Connect with us

Malappuram

നിലമ്പൂര്‍ ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സിയെ ചുമതലപ്പെടുത്തി

Published

|

Last Updated

പെരിന്തല്‍മണ്ണ: കൊടികുത്തിമല ടൂറിസം വികസന പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സിയെ ചുമതലപ്പെടുത്തിയതായി നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു.
കൊടികുത്തി മലയില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളാണ് ഫോറസ്റ്റ് ഏജന്‍സി നടത്തുക. കൊടികുത്തി മലയില്‍ മൂന്ന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
റോഡ് നിര്‍മാണവും ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള ഭൗതിക സൗകര്യ വികസനവുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇക്കോ ടൂറിസം പദ്ധതിയിലേക്കുള്ള ആറ് കിലോമീറ്ററോളം വരുന്ന റോഡിന്റെ 1.60 കിലോമീറ്റര്‍ വനത്തിനുള്ളിലാണ്. ഈ റോഡിന്റെ നിര്‍മാണത്തിന് മാത്രമായി 60 ലക്ഷം രൂപ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആറു കോടി രൂപ ചിലവില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണം വനാതിര്‍ത്തിയില്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
വനപ്രദേശത്തെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ വനം, ടൂറിസം വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നേരത്തെ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൊടികുത്തി മലയിലെ വാച്ച് ടവര്‍ നവീകരണം ഉള്‍പ്പടെയുള്ള പദ്ധതികള്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സി വഴി നടപ്പാക്കും. ടൂറിസം മേഖലയുടെ പരിചരണം വനം സംരക്ഷണ സമിതിയെ ഏല്‍പ്പിക്കുന്നതിനും നടപടി സ്വീകരിക്കും.
വനം വകുപ്പിന്റെ ഭൂമിയില്‍ ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പടുത്തിയാണ് ഇനിയുള്ള നിര്‍മാണ പ്രവൃത്തികള്‍ നടത്തുക. ഇതുമായി ബന്ധപ്പെട്ട് വനം, ടൂറിസം വകുപ്പുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയുണ്ടായിട്ടും നിലവില്‍ ഒട്ടേറെ പേര്‍ കൊടികുത്തി മലയുടെ സൗന്ദര്യം ആസ്വദിക്കാനായി എത്താറുണ്ട്. വാച്ച് ടവര്‍, ആത്മഹത്യാ മുനമ്പ് തുടങ്ങിയവ നവീകരിച്ച് കൂടുതല്‍ ആകര്‍ഷകമാവുന്നതോടെ സംസ്ഥാനത്തെ തന്നെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായി കൊടികുത്തി മല മാറും.