Connect with us

Gulf

ഡിഷ് ആന്റിനകള്‍ക്കെതിരെ നടപടിയുമായി ഷാര്‍ജ നഗരസഭ

Published

|

Last Updated

ഷാര്‍ജ: അനധികൃതമായി കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഡിഷ് ആന്റിനകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഷാര്‍ജ നഗരസഭ. സാറ്റലൈറ്റ് ഡിഷുകള്‍ക്കും കെട്ടിടങ്ങളുടെ ബാല്‍കണികളിലും ജനലുകളിലും വസ്ത്രങ്ങള്‍ ആറാനിടുന്നതിനുമെതിരെ ശക്തമായ കാമ്പയിനാണ് നഗരസഭ തുടക്കമിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ശക്തമായ ബോധവത്ക്കരണ പരിപാടികളാണ് പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നഗരസഭയിലെ സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ നദ സഈദ് അല്‍ സുവൈദി വ്യക്തമാക്കി.
കാമ്പയിന്റെ ഭാഗമായി വിവിധ മേഖലകളില്‍ നോട്ടീസുകളും വിതരണം ചെയ്യുന്നുണ്ട്. സാറ്റലൈറ്റ് ഡിഷുകള്‍ എടുത്തുമാറ്റണമെന്ന സന്ദേശമാണ് ഇവയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് അവ എടുത്തുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കും. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം അനധികൃത സാറ്റലൈറ്റ് ഡിഷുകളും ബാല്‍കണിയില്‍ ആറാനിട്ട വസ്ത്രങ്ങളും എടുത്തു മാറ്റിയില്ലെങ്കില്‍ 500 ദിര്‍ഹം പിഴ ചുമത്തും.
ഇത്തരം പ്രവണതകള്‍ക്കെതിരെ നേരത്തെ നഗരസഭ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് അത് ശക്തമായി നടപ്പാക്കാന്‍ തുടങ്ങുന്നത്. സര്‍ക്കുലറിനൊപ്പം ജനങ്ങളെ ബോധവത്കരിക്കാനായി നോട്ടീസുകളും നല്‍കുന്നുണ്ട്. ജനലുകളിലും കെട്ടിടത്തിന് മുകളിലും അനധികൃത സാറ്റലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കുന്നത് നഗരഭംഗിക്ക് ഭംഗംവരുത്തുമെന്ന സന്ദേശമാണ് ബോധവത്കരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന നോട്ടീസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എല്ലാ താമസക്കാരിലും സന്ദേശം എത്തുന്നത് വരെ ബോധവത്കരണത്തിന്റെ ഭാഗമായുള്ള സര്‍ക്കുലര്‍, നോട്ടീസ് വിതരണങ്ങള്‍ തുടരും.
അറബിക്, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, ഹിന്ദി എന്നീ നാലു ഭാഷകളിലായാണ് നോട്ടീസുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഷാര്‍ജ എമിറേറ്റിന്റെ ഭംഗിക്ക് കോട്ടം വരാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എമിറേറ്റിന്റെ മുഴുവന്‍ ഭാഗങ്ങളിലും നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.
നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്ന പക്ഷം നഗരസഭയുടെ ഹോട്‌ലൈന്‍ നമ്പറായ 993ല്‍ ബന്ധപ്പെടണമെന്നും ലഭിക്കുന്ന പരാതികളില്‍ വളരെ പെട്ടെന്ന് നടപടി സ്വീകിരിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായും അല്‍ സുവൈദി പറഞ്ഞു.

Latest