Connect with us

Ongoing News

യുഫേഫ ചാമ്പ്യന്‍സ് ലീഗ്: റയല്‍, ആഴ്‌സണല്‍ ജയിച്ചു

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ ലിവര്‍പൂളിനെതിരെ റയല്‍മാഡ്രിഡിന്റെ കരുത്തറിയിക്കല്‍. നിലവില്‍ കിരീടാവകാശികളായ സ്പാനിഷ് ക്ലബ്ബ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് പ്രതിനിധികളെ തകര്‍ത്തെറിഞ്ഞത്. നിലവിലെ റണ്ണേഴ്‌സപ്പായ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡും ശക്തിപ്രകടനം നടത്തി. മടക്കമില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അവര്‍ മാല്‍മോ എഫ് എഫിനെ പരാജയപ്പെടുത്തി. ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ ജുവെന്റസിനെ ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യാകോസ് അട്ടിമറിച്ചപ്പോള്‍ തുര്‍ക്കിയില്‍ ഗലാത്‌സരെയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ജര്‍മന്‍ ടീം ബൊറൂസിയ ഡോട്മുണ്ട് കീഴടക്കിയത്. ബയെര്‍ ലെവര്‍കുസന്‍, ലുഡോ റാസ്‌ഗ്രെഡ്‌സ് ക്ലബ്ബുകളും ജയം കണ്ടു. മൊണാക്കോ-ബെന്‍ഫിക്ക ഗോള്‍രഹിതം. ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍ 2-1ന് ആന്‍ഡര്‍ലെറ്റിനെതിരെ നേടിയ ജയമാണ് ഏറ്റവും ആവേശകരം. എവേ മത്സരത്തില്‍, ആഴ്‌സണലിന്റെ രണ്ട് ഗോളുകള്‍ അവസാന രണ്ട് മിനുട്ടിലായിരുന്നു.
ആന്‍ഫീല്‍ഡില്‍ റയലിന്റെ
വിശ്വരൂപം
യൂറോപ്പില്‍ മികച്ച റെക്കോര്‍ഡുള്ള ലിവര്‍പൂളിന് റയലിനെതിരെയും റയലിന്റെ കോച്ച് കാര്‍ലോ ആഞ്ചലോട്ടിക്കെതിരെയും മികച്ച ഭൂതകാലമായിരുന്നു. 2009 ല്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ 4-0നാണ് റയലിനെ തകര്‍ത്തുവിട്ടത്. 2005 ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ എ സി മിലാനെതിരെ ആദ്യ പകുതിയില്‍ 4-0ന് തകരുകയും, ചരിത്രപ്രസിദ്ധമായ തിരിച്ചുവരവിലൂടെ കിരീടമുയര്‍ത്തുകയും ചെയ്തു. ഇത്തവണ, പക്ഷേ റയലും ആഞ്ചലോട്ടിയും മധുരപ്രതികാരം ചെയ്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോളിന് പിന്നാലെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയുടെ ഡബിളും ചേര്‍ന്നപ്പോള്‍ 3-0ന് റയല്‍ ജയിച്ചു കയറി. 2005 ല്‍ മിലാന് ശേഷം റയലാണ് ലിവര്‍പൂളിനെ യൂറോപ്പില്‍ ആദ്യ പകുതിയില്‍ കാല്‍ഡസന്‍ ഗോളുകള്‍ക്ക് പിറകിലാക്കിയത്. അതിന്റെ നിരാശ ലിവര്‍പൂള്‍ കളിക്കാരുടെ മുഖത്ത് നിഴലിക്കുകയും ചെയ്തു. ഇതിനിടെ, ലിവര്‍പൂളിന്റെ ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ മരിയോ ബലോടെല്ലി ആദ്യപകുതിക്ക് പിരിയുമ്പോള്‍ തന്റെ ജഴ്‌സി റയലിന്റെ പെപെയുമായി കൈമാറ്റം ചെയ്തു. മത്സരം പൂര്‍ത്തിയായതിന് ശേഷം കളിക്കാര്‍ തമ്മില്‍ സൗഹാര്‍ദപരമായി ചെയ്യുന്നതാണിത്. 3-0ന് പിറകിലായതോടെ, മത്സരം പൂര്‍ത്തിയായെന്ന മട്ടിലാണ് ബലോട്ടെല്ലി പെരുമാറിയത്.
ഇത് ലിവര്‍പൂള്‍ ക്ലബ്ബിന് തന്നെ നാണക്കേടായെന്ന് ജാമി കാരഗറിനെ പോലുള്ള മുന്‍ താരങ്ങള്‍ കുറ്റപ്പെടുത്തി. ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡും സഹതാരത്തിന്റെ പ്രവര്‍ത്തിയില്‍ അമ്പരപ്പ് പ്രകടിപ്പിച്ചു. കോച്ച് ബ്രെന്‍ഡന്‍ റോജേഴ്‌സ് ദേഷ്യത്തിലാണ്. രണ്ടാം പകുതിയില്‍ ബലോടെല്ലിക്ക് പകരം ആദം ലല്ലാനയെ കോച്ച് കളത്തിലിറക്കുകയും ചെയ്തു. ലിവര്‍പൂള്‍ മാനേജ്‌മെന്റ് ബലോടെല്ലിയോട് വിശദീകരണം തേടും. വിവാദങ്ങളുടെ തോഴനായ ബലോടെല്ലി ചെല്ലുന്നിടത്തെല്ലാം പ്രശ്‌നമാണ്.
ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് റോബര്‍ട്ടോ മാന്‍സിനിയുമായി തമ്മിലടിച്ചാണ് ഇറ്റലിയിലെ മിലാനിലേക്ക് കൂടുമാറിയത്. അവിടെയും, സ്വഭാവശുദ്ധി വരുത്താന്‍ ബലോടെല്ലി തയ്യാറായില്ല. കോച്ച് സീഡോര്‍ഫുമായി പലപ്പോഴും ഉടക്കായിരുന്നു. ലൂയിസ് സുവാരസിന് പകരം ലിവര്‍പൂളിന്റെ മുന്‍നിരയിലെത്തിയ ബലോടെല്ലിക്ക് ഇനിയും ഫോമിലേക്കുയരാന്‍ സാധിച്ചിട്ടില്ല.
കൊളംബിയന്‍ താരം ഹാമിഷ് റോഡ്രിഗസിന്റെ ചിപ് ബോള്‍ ഫസ്റ്റ് ടച്ചില്‍ വലയിലെത്തിച്ച് ഇരുപത്തിമൂന്നാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റയലിനെ മുന്നിലെത്തിച്ചു. ഇതാകട്ടെ, ചാമ്പ്യന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍സ്റ്റാറിന്റെ എഴുപതാം ഗോളും. റയലിന്റെ ഇതിഹാസതാരം റൗള്‍ ഗോണ്‍സാലസിന്റെ 71 ഗോളുകള്‍ എന്ന റെക്കോര്‍ഡിന് അധികം ആയുസില്ല. മുപ്പതാം മിനുട്ടില്‍ ഹെഡറിലൂടെയും നാല്‍പ്പത്തൊന്നാം മിനുട്ടില്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെയും ബെന്‍സിമ അവസരോചിത സ്‌ട്രൈക്കറുടെ മികവ് കാണിച്ചു.
ഗ്രൂപ്പ് ബിയില്‍ മൂന്ന് കളിയും ജയിച്ച് റയല്‍ ഒമ്പത് പോയിന്റോടെ ഒന്നാമതാണ്. മൂന്ന് പോയിന്റോടെ ലുഡോ റാസ്‌ഗ്രേഡ്‌സ്, ലിവര്‍പൂള്‍, എഫ് സി ബാസല്‍ ക്ലബ്ബുകള്‍ക്ക് മൂന്ന് പോയിന്റ് വീതം.
വെംഗര്‍ക്ക് പിറന്നാള്‍ സമ്മാനം
അറുപത്തഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ തന്റെ ടീം തോല്‍വിയിലേക്ക് നീങ്ങുന്നതില്‍ ടെന്‍ഷനടിച്ചു നിന്നു. 71 ാം മിനുട്ടില്‍ ആന്‍ഡി നാജര്‍ നേടിയ ഗോളില്‍ ആന്‍ഡെര്‍ലെറ്റ് 1-0ന് നാട്ടുകാര്‍ക്ക് മുന്നില്‍ ലീഡെടുത്തു. ആഴ്‌സണലിന്റെ തിരിച്ചടി അവസാന രണ്ട് മിനുട്ടുകളിലായിരുന്നു. എണ്‍പത്തൊമ്പതാം മിനുട്ടില്‍ ലെഫ്റ്റ് ബാക്ക് കീരന്‍ ഗിബ്‌സിന്റെ തകര്‍പ്പന്‍ വോളി ഗണ്ണേഴ്‌സിന് സമനിലയൊരുക്കി. തൊട്ടടുത്ത മിനുട്ടില്‍ ജര്‍മന്‍ ഫോര്‍വേഡ് ലുകാസ് പൊഡോള്‍സ്‌കിയുടെ ക്ലോസ് റേഞ്ച് ഗോള്‍. ആന്‍ഡര്‍ലെറ്റിനെ ഞെട്ടിച്ചു കൊണ്ട് ആഴ്‌സണലിന്റെ ഗംഭീര പ്രകടനം. ചാമ്പ്യന്‍സ് ലീഗിലെ അവസാന പതിനൊന്ന് മത്സരങ്ങളിലും ജയമില്ലാത്ത ടീമായി ഇതോടെ ആന്‍ഡര്‍ലെറ്റ്. ഗ്രൂപ്പ് ഡിയില്‍ ആറ് പോയിന്റോടെ ആഴ്‌സണല്‍ രണ്ടാം സ്ഥാനത്ത്. മൂന്ന് കളിയും ജയിച്ച ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോട്മുണ്ട് ഒമ്പത് പോയിന്റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
പരാജയപ്പെട്ടിരുന്നെങ്കില്‍ ആര്‍സെന്‍ വെംഗര്‍ക്ക് നേരെ വിമര്‍ശത്തിന്റെ കൂരമ്പുകള്‍ കാണാമായിരുന്നുവെന്ന് ബി ബി സി റേഡിയോ കമെന്റേറ്ററും മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരവുമായ ഫില്‍ നെവില്‍ പറഞ്ഞു. 75ാം മിനുട്ടില്‍ സ്‌ട്രൈക്കര്‍ ഡാനി വെല്‍ബെക്കിന് പകരം കാംബെലിനെ കളത്തിലിറക്കിയ വെംഗറുടെ ചൂതാട്ടമാണ് വിജയം കണ്ടത്. എണ്‍പത് മിനുട്ടും ആഴ്‌സണല്‍ മോശം ഫുട്‌ബോളാണ് കാഴ്ചവെച്ചതെന്ന് നെവില്‍ പറഞ്ഞു. എന്നാല്‍, അവസാന ഇരുപത് മിനുട്ട് ഗണ്ണേഴ്‌സ് നിലവാരം പുലര്‍ത്തി.
ഗലാത്‌സരെക്കെതിരെ ബൊറൂസിയക്ക് വന്‍ ജയമൊരുക്കിയത് ഓബമയോംഗിന്റെ ആദ്യ പകുതിയിലെ ഡബിളാണ്. റ്യൂസ് (41), റാമോസ്(83) പട്ടിക തികച്ചു.
അത്‌ലറ്റിക്കോയുടെ കുതിപ്പ്
ഗ്രൂപ്പ് എയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വീഡിഷ് ക്ലബായ മാല്‍മോയെ മടക്കമില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തു. കൊക്കെ, മാന്‍ഡ്‌സുകിച്ച്, ഗ്രീസ്മാന്‍, ഗോഡിന്‍, സെര്‍സി എന്നിവരാണ് സ്‌കോറര്‍മാര്‍. മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്റുള്ള അത്‌ലറ്റിക്കോയാണ് ഗ്രൂപ്പില്‍ ഒന്നാമത്. യുവന്റസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച ഒളിംപ്യാക്കോസാണ് ഗ്രൂപ്പില്‍ രണ്ടാമത്. അവര്‍ക്കും ആറ് പോയിന്റാണുള്ളത്. 35ാം മിനിറ്റില്‍ കസാമിയാണ് ഒളിംപ്യാക്കോസിന്റെ സ്‌കോറര്‍.
ഗ്രൂപ്പ് സിയില്‍ സെനിതിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച ബയര്‍ ലെവര്‍ക്യുസനാണ് ഗ്രൂപ്പ് സിയില്‍ ഒന്നാമത്. ആറ് പോയിന്റൊണ് ലെവര്‍ക്യുസനുള്ളത്. ഡൊണാറ്റി, പാപഡോപൗലോസ് എന്നിവരാണ് ഗോള്‍ നേടിയത്. നാസിമെന്റോ ബോര്‍ഗെസ് ചുവപ്പു കാര്‍ഡ് കണ്ട് മടങ്ങിയതിനെ തുടര്‍ന്ന് പത്തുപേരെയും വച്ചാണ് ബയര്‍ കളിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബെനിഫിക്ക മൊണാക്കോയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. മൊണാക്കോയാണ് അഞ്ചു പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമത്.

Latest