Connect with us

Malappuram

തൊഴിലുറപ്പ് പദ്ധതി: അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും

Published

|

Last Updated

മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യം ലക്ഷ്യമിട്ട് ആറ് ബ്ലോക്കുകളില്‍ ആസൂത്രണ പ്രക്രിയയിലൂടെ ലേബര്‍ ബജറ്റ് തയ്യാറാക്കും.
കേന്ദ്ര ഗ്രാമ വികസന മന്ത്രാലായത്തിന്റെ പുതിയ മാര്‍ഗ നിര്‍ദേശത്തിനനുസരിച്ചാണ് ലേബര്‍ ബജറ്റ് തയ്യാറാക്കുക. ജില്ലയിലെ ആറ് ബ്ലോക്കുകളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കാളികാവ്, നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ ബ്ലോക്കുകളെയാണ് തിരഞ്ഞെടുത്തത്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രയോജനകരമാവുന്ന വിധത്തില്‍ അവരുടെ ഭൂമിയില്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുക, ജീവനോപാധികള്‍ സുസ്ഥിരമാക്കുന്നതിനുള്ള ആസ്തികള്‍ ഉണ്ടാക്കുക, കാര്‍ഷിക മേഖലക്ക് മുന്‍ഗണന നല്‍കുക, പൊതു ആസ്ഥികള്‍ സൃഷ്ടിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുക്കുക എന്നിവ ലക്ഷ്യമിട്ടാണ് പങ്കാളിത്ത ആസൂത്രണ പ്രക്രിയ നടപ്പാക്കുന്നത്.
ബ്ലോക്ക് തലത്തില്‍ രൂപവത്ക്കരിക്കുന്ന പ്ലാനിംഗ് ടീമുകളുടെയും ഗ്രാമപ ഞ്ചായത്ത് പ്ലാനിംഗ് ടീമുകളുടെയും നേതൃത്വത്തിലാണ് ആസൂത്രണ പ്രവര്‍ത്തനം നടത്തുക. ഊര്‍ജിത പങ്കാളിത്ത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് എടക്കര പഞ്ചായത്തില്‍ നിര്‍വഹിക്കും.
ലേബര്‍ ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി സമഗ്ര സര്‍വെ നടത്തും. ഒക്‌ടോബര്‍ 30നകം സര്‍വെ പൂര്‍ത്തിയാക്കും. നൂറ് ശതമാനം പട്ടികവിഭാഗക്കാരെയും ബി പി എല്‍ കുടുംബങ്ങളെയും തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്നതിനും പുതിയ ലേബര്‍ ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. നവംബര്‍ 30നകം ലേബര്‍ ബജറ്റ് തയ്യാറാക്കും.
ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സെന്റര്‍ ഫോര്‍ മാനെജ്‌മെന്റ് ഡെവലപ്‌മെന്റിലെ ഡോ. സതീഷ്, ഗ്രാമവികസന വകുപ്പ് മുന്‍ അഡീഷനല്‍ ഡെവലപ്‌മെന്റ് കമ്മീഷനര്‍ മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി വനജ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി ഡി ഫിലിപ്പ്, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest