Connect with us

Religion

ഹിജ്‌റ ഉണര്‍ത്തുന്നത്

Published

|

Last Updated

നബി ചരിതങ്ങളില്‍ ഏറ്റവും അവിസ്മരണീയവും ദീനീ പ്രസരണത്തില്‍ നാഴികക്കല്ലുമായിരുന്നു ഹിജ്‌റ. മൂന്നാം ഖലീഫ ഉമര്‍ (റ) ഹിജ്‌റയെ അടിസ്ഥാനമാക്കി കലണ്ടര്‍ രൂപപ്പെടുത്തിയത് അതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നു. ഖുര്‍ആന്‍ അവതരണത്തെ പോലും ഹിജ്‌റക്ക് മുമ്പ്, ശേഷം എന്നിങ്ങനെയായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. ഭൂമി ലോകത്ത് ജനിച്ചു വീഴുന്ന മുഴുവന്‍ മുസ്‌ലിമും ഹിജ്‌റ എന്താണെന്നറിയാതെ പോകരുതെന്ന് അല്ലാഹുവിനു നിര്‍ബന്ധമുണ്ട്.
യഥാര്‍ത്ഥ മുസ്‌ലിം സദാസമയവും മുഹാജിര്‍ ആയിരിക്കണം. ആഭാസങ്ങളില്‍ നിന്ന്, മാമൂലുകളില്‍ നിന്ന്, വേണ്ടാതീനങ്ങളില്‍ നിന്ന്, തിന്മകളില്‍ നിന്ന്, തെമ്മാടിത്തരങ്ങളില്‍ നിന്ന്, പേക്കൂത്തു കളില്‍ നിന്ന് എന്ന് വേണ്ട മുസ്‌ലിം സംസ്‌കാരത്തിന് യോജിക്കാത്ത എല്ലാറ്റില്‍ നിന്ന് മുസ്‌ലിം മുഹാജിര്‍ ആകണം. അവന്റെ വിസമ്മതം പോലും ഹിജ്‌റയാണ്. തിന്മയില്‍ നിന്നും നന്മ യിലേക്കുള്ള ഓട്ടം ഹിജ്‌റയാണ്.
ഹിജ്‌റ യഥാവിധം നടത്തിയാല്‍ അല്ലാഹു വിന്റെ സഹായം ഉറപ്പാണ്. വീട്ടില്‍ നിന്നും രക്ഷപ്പെട്ട നബി(സ)യെ അന്വേഷിച്ച് ശത്രുക്കള്‍ മുക്കിലും മൂലയിലും പരതി നടന്നു. അവസാനം നബിയും സിദ്ദീഖ് (റ)ഉം വിശ്രമിച്ച സൗര്‍ ഗുഹയുടെ താഴെ വരെ എത്തി. അബൂബക്കര്‍ (റ) പറയുന്നു: “സ്വന്തം കാല്‍ ചുവട്ടിലേക്ക് അവരിലൊരാളെങ്കിലും നോക്കിയിരുന്നെങ്കില്‍ ഞങ്ങളെ കണ്ടിരുന്നേനെ” നബി (സ) യുടെ ചിരിച്ചു കൊണ്ടുള്ള പ്രതിവചനം ഒന്ന് ശ്രദ്ധിക്കുക: “എന്താ അബൂബക്കര്‍, അല്ലാഹു മൂന്നാമാനായുള്ള ഈ രണ്ടു ആളുകളെ പറ്റി എന്താ നിങ്ങള്‍ കരുതിയത്”. നബിയും (സ) അബൂബക്കര്‍ (റ) വും അല്ലാഹു വിലെക്കാണ് ഹിജ്‌റ പോയത്. ഖുര്‍ആന്‍ ഈ സംഭവം വിവരിക്കുന്നത് ശ്രദ്ധേയമാണ്: “അവര്‍ രണ്ടുപേരും ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു”(തൗബ 40).
ജീവിതം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചപ്പോള്‍ ജയിച്ചടക്കുന്ന രംഗമാണ് പിന്നീട് കാണുന്നത്. നാടും വീടും മാത്രമല്ല, മുഴുവന്‍ ഹൃദയങ്ങളും പുണ്യനബി (സ) യുടെ കരവലയത്തിലായി. എന്തിനേറെ അന്ത്യ നാള്‍ വരെയുള്ള മുഴുവന്‍ മുസ്‌ലിമിന്റെയും ഹൃദയം നബിക്ക് അടിപ്പെട്ടു. മദീന യില്‍ ബദ്ധവൈരികളായി നിന്നവര്‍ സഹോദരങ്ങളെക്കാള്‍ സ്‌നേഹ ബഹുമാനം നിലനിര്‍ത്തുന്നവരായി. ഹിജ്‌റ ചെയ്‌തെത്തിയവര്‍ക്ക് മറ്റുള്ളവര്‍ സ്വന്തം ജീവിതവും പകുത്തു നല്‍കി. അങ്ങനെ നബി (സ) യുടെ ഹിജ്‌റ ഇസ്‌ലാമിന്റെ സമ്പല്‍ സമൃദ്ധിയുടെ ആധാരശിലയായി മാറി.
തിരുനബി ജീവിതത്തിന്റെ സ്വഭാവ വിശേഷണങ്ങളുടെ സംഗമവും ഹിജ്‌റ സംഭവത്തിലുണ്ട്. അവിടുന്ന് അനുവാചകരോടു നല്ല രൂപത്തിലേ സംസാരിക്കാറുള്ളൂ. വശ്യമായ ശൈലി ഏവരെയും ഹഠാതാകര്‍ഷിചു. ഹൃദയങ്ങള്‍ കീഴടക്കി. ശത്രുക്കളോടു പോലും മാപ്പ് നല്‍കി. ഒരു വര്‍ഷത്തിനുള്ളില്‍ മദീനയിലെ മുഴുവന്‍ വീടുകളിലും ഇസ്‌ലാമിന്റെ പ്രഭ പരന്നു.
പ്രബോധന രംഗത്ത് തന്ത്രപരമായ സമീപനം സ്വീകരിക്കാനുള്ള അല്ലാഹുവിന്റെ നിര്‍ദേശം ശിരസ്സാവഹിച്ചതിന്റെ പരിണിത ഫലം ആയിരുന്നു ഈ വിജയങ്ങള്‍. ഖുര്‍ആന്‍ പറയുന്നു. “യുക്തിദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും തങ്ങളുടെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിച്ചു കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.”(സൂറ: അന്നഹ്ല്‍). ഓരോ ഹിജ്‌റ വര്‍ഷം പിറക്കുമ്പോഴും ഒരു മഹാ പ്രവാസത്തിന്റെ സ്മരണ നാം പുതുക്കുകയാണ്. ഉറ്റവരെയും ഉടയവരെയം ഒഴിവാക്കി നാടും വീടും വിട്ടു അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുള്ള പ്രവാസ ജീവിതത്തിനായുള്ള പ്രയാണമാണല്ലോ നബിയുടെ ഹിജ്‌റ. സ്വന്തം നാട്ടില്‍ നിന്നും വേണ്ടപ്പെട്ടവരില്‍ നിന്നും വേരറുത്തു പുതിയൊരു ലോകത്തേക്ക് പറിച്ചു നടപ്പെട്ട പ്രവാസികള്‍ തന്നെയാണ് ഹിജ്‌റ പുതു വര്‍ഷത്തെ എല്ലാവരെക്കാളും സ്വീകരിക്കേണ്ടതും വരവേല്‍ക്കേണ്ടതും.
പ്രയാസങ്ങളും പരിവട്ടങ്ങളുമായി ഭൗതിക ജീവിതം താളം തെറ്റിയപ്പോഴാണ് നാം പ്രവാസികളായത്. നബി (സ) യുടെ ഹിജ്‌റ ഉണ്ടായതും അങ്ങനെയാണ്. ജീവിക്കാനനുവദിച്ചില്ലെന്നു മാത്രമല്ല ആദര്‍ശപരമായ അസ്തിത്വത്തിന്റെ നില നില്‍പു പോലും ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് അവിടുന്ന് പ്രവാസം തെരഞ്ഞെടുത്തത്. പിന്നീട് പ്രവാസത്തെ നെഞ്ചേറ്റി മദീനയെ ജന്മദേശമായ മക്കയെക്കാളേറെ സ്‌നേഹിച്ചു. എങ്കിലും പ്രവാസിയുടെ ഉള്ളകം എന്നും തന്റെ നാടിനെ ചുറ്റിപ്പറ്റിയല്ലേ ഉണ്ടായിരുന്നത്. അവിടുത്തെ ഗൃഹാതുരത പലപ്പോഴും പ്രകടമായത് നമുക്ക് ചരിത്രങ്ങളില്‍ കാണാം. “നിന്റെ ആള്‍ക്കാര്‍ എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ നിന്റെ മടിത്തട്ട് വിട്ടു മറ്റൊരിടത്തേക്ക് ഞാന്‍ പോകുമായിരുന്നില്ല” എന്നവിടുന്ന് പറഞ്ഞിരുന്നു.
പുതിയൊരു ഹിജ്‌റ വര്‍ഷം മാറ്റങ്ങള്‍ക്കും നന്മകള്‍ക്കുമുള്ളതാവട്ടെ എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. പുതു വര്‍ഷാശംസകള്‍!
.

Latest