Connect with us

Gulf

ആറാമത് കേരള നിക്ഷേപ പ്രദര്‍ശനം അബുദാബിയില്‍

Published

|

Last Updated

അബുദാബി: ആറാമത് അന്താരാഷ്ട്ര കേരള നിക്ഷേപ പ്രദര്‍ശനം അബുദാബിയില്‍ നടക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഇന്റര്‍നാഷനല്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഷോ (ഐ ആര്‍ ഇ ഐ എസ്) നവംബര്‍ 20 മുതല്‍ 22 വരെ അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലാണ് നടക്കുക.

കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനാണ് പ്രദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബില്‍ഡിംഗ് ആര്‍ടിടെക്ടര്‍മാരും സഹായികളും ഷോയില്‍ പങ്കെടുക്കും.
ആറ് പവലിയനുകളിലായി യു എ ഇ, പാക്കിസ്ഥാന്‍, ഈജിപ്ത്, ജോര്‍ദാന്‍, സൈപ്രസ്, തുര്‍ക്കി, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, പോര്‍ച്ചുഗല്‍, അസര്‍ബെയ്ജാന്‍, സെര്‍ബിയ, അള്‍ജീരിയ തുടങ്ങിയ മുപ്പതോളം രാജ്യങ്ങളിലെ ബില്‍ഡേഴ്‌സ് ഗ്രൂപ്പുകള്‍ ഷോയില്‍ സംഗമിക്കും.
സാധാരണയായി ഹോട്ടലുകളില്‍ നടത്തുന്ന ഷോ നിക്ഷേപകരേയും ബില്‍ഡേഴ്‌സിനേയും ഒരു കുടക്കീഴില്‍ ഒരുമിച്ച് കൂട്ടുവാനും ആവശ്യക്കാര്‍ക്ക് സൗകര്യം ചെയ്തു നല്‍കുവാനുമാണ് എക്‌സിബിഷന്‍ സെന്ററില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് എക്‌സിബിഷന്‍ ഡയറക്ടര്‍ സോണി സിറില്‍ വ്യക്തമാക്കി.
22 ലക്ഷത്തോളം ഇന്ത്യക്കാരാണ് യു എ ഇലുള്ളത്. ഇതില്‍ ഭൂരിപക്ഷവും മലയാളികളാണ്. 4,35,000 മലയാളികള്‍ അബുദാബിയില്‍ കഴിയുന്നുണ്ട്. ഇവര്‍ പ്രദര്‍ശനം കാണുന്നതിന് ദുബൈയെയാണ് ആശ്രയിക്കുന്നത്. അബുദാബിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത് പ്രധാനമായും ഇവിടെയുള്ള മലയാളികളെ ലക്ഷ്യം വെച്ചാണ്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിയന്ത്രണത്തിലുള്ള സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ പുതിയ കണക്ക് പ്രകാരം 2013ല്‍ 43.79 ബില്യണ്‍ ദിര്‍ഹമാണ് ജി സി സിയിലെ മലയാളി നിക്ഷേപകര്‍ കേരളത്തില്‍ നിക്ഷേപം നടത്തിയത്.
വീട് പണിയുന്നതിന് ആവശ്യമായ ഭൂമിയില്ലാത്തത് ഫഌറ്റ് നിക്ഷേപകര്‍ക്ക് കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് വലിയൊരു സാധ്യതയാണുള്ളത്.
മലയാളികള്‍ ഉയര്‍ന്ന നിലവാരത്തില്‍ കഴിയുവാന്‍ ആഗ്രഹിക്കുന്നവരായത് കൊണ്ടും കേരളം ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായത് കൊണ്ടും ഫഌറ്റ് നിക്ഷേപത്തിന് സാധ്യത വര്‍ധിപ്പിക്കുന്നതായി സോണിസിറില്‍ വ്യക്തമാക്കി. ഗള്‍ഫ് നാടുകളിലെ പ്രവാസി മലയാളികളായ നിക്ഷേപകര്‍ക്ക് കേരളത്തില്‍ കെട്ടിട മേഖലയില്‍ നിക്ഷേപം നടത്തുന്നതിനും ലോകനിലവാരത്തിലുള്ള ബില്‍ഡേഴ്‌സ് ഗ്രൂപ്പുകളെ പരിചയപ്പെടുത്തുന്നതിനുമാണ് അബുദാബിയില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന്റെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest