Connect with us

Ongoing News

സലാല: മണല്‍ കാട്ടിലെ കേരളം

Published

|

Last Updated

DSC_0315യാത്രകളോരോന്നും ഉള്ളു തുടിക്കുന്ന ഓര്‍മകളാണ് സമ്മാനിക്കുന്നത്. നമ്മുടെ രാജ്യത്തിന് പുറത്തുള്ള യാത്രകള്‍ പ്രത്യേകിച്ചും. ഒമാനിലെ രണ്ടാമത്തെ വലിയ നഗരവും ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസിന്റെ ജന്മസ്ഥലവുമായ സലാലയിലേക്കുള്ള ഞങ്ങളുടെ യാത്ര ഒരുപാട് അനുഭവങ്ങളാണ് സമ്മാനിച്ചത്.

കഴിഞ്ഞ ബലിപെരുന്നാള്‍ ഒഴിവു ദിനങ്ങളിലെ യാത്ര പ്രവാസ ജീവിതത്തിലെ നവ്യാനുഭവമാണ്. ഐ സി എഫ് യു എ ഇ നാഷണല്‍ കമ്മിറ്റിയായിരുന്നു സംഘാടനം. നേതാക്കളായ മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ശരീഫ് കാരശ്ശേരി, ഹമീദ് പരപ്പ, അശ്‌റഫ് പാലക്കോട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 110 ഓളം പേര്‍ യാത്രയിലുണ്ടായിരുന്നു.
***
പ്രകൃതി ഭംഗിയും പച്ചപ്പും ആസ്വദിക്കുന്നതിനോടൊപ്പം ആത്മീയ അനുഭൂതി തേടിയുള്ള യാത്ര കൂടി ആയിരുന്നു ഇത്. ഇസ്‌ലാമിക പ്രചാരണ വീഥിയില്‍ അനല്‍പ സേവനങ്ങള്‍ സമര്‍പ്പിച്ച ധാരാളം മഹാരഥന്മാരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങളുടെ സംഗമ ഭൂമിക കൂടിയാണ് സലാല ഉള്‍പ്പെടുന്ന ഒമാന്‍.
മൂന്നു ലക്ഷത്തോളം മാത്രമാണ് ഇവിടത്തെ ജനസംഖ്യ. അറേബ്യന്‍ മണലാരണ്യത്തോടു വളരെ അടുത്ത പ്രദേശം ആണെങ്കിലും സമ ശീതോഷ്ണ കാലാവസ്ഥയാണ് കൂടുതല്‍ സമയവും അനുഭവപ്പെടാറുള്ളത്. ഖരീഫ് സീസണ്‍ എന്നാണ് ഈ സമയത്തെ അറിയപ്പെടുന്നത്. കൊടും ഉഷ്ണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനും മണ്‍സൂണ്‍ കാലാവസ്ഥ ആസ്വദിക്കുന്നതിനും ധാരാളം ആളുകള്‍ ഈ സമയത്ത് ഇവിടെ എത്തിച്ചേരാറുണ്ട്.
ഒമാനിലെ ആദ്യ സ്വഹാബിയായ മാസിന്‍ ബിന്‍ ഗദൂബ (റ)ന്റെ സവിധമായിരുന്നു ആദ്യ സന്ദര്‍ശന സ്ഥലം. ഹരിതാഭ ചാര്‍ത്തി നില്‍ക്കുന്ന കൃഷിയിടങ്ങളാണ് പരിസരം മുഴുവന്‍. അരുവി ഒലിച്ചിറങ്ങുന്ന മണ്ണില്‍ ആത്മ സായൂജ്യത്തിന്റെ നവ്യ നിമിഷങ്ങള്‍ കോറിയിടാനായി ഇവിടുത്തെ സന്ദര്‍ശനത്തിലൂടെ.
പെരുന്നാള്‍ ദിനമാണ് സലാലയിലെത്തിയത്. അവിടെത്തെ ഐ സി എഫ് കമ്മിറ്റി മലയാളികള്‍ക്കായി മിക്ക പള്ളികളിലും നിസ്‌കാരം സംഘടിപ്പിച്ചിരുന്നു. കേരളീയ ശൈലിയിലാണ് എല്ലാ ചടങ്ങുകളും. ഖുതുബയും പ്രസംഗവും ശ്രവിച്ചു പരസ്പരം ആശംസകള്‍ കൈമാറി ആലിംഗനം ചെയ്യുന്ന രംഗം മനസ്സിനെ കുളിരണിയിപ്പിച്ചു.
പിന്നീട് ജബല്‍ അയ്യൂബില്‍ പ്രമുഖ പ്രവാചകനായ അയ്യൂബ് നബി (അ) ന്റെ മഖ്ബറ തേടിയുള്ള യാത്ര ആയിരുന്നു. അവിടെ എത്തിയപ്പോള്‍ വലിയ ജനത്തിരക്ക്. വൃദ്ധനായ ഒമാനി അറബിയാണ് മഖ്ബറയുടെ പരിചാരകന്‍. ആബാലവൃദ്ധം മുസ്‌ലിംകള്‍ വന്നു പോകുന്നുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ഥിച്ചും ധന്യരായി അവര്‍ തിരിച്ചു പോകുന്നു. പുണ്യ നബിയെ ബൈബിളില്‍ ജോബ് എന്ന് പരിചയപ്പെടുത്തുന്നതായി വിശ്വസിച്ച് ധാരാളം െ്രെകസ്തവരും അവിടം സന്ദര്‍ശിക്കുന്നുണ്ടായിരുന്നു. അയ്യൂബ് നബി (അ) കുളിച്ചു രോഗശാന്തി നേടിയതായി വിശ്വസിക്കപ്പെടുന്ന കുളം മലയുടെ താഴ്‌വരയിലായുണ്ട്. രോഗശമനം ലക്ഷ്യമാക്കി ധാരാളം ആളുകള്‍ അവിടെ കുളിക്കുകയും വെള്ളം ശേഖരിച്ചു കൊണ്ട് പോകുന്നുമുണ്ട്.
****
കേരളത്തിലെ മുസ്‌ലിം സമൂഹം ആത്മീയ അഭിവൃദ്ധി ലക്ഷ്യം വെച്ച് പതിവായി പാരായണം ചെയ്യുന്ന ഹദ്ദാദ് റാതീബ് രചിച്ച അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ) ന്റെ ഉപ്പാപ്പയായ മുഹമ്മദ്ബിനുല്‍ ഹദ്ദാദ് (റ) ന്റെ അന്ത്യ വിശ്രമ കേന്ദ്രം സന്ദര്‍ശിച്ചത് ഞങ്ങളില്‍ നവോന്മേഷം ഉണ്ടാക്കി. മിര്‍ബാത്ത് എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നബി (സ) യുടെ മകള്‍ ഫാത്തിമ ബീവി (റ) യുടെ 16-ാമത്തെ സന്താന പരമ്പരയിലാണ് ഈ മഹാന്റെ ജനനം.
ഐദറൂസി പരമ്പരയില്‍ പെട്ട പ്രമുഖ പണ്ഡിതനായ സാലിം ബിന്‍ അറബിയ്യയുടെ അന്ത്യവിശ്രമ കേന്ദ്രം സ്ഥിതി ചെയ്യുന്നത് സലാലയില്‍ നിന്ന് 30 കിലോ മീറ്റര്‍ ദൂരമുള്ള റയ്‌സൂത് എന്ന പ്രദേശത്താണ്. ബിന്‍ അറബിയ്യ സ്ട്രീറ്റില്‍ കൂടി കടന്ന് ചെല്ലുന്ന ഈ പ്രദേശം ഒമാന്‍ സര്‍ക്കാര്‍ ഭംഗിയായി സംരക്ഷിച്ചിട്ടുണ്ട്.
ഇംറാന്‍ (അ) ന്റെ ഖബര്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി. മൂസാ നബി (അ) ന്റെ കാലത്ത് തന്നെ ജീവിച്ചിരുന്ന ബനൂ ഇസ്‌റാഈലിലെ പ്രവാചകനായ ഇംറാന്‍ (അ)ന്റെ ഖബര്‍ സലാല നഗരത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഖബറിനു കണ്ട അസാധാരണമായ നീളം സന്ദര്‍ശകരെ ആശ്ചര്യപ്പെടുത്താറുണ്ട്. നമ്മെ അപേക്ഷിച്ച് മുന്‍സമുദായങ്ങളിലെ ആളുകള്‍ക്ക് നൂറുകണക്കിന് വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യവും എത്രയോ ഇരട്ടി ശാരീരിക ഘടനയും ഉണ്ടായിരുന്നതായി ഖുര്‍ആന്‍ പ്രഖ്യാപിച്ചതിന്റെ നേര്‍ സാക്ഷ്യമായിരുന്നു ഇംറാന്‍ (അ)ന്റെ മഖ്ബറ. അതിനു ശേഷം സാലിഹ് നബി (അ) യുടെ ഒട്ടകം പുറപ്പെട്ടതായി രേഖകള്‍ പരിചയപ്പെടുത്തിയ ഗുഹയും സന്ദര്‍ശിച്ചു. സ്വാലിഹ് (അ)ന്റെ ഒട്ടകത്തിന്റെ കാല്‍പാടാണ് പാറയില്‍ പതിഞ്ഞിരിക്കുന്നതെന്ന, അധികൃതര്‍ സ്ഥാപിച്ച ബോര്‍ഡ് ചരിത്രപരമായ പ്രാമാണികത പകര്‍ന്നു നല്‍കുന്നുണ്ട്.
കേരളീയ മുസ്‌ലിം സമൂഹവുമായി വളരെ വലിയ ബന്ധം പുലര്‍ത്തുന്ന ചേരമാന്‍ പെരുമാള്‍ എന്ന അബൂബക്കര്‍ താജുദ്ധീന്‍ (റ) ന്റെ സവിധത്തിലെക്കായിരുന്നു തുടര്‍യാത്ര. എത്രയോ കാലമായി മലയാളിയായ സ്വഹാബിയുടെ ചാരത്തെത്തണമെന്നു മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു.. മഹാന്‍, നബി (സ) യെ കണ്ടു ഇസ്‌ലാം സ്വീകരിക്കുകയും തിരിച്ചു വരുന്ന വഴി സലാല യില്‍ വെച്ച് മരണപ്പെടുകയും ചെയ്തുവെന്നാണ് ചരിത്രം. മറ്റൊരു ഖബര്‍ കൂടി ഒപ്പം സ്ഥിതി ചെയ്യുന്നു. താജുദ്ദീന്‍ (റ)നെ അതിരറ്റു സ്‌നേഹിച്ചിരുന്ന, തന്റെ തന്നെ കുടുംബാംഗമായ അബ്ദുര്‍റഹ്മാന്‍ സാമിരി (റ)ന്റെതാണ് പ്രസ്തുത ഖബര്‍ പരിസരവാസികളില്‍ നിന്നറിയാന്‍ സാധിച്ചു. കേരളത്തില്‍ നിന്ന് വന്നു സലാലയില്‍ നിന്ന് വിവാഹം കഴിച്ചു അവിടെ തന്നെ മരണമടഞ്ഞുവെന്നും ചരിത്രം പറയുന്നു. ഓരോ മസാറുകളിലും ചീഫ് അമീര്‍ മമ്പാട് സഖാഫിയുടെ വിശദീകരണവും പ്രാര്‍ഥനയും ഏറെ ഹൃദ്യമായി.
***
എല്ലാ മഖ്ബറകളും ഉയര്‍ത്തിക്കെട്ടിയതും നാമം ഉല്ലേഖനം ചെയ്യപ്പെട്ടതും പട്ടു പോലുള്ള മുന്തിയ വസ്ത്രങ്ങള്‍ കൊണ്ട് മൂടപ്പെട്ടതുമായിരുന്നു. സുഗന്ധദ്രവ്യങ്ങള്‍ നന്നായി ഉപയോഗിക്കപ്പെടുന്നുണ്ട്. നേര്‍ച്ചപ്പെട്ടിയും പലയിടത്തും കണ്ടു. കേരളത്തില്‍ മാത്രമാണ് ഇതൊക്കെയുള്ളതെന്ന മിഥ്യധാരണ മാറിയെന്നാണ് സഹയാത്രികരില്‍ പലരും തിരിച്ചു പോരുമ്പോള്‍ പറഞ്ഞത്.
***
ഹൃദയഹാരിയാണ് സലാലയിലെ ഒട്ടുമിക്ക പ്രദേശങ്ങളും. കരിങ്കല്‍ പാതകള്‍ക്ക് ഇരുവശവും വള്ളിപ്പടര്‍പ്പുകള്‍, ഇടതിങ്ങി വളരുന്ന വൃക്ഷങ്ങള്‍, ചെങ്കുത്തായ കയറ്റം, പുല്‍മേടുകള്‍, വഴി നീളെ വന്മരങ്ങളുടെ വേരുകള്‍, ഉരുളന്‍ കല്ലുകള്‍, സസ്യലതാദികള്‍ കൊണ്ട് മനോഹരമായ കൃഷിയിടങ്ങള്‍, കറുത്തിരുണ്ട പാറകള്‍, ഹരിതാഭമായ താഴ്‌വരകള്‍, താഴ്‌വരയിലൂടെ നോക്കുമ്പോള്‍ ചില ചെറിയ മല നിരകള്‍, അതിലെല്ലാമുപരി അറബിക്കടലിന്റെ തീരങ്ങളില്‍ നിന്നടിച്ചു വീശുന്ന മന്ദ മാരുതനും. കേരളത്തിന്റെ കൊച്ചു പതിപ്പെന്ന് നമുക്ക് പറയാനാവുന്ന പ്രകൃതി രമണീയത നിറഞ്ഞ പ്രദേശം.
***
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ സലാലയില്‍ വസിക്കുന്നുണ്ട്. പ്രധാനമായും ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, എന്നീ രാജ്യക്കാരാണുള്ളത്. ഇന്ത്യക്കാരില്‍ മലയാളികള്‍ തന്നെ കൂടുതല്‍. കേരളീയ കാലാവസ്ഥയോടു വളരെ സാമ്യമുള്ളതിനാല്‍ കേരളത്തില്‍ വളരുന്ന ഒട്ടുമിക്ക ഫലവൃക്ഷങ്ങളും അവിടെയുണ്ട്. തല ഉയര്‍ത്തി നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകളാണ് എവിടെയും. പച്ചക്കറികളും പയര്‍വര്‍ഗങ്ങളും നന്നായി കൃഷി ചെയ്യപ്പെടുന്നുണ്ട്. വാഴയും കുരുമുളകും ശതാവരിയും നന്നാറിയും ഒട്ടുവളരെ സ്ഥലങ്ങളില്‍ കൃഷി ചെയ്തത് കാണാനായി. കുരുമുളകും വെറ്റിലക്കൊടിയും കേരളീയ രീതിപോലെ കയര്‍ കൊണ്ടും ഓലയുടെ ഏട്ടു കുറ്റി കൊണ്ടും ഭംഗിയായി കോര്‍ത്ത് വെച്ചത് നയന മനോഹരം തന്നെയാണ്.
***
പ്രകൃതി ഒരുക്കിയ അത്ഭുത ലോകത്തിന്റെ വിസ്മയം ആയിരുന്നു തിരിച്ചു പോരുമ്പോള്‍ എല്ലാവരുടെയും മനസ്സു നിറയെ. മലയാള മണ്ണിലല്ലാതെ പകരമില്ലാത്ത മായാക്കാഴ്ചകള്‍ മനം കവര്‍ന്നിരുന്നു. കേരളീയ പ്രകൃതി തന്നെ നില നില്‍പ്പിന്നായി പുതിയ വെല്ലുവിളികള്‍ നേരിടുന്ന, വേളയില്‍ പ്രകൃതി സൗന്ദര്യത്തിന്റെ മഹാ കേന്ദ്രത്തിലേക്കുള്ള യാത്ര ഇപ്പോഴും അകതാരില്‍ ഇളം തെന്നലാവുന്നു. സലാല വീണ്ടും വിളിക്കുന്ന പോലുള്ള ഒരു വികാരം മനസിലെവിടെയോ ബാക്കി നില്‍ക്കുന്നു.
കൂറ്റന്‍ കുന്നുകളും പ്രവിശാല മരുഭൂമിയുമൊക്കെ ചേര്‍ന്ന് ഊഷര ഭൂമിയായി നില നില്‍ക്കുന്ന ഒമാനിന്റെ ഈ മണ്ണില്‍ പച്ചപ്പും തെങ്ങുകളും വയലുകളും കൊച്ചരുവികളുമായി ഈ പ്രദേശമെങ്ങിനെ വന്നുപെട്ടു? കേരളക്കാരനായ ചേരമാന്‍ പെരുമാള്‍ അബൂബക്കര്‍ താജുദ്ധീന്‍ (റ) ന്റെ മഖ്ബറ നില നില്‍ക്കുന്നിടം കേരളം പോലെ തന്നെയാവട്ടെ എന്ന് സര്‍വ ശക്തന്‍ തീരുമാനിച്ചുവോ ആവോ!.
.

Latest