നിലനില്‍ക്കുന്നതിനൊപ്പം വര്‍ഗീയ, ഫാസിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി കൂടിയുണ്ട്. മതേതര ചേരി ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യം. ബി ജെ പിയോ നരേന്ദ്രമോദി പോലുമോ സ്വപ്‌നത്തില്‍ കാണാത്ത അംഗസംഖ്യയാണ് ഹിന്ദുത്വശക്തികള്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റില്‍ ലഭിച്ചത്. ഹിന്ദുത്വത്തെ പ്രതിരോധിക്കേണ്ട മതനിരപേക്ഷ ശക്തികളുടെ അനൈക്യമായിരുന്നു ഇതിന്റെ പ്രധാനകാരണം. കോണ്‍ഗ്രസ് അഴിമതിയിലൂടെ സൃഷ്ടിച്ച അപചയം ബി ജെ പി മുതലെടുത്തപ്പോള്‍ ഇടതുപക്ഷം വെറും കാഴ്ച്ചക്കാരുടെ റോളിലായിരുന്നു. ജാതി സാമുദായിക സ്വത്വങ്ങളെ അവലംബമാക്കി പ്രവര്‍ത്തിക്കുന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ അടിത്തറ തന്നെയാണ് ബി ജെ പി ഇളക്കിയത്. ബീഹാറിലും യു പിയിലുമെല്ലാം ഇത് സാധ്യമായെങ്കിലും ബംഗാളിലും കേരളത്തിലും ബി ജെ പി ഉന്നം വെക്കുന്നത് ഇടതുപക്ഷത്തെയാണ്. മതനിരപേക്ഷ ജനാധിപത്യശക്തികളുടെ രാജ്യവ്യാപകമായ ഐക്യത്തിന് ശ്രമിക്കേണ്ട ഘട്ടത്തില്‍ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ തന്നെ പരസ്പരം പോരടിക്കുന്നത് വലിയ രീതിയില്‍ തിരിച്ചടിയാകും.

Latest