Connect with us

Kozhikode

കൊടുവള്ളിയിലെ അനധികൃത നിര്‍മാണം: നോട്ടീസ് മാറ്റിനല്‍കണം

Published

|

Last Updated

കൊടുവള്ളി: ഗ്രാമപഞ്ചായത്തില്‍ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ നടക്കുന്നുവെന്ന പരാതിയില്‍ ചില കെട്ടിട ഉടമകള്‍ക്ക് സെക്രട്ടറി നല്‍കിയ നോട്ടീസ് മാറ്റിനല്‍കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശിച്ചു. നിര്‍ദിഷ്ട മാതൃകയിലല്ല നോട്ടീസ് നല്‍കിയതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ നടക്കുന്നതായി മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എടക്കണ്ടി നാസര്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ഒക്ടോബര്‍ ഒന്നിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് നല്‍കിയ നോട്ടീസ് പിന്‍വലിച്ച് യഥാര്‍ഥ ഉടമസ്ഥന് നല്‍കാനും വാണിജ്യാവശ്യത്തിന് അനുമതി നല്‍കിയ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ താമസസൗകര്യത്തിന് ലൈസന്‍സ് അനുവദിച്ചത് പരിശോധിക്കാനും നിര്‍ദേശമുണ്ട്. ഈ കെട്ടിടത്തിന് പിറകില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ അനധികൃത ഷെഡ് കെട്ടിയെന്നും കക്കൂസ് മാലിന്യ ടാങ്ക് സ്‌ളാബിട്ട് മൂടാതെ തുറന്നിട്ടെന്നുമുള്ള പരാതികളില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.