Connect with us

Malappuram

വാഴക്കുലകള്‍ പഴുപ്പിക്കുന്നതിന് മാരക വിഷവസ്തുക്കള്‍ ഉപയോഗിക്കുന്നു

Published

|

Last Updated

കോട്ടക്കല്‍: ജില്ലയില്‍ വില്‍പ്പനക്കെത്തുന്ന വാഴക്കുലകള്‍ പഴുപ്പിക്കുന്നത് മാരക വിഷവസ്തുക്കള്‍ ഉപയോഗിച്ചെന്ന് ആരോപണം.
അയല്‍ ജില്ലകളില്‍ നിന്നും അന്യസംസ്ഥാനത്തു നിന്നും എത്തുന്ന വാഴക്കുലകള്‍ പഴുപ്പിക്കുന്നതിനാണ് മാരക വിഷവസ്തുക്കള്‍ ഉപയോഗിക്കുന്നത്. ശരിയായ മൂപ്പെത്താത്ത പച്ചക്കുലകളാണ് വില്‍പ്പനക്കായി മാര്‍ക്കറ്റുകളില്‍ എത്തുന്നത്.
തോട്ടങ്ങളില്‍ നിന്നും ഒന്നിച്ചെടുത്ത് പ്രധാന നഗരങ്ങളിലെ മാര്‍ക്കറ്റുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇവ പുകവച്ച് പഴുപ്പിച്ചാണ് കടകള്‍ക്ക് നല്‍കുന്നത്. നേരത്തെ പച്ചക്കുലകള്‍ പഴുപ്പിക്കാന്‍ കാര്‍ബൈഡ് പൊടി വിതറിയിരുന്നുവെങ്കില്‍ ഇപ്പോള്‍ കൊതുകു തിരികളും വിഷാംശങ്ങള്‍ കലര്‍ന്ന രാസപാദാര്‍ഥങ്ങളുമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. വേഗത്തില്‍ പഴുക്കാനാണ് ഇത്തരം മാരക വിഷാംശ വസ്തുക്കള്‍ ഉപയോഗിക്കുന്നത്.
ഇത്തരത്തില്‍ പഴുപ്പിക്കുന്ന വാഴക്കുലകളില്‍ ഇവയുടെ പുക കലരാന്‍ സാധ്യത ഏറെയാണ്. ഇതാവട്ടെ വന്‍ അപകടകാരിയുമാണ്. മറ്റ് പഴങ്ങളുടെ തൊലിയേക്കാള്‍ സുതാര്യമായ തൊലിയാണ് വാഴപ്പഴങ്ങള്‍ക്കെന്നിരിക്കെ ഇവ പഴങ്ങളില്‍ വേഗത്തില്‍ ചേരുന്നതിനും ഇടവരുത്തുന്നുണ്ട്. കൊതുകു തിരിയും മറ്റും മണിക്കൂറുകളോളം കത്തിച്ച് വെക്കുമ്പോള്‍ ഇവയിലടങ്ങിയ രാസവസ്തുക്കള്‍ പഴങ്ങളിലേക്ക് കയറും. ഇത്തരം പഴങ്ങള്‍ ഭക്ഷിക്കുമ്പോള്‍ ഛര്‍ദി, വിറയല്‍, ശരീരം ചൊറിച്ചില്‍ എന്നിവ ഉണ്ടാക്കും. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് ഇടവരുത്തും. നേരത്തെ മാമ്പഴം, മുന്തിരി എന്നിവ പഴുപ്പിക്കുന്നതിനും ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. വാഴകൃഷിയില്‍ തന്നെ ഒട്ടേറെ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പുറമെയാണ് പഴുപ്പിക്കാനായി ഇത്തരം രാസവസ്തുക്കള്‍ കൂടി ഉപയോഗിക്കുന്നത് എന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. യൂറിയ, പൊട്ടാസ് എന്നിവയാണ് കര്‍ഷകര്‍ വാഴകൃഷിയില്‍ ഉപയോഗിക്കുന്നത്.
കൃഷിയുടെ ആദ്യഘട്ടത്തിലും കുല വരുമ്പോഴുമാണ് ഇവ ഉപയോഗിക്കുന്നത്. വേഗത്തില്‍ വളരാനും കുല നന്നാവാനുമാണ് കര്‍ഷകര്‍ ഇത് ചെയ്യുന്നത്. ഇതിന് പുറമെ പഴുപ്പിക്കാനും വിഷാംശ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ വാഴക്കുല മാരക വിഷാംശ വസ്തുവായി മാറുകയാണ്. ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ നടക്കാത്തതാണ് ഇത്തരത്തില്‍ വാഴക്കുലകള്‍ പഴുപ്പിക്കുന്നതിന് കാരണമാകുന്നത്. പരമ്പരാഗത രീതിയില്‍ പഴം പഴുപ്പിക്കുന്ന ശീലം പാടെ കൈയൊഴിഞ്ഞ അവസ്ഥയാണ് നിലവിലുള്ളത്. ചകിരി പുകപ്പിച്ചും മറ്റുമായിരുന്ന ആദ്യ കാലങ്ങളില്‍ കര്‍ഷകര്‍ പഴം പഴുപ്പിച്ചെടുത്തിരുന്നത്. കച്ചവട കണ്ണാണ് ഇപ്പോള്‍ വിഷ വസ്തുക്കളിലേക്ക് നീങ്ങാന്‍ കാരണമാകുന്നത്.

 

Latest