Connect with us

National

റഷ്യന്‍ ടാങ്കുകളെ സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് പി എ സിക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത ടി-90 ടാങ്കുകളില്‍ എ സികള്‍ ഘടിപ്പിക്കാത്തതില്‍ പ്രതിരോധ മന്ത്രാലയത്തെ രൂക്ഷമായി വിമര്‍ശിച്ചുള്ള സി എ ജി റിപ്പോര്‍ട്ട,് പാര്‍ലിമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി)ക്ക് വിട്ടു. റിപ്പോര്‍ട്ട് പി എ സി സൂക്ഷ്മമായി പരിശോധിക്കും. പ്രതിരോധം, പ്രത്യക്ഷ- പരോക്ഷ നികുതി, റെയില്‍വേ എന്നിവയില്‍ അടക്കം മൂന്ന് ഉപ സമിതികള്‍ രൂപവത്കരിക്കാന്‍ പി എ സി തീരുമാനിച്ചിരുന്നു.
ഉപസമിതിയുടെ റിപ്പോര്‍ട്ട് പി എ സി സമഗ്രമായി പരിശോധിക്കുകയും തുടര്‍ന്ന് പാര്‍ലിമെന്റിലേക്ക് ശിപാര്‍ശകള്‍ നല്‍കുകയും ചെയ്യും. പരിശോധനാ സംഘത്തിന്റെ ശിപാര്‍ശ അവഗണിച്ച് എ സികളില്ലാതെ ടി- 90 ടാങ്കുകള്‍ ഉപയോഗിച്ചതിനാല്‍, അവ നശിക്കുന്നതിന് കാരണമയതായി ഈ വര്‍ഷം ആദ്യം പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ടില്‍ സി എ ജി ചൂണ്ടിക്കാട്ടിയിരുന്നു. ചൂടും പൊടിയും കാരണം ടാങ്കുകളുടെ ഉപയോഗം വേണ്ട വിധമായില്ല.
സൈന്യത്തിന്റെ ഭൂമിയുടെ ദുരുപയോഗത്തിലുള്ള റിപ്പോര്‍ട്ടും പ്രതിരോധ വിഷയത്തിലുള്ള ഉപസമിതി പരിശോധിക്കും. സേവന നികുതി റിട്ടേണുകളും മറ്റ് ക്രമക്കേടുകളുമാണ് പ്രത്യക്ഷ- പരോക്ഷ നികുതി സംബന്ധിച്ച ഉപസമിതി പരിശോധിക്കുക.
ദീര്‍ഘദൂര പാതയിലേക്കുള്ള ചരക്കു വണ്ടികളുടെ ഗതാഗതവും, മെട്രോ റെയില്‍വേയില്‍ സ്മാര്‍ട്ട് കാര്‍ഡുകളുടെ അവതരണവും, ഇന്ത്യന്‍ റെയില്‍വേയിലെ ലോകോമോട്ടീവുകളുടെ പരിപാലനവും എന്നീ റിപ്പോര്‍ട്ടുകളാണ് റെയില്‍വേക്ക് വേണ്ടിയുള്ള ഉപസമിതി പരിശോധിക്കുക. ഉപസമിതികളുടെ പ്രവര്‍ത്തനം പാര്‍ലിമെന്റിന് എത്രയും വേഗം ശിപാര്‍ശകള്‍ നല്‍കാന്‍ പി എ സിക്ക് സാധിക്കും.

Latest