Connect with us

Gulf

എമിറേറ്റ്‌സ് ഐ ഡി ദുരുപയോഗം ചെയ്യരുതെന്ന്

Published

|

Last Updated

അബുദാബി: എമിറേറ്റ്‌സ് ഐ ഡി ദുരുപയോഗം ചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ക്കും മറ്റും എമിറേറ്റ്‌സ് ഐ ഡി വ്യക്തികളില്‍ നിന്നും വാങ്ങുന്നതും പകര്‍പ്പെടുക്കുന്നതും പതിവുള്ളതാണ്. എന്നാല്‍ സ്വകാര്യ മേഖലയ്ക്ക് ഐ ഡി നിര്‍ബന്ധമായും ആവശ്യപ്പെടാന്‍ അധികാരമില്ലെന്ന് “ഇ ഐ ഡി എ” വ്യക്തമാക്കുന്നു. കാര്‍ഡുടകളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കാന്‍ ഇതിലൂടെ സ്വകാര്യകമ്പനികള്‍ക്ക് സാധിക്കും.
കാര്‍ഡും കാര്‍ഡില്‍ ലഭ്യമാക്കുന്ന വ്യക്തികളുടെ വിവരങ്ങളും ഇത്തരം സാഹചര്യങ്ങളിലൂടെ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. സേവനം ലഭ്യമാക്കണമെങ്കില്‍ എമിറേറ്റ്‌സ് ഐ ഡി സമര്‍പ്പിക്കണമെന്ന തരത്തില്‍ ഒരു സ്വകാര്യ കമ്പനിക്കും ആവശ്യപ്പെടാനാകില്ല. ഇതിന് ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും ഐഡി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, പ്രത്യേക കോടതിയുത്തരവിലൂടെ കാര്‍ഡുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വകുപ്പ് അനുവാദം നല്‍കുന്നുണ്ട്.
പുറമെ വായിക്കാനാവുന്ന വിവരണങ്ങളും ഉള്ളില്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ ലഭ്യമാക്കാവുന്ന മുഴുവന്‍ വിവരങ്ങളും അടങ്ങിയിട്ടുള്ള പ്രത്യേകം ചിപ്പും പ്രത്യേകം നമ്പര്‍ കോഡുമടങ്ങുന്നതാണ് ഐ ഡിയുടെ ഘടന. എല്ലാ സമയത്തും കാര്‍ഡ് കൈയില്‍ കരുതണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. കാര്‍ഡ് കളഞ്ഞുകിട്ടിയാല്‍ ഉടനെ അടുത്തുള്ള പോലീസ്, ഐ ഡി കേന്ദ്രങ്ങളില്‍ ഏല്‍പിക്കണം. മറ്റുള്ളവരുടെ കാര്‍ഡ് കൈയില്‍വെക്കാന്‍ ആര്‍ക്കും അധികാരവുമില്ല. നിയമ നിര്‍വഹണത്തിനിടെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കാര്‍ഡ് നല്‍കേണ്ടിവന്നാല്‍ത്തന്നെ അദ്ദേഹത്തിന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യണം.
കാര്‍ഡ് ഒരുതരത്തിലും കേട് വരുത്താതെ സൂക്ഷിക്കേണ്ടതുണ്ട്. ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് 600530003 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെയോ മനസ്സിലാക്കാം.