Connect with us

Ongoing News

സുജിത്തിന് സ്‌പെയ്‌നില്‍ പരിശീലനം നടത്തണം, പക്ഷേ എങ്ങനെ?

Published

|

Last Updated

എടക്കര: സുബ്രതോകപ്പില്‍ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിന്റെ സുജിത്തിന്റെ ലക്ഷ്യങ്ങളെ കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ പിന്നോട്ട് വലിക്കുന്നു. സ്‌പെയിനില്‍ പോയി മികച്ച പരിശീലനം നേടണമെന്നാണ് സുജിത്തിന്റെ ആഗ്രഹം. സഹായഹസ്തവുമായി ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിലാണ് നാളെയുടെ താരം. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ ടീമിന്റെ അക്രമണങ്ങളെ ചെറുത്ത് തോല്‍പിച്ച സുജിത്ത് പന്ത്രണ്ടോളം സേവുകളാണ് നടത്തിയത്.
മുപ്പത് വര്‍ഷം മുമ്പ് നിര്‍മിച്ച വീട്ടിലാണ് സുജിത്തും മാതാപിതാക്കളും സഹോദരനും താമസിക്കുന്നത്. കളിക്കളത്തിലെ പ്രകടനങ്ങള്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളുമൊന്നും നശിക്കാതെ സൂക്ഷിക്കാന്‍ പോലും ഇടമില്ല വീട്ടില്‍. പിതാവ് ശശി കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ബ്രസീല്‍ ടീമുമായി മികച്ച പ്രകടനം പുറത്തെടുത്ത് ഫുട്‌ബോള്‍ പ്രേമികളുടെ കണ്ണിലുണ്ണിയായി മാറിയ സുജിത്ത് സ്വീകരണ തിരക്കുകള്‍ക്ക് ശേഷം വീട്ടിലേക്കല്ല മടങ്ങിയത്. പന്ത് തട്ടി വളര്‍ന്ന കരിയംമുരിയം വനത്തിനുള്ളിലെ ഗ്രൗണ്ടിലേക്ക്. ചെറുപ്പം മുതലേ ഗോളിയാകാനായിരുന്നു സുജിത്തിന് താത്പര്യം. സുജിത്ത് ഗോള്‍ പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ചാല്‍ എതിര്‍ ടീമിന് വല ചലിപ്പിക്കാന്‍ നന്നായി വിയര്‍ക്കേണ്ടി വരുമെന്ന് കൂട്ടുകാരും പറയുന്നു. സ്‌കൂള്‍ വിട്ടാല്‍ നേരെ ഗ്രൗണ്ടിലേക്ക് പോകുന്ന സുജിത്തിനെ വീട്ടുകാര്‍ പലപ്പോഴും ശാസിച്ചിരുന്നു. എന്നാല്‍ സുജിത്തിന്റെ കളിക്കമ്പത്തിന് മുന്നില്‍ വീട്ടുകാരാണ് തോറ്റുപോയത്. അയല്‍വാസിയായ രതീഷാണ് ഫുട്‌ബോളിനോടുള്ള സുജിത്തിന്റെ താത്പര്യം തിരിച്ചറിഞ്ഞ് പരിശീലനത്തിന് പ്രേരിപ്പിച്ചത്. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലെ കായിക അധ്യാപകനായ കമാലായിരുന്നു പരിശീലകന്‍. ഒന്നു മുതല്‍ ഒന്‍പത് വരെ പാലേമാട് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ മലപ്പുറം എം എസ് പിയില്‍ പ്രവേശനം നേടി. ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ നിലക്കാത്ത അഭിനന്ദന പ്രവാഹങ്ങള്‍ ലഭിക്കുമ്പോഴും മികച്ച പരിശീലനത്തിന് വഴികള്‍ തേടുകയാണ് ഈ ഫുട്‌ബോള്‍ പ്രതിഭ.

Latest